സൗജന്യ കിറ്റ് കേരളത്തിന്റെയോ കേന്ദ്രത്തിന്റെയോ ?

‘സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യകിറ്റ് കൊടുക്കുന്നത് ജനങ്ങളുടെ നികുതിപണം കൊണ്ടാണ്’ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ മാർച്ച് ആദ്യവാരവാരത്തോടെ പ്രസ്താവിക്കുന്നു. എന്നാൽ ‘സൗജന്യ ഭക്ഷ്യകിറ്റ് കേന്ദ്രസർക്കാരിന്റേതാണെന്ന വാദം വ്യാജ പ്രചാരണമെന്നും, കേന്ദ്രം നൽകിയതെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് കൊടുക്കുന്നില്ലാ’ എന്നും സംസ്ഥാന മുഖ്യമന്ത്രി മറുചോദ്യം ചോദിക്കുന്നു. ‘പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യം കിറ്റാക്കി വിതരണം ചെയ്തിട്ട് താൻ കൊടുക്കുന്നതാണെന്ന് ഞെളിഞ്ഞു നിന്ന് പറയാൻ ഉളുപ്പ് വേണം’ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വീണ്ടും. ഇതെല്ലാം കേൾക്കുന്ന കേരളം ആകെ കൺഫ്യൂഷനിലാകുന്നു. എന്താണ് യാഥാർഥ്യം..!! ‘സൗജന്യ കിറ്റെ’ന്ന ലോകം ശ്രദ്ധിച്ച ഈ മാതൃകയുടെ പിന്നാമ്പുറം എന്താണ്..? ആരും പട്ടിണി കിടക്കരുതെന്നും ആരെയും പട്ടിണി കിടത്തരുതെന്നും ഉള്ള കരുതൽ യഥാർത്ഥത്തിൽ ആരുടേതാണ്..?

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന/ PMGKY വഴി കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങളാണോ സംസ്ഥാനം കിറ്റിലാക്കി കൊടുക്കുന്നത് ..?

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന / PMGKY എന്ന 2016ലെ പദ്ധതിയിൽപ്പെടുത്തി 2020 മാർച്ചിൽ കൊവിഡ് പശ്ചാത്തലത്തിലാണ് ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന‘ എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം കേന്ദ്രം നടത്തുന്നത്. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തിനെ കൊവിഡ് മഹാമാരി കാലത്ത്‌ പട്ടിണിയിൽ നിന്നും കര കയറ്റുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം. ഏപ്രിൽ മുതൽ ജൂൺ വരെയായിരുന്നു പിഎം ഗരീബ് കല്യാണ്‍ അന്നയോജനയുടെ ആദ്യ കാലാവധിയെങ്കിലും പിന്നീട് നവംബര്‍ അവസാനം വരെ നീട്ടുകയായിരുന്നു.

PMGKAY ടെ സൗജന്യ കിറ്റിൽ എന്ത്..?

PMGKAYടേത് യഥാർത്ഥത്തിൽ ഒരു ‘കിറ്റ’ല്ല, മറിച്ചു രണ്ട് കൂട്ടം ധാന്യങ്ങൾ മാത്രമാണ്. അതായത് PMGKAY വഴി ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോ ഗോതമ്പ് അല്ലെങ്കിൽ അരി സൗജന്യമായി ലഭിക്കും. കൂടാതെ ഓരോ കുടുംബത്തിനും പ്രതിമാസം ഒരു കിലോ പയർ അല്ലെങ്കിൽ കടലയും സൗജന്യമായി അനുവദിക്കും. കേരളത്തിൽ ഏതാണ്ട് 38 ലക്ഷം പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്.

ഇനി ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ തന്നെയൊന്ന് ശ്രദ്ധിക്കാം. കഴിഞ്ഞ വർഷം ജൂൺ 30ന്‌ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച കൂട്ടത്തിൽ അന്നയോജന സ്‌കീം നവംബര്‍ അവസാനം വരെ നീട്ടിയതായി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഗരീബ് കല്യാൺ അന്ന യോജനയുടെ പരാമർശം ഇങ്ങനെയായിരുന്നു. ‘ഇന്ത്യയിലെ 80 കോടിയിലധികം ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ സൗജന്യ റേഷന്‍ നല്‍കി. അതിനര്‍ത്ഥം, കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം ഗോതമ്പോ അല്ലെങ്കിൽ അരിയോ സൗജന്യമായി നല്‍കി എന്നാണ്. കൂടാതെ, ഓരോ കുടുംബത്തിനും പ്രതിമാസം ഒരു കിലോഗ്രാം പയറോ അല്ലെങ്കിൽ കടലയോ സൗജന്യമായി നൽകിയിട്ടുണ്ട്. രാജ്യത്തു ഇനി ആഘോഷങ്ങളുടെ കാലമാണ് വരുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബര്‍ അവസാനം വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.’

അങ്ങനെ ഗരീബ് കല്യാണ്‍ അന്ന യോജന ഒന്നാം ഘട്ടം വഴി 121 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും രണ്ടാം ഘട്ടത്തിൽ 201 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും കേന്ദ്രം രാജ്യത്താകമാനം സൗജന്യമായി അനുവദിച്ചിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു.

PMGKAY വഴി കേരളത്തിന് കിട്ടിയത്, വിതരണം ചെയ്തത് ..?

PMGKAY ടെ ആദ്യഘട്ടത്തിൽ അതായത് 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലം കൊണ്ട് കേരളത്തിന് 2,32,200.18 മെട്രിക് ടൺ അരിയും , കടല അല്ലെങ്കിൽ പയർ 11,214 മെട്രിക് ടണ്ണും നൽകിയിട്ടുണ്ട് കേന്ദ്രം. അതുപോലെ രണ്ടാം ഘട്ടമായ 2020 ജൂലൈ മുതൽ നവംബർ വരെയുള്ള കാലം കൊണ്ട് 2,89,923 മെട്രിക് ടൺ അരി, 70,782 മെട്രിക് ടൺ ഗോതമ്പ്, 18,310 മെട്രിക് ടൺ കടല അല്ലെങ്കിൽ പയറും കേന്ദ്രം നൽകിയിട്ടുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാൽ സംസ്ഥാനത്തെ മൊത്തം റേഷൻ കാർഡ് ഉടമകളിൽ ഏതാണ്ട് 40% കുടുംബങ്ങൾക്ക് പിഎം ഗരീബ് കല്യാൺ അന്നയോജന ആനുകൂല്യം കിട്ടി. അതായത് NHSA COVERAGE അഥവാ മഞ്ഞ-പിങ്ക് കാർഡ് ഉള്ള 38 ലക്ഷം ആളുകളിൽ ഏതാണ്ട് 96%പേർക്കും ഈ ആനുകൂല്യം കൈപറ്റാനായി.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി ലഭിച്ച അരിയും ഗോതമ്പും കൃത്യമായ സമയത്ത്‌ തന്നെ സംസ്ഥാനം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൽ നിന്നും പയർ വർഗ്ഗങ്ങൾ എത്താനുണ്ടായ താമസം മൂലം അതിൻറെ വിതരണം നീട്ടേണ്ടി വന്നിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നവംബറോട് കൂടി അവസാനിക്കുകയും ലഭിച്ചതിന്റെ 96%വും വിതരണം ചെയ്യാൻ സാധിച്ചിട്ടുമുണ്ടെന്ന് സപ്ലൈകോ പറയുന്നു.

നേരിൽ കണ്ടതും കേട്ടതും

നവംബര്‍ വരെ നീട്ടുന്ന പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ അന്നയോജന വഴി 80 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകും എന്ന് രണ്ടു തവണയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ സകല മാധ്യമങ്ങളും, സമൂഹമാധ്യമങ്ങളും ഈ വരികൾ വലിയ പ്രാധാന്യത്തോടെ കൊടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യ 136.64 കോടിയായിരിക്കെ കേന്ദ്രത്തിന്റെ ഈ ആനുകൂല്യം എല്ലാവർക്കും കിട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്.

പിന്നെ കേന്ദ്രം നൽകുന്ന ഈ പദ്ധതിയിൽ 5 കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ അരി കൂടാതെ ഒരു കിലോഗ്രാം പയർ അല്ലെങ്കിൽ കടല മാത്രമാണ് ഉൾപ്പെടുത്തുന്നത് എന്നും പ്രധാനമന്ത്രി തന്നെ കൃത്യമായി പറയുന്നുണ്ട്. നമ്മുടെ അടുക്കളയിലേക്ക് സൗജന്യമായെത്തിയ കിറ്റിൽ ഇവ മാത്രമാണോ ഉണ്ടായിരുന്നത് അല്ലെങ്കിൽ ഉള്ളത് എന്ന് ആലോചിച്ചു നോക്കേണ്ട കാര്യം പോലുമില്ല.

കൂടാതെ ‘അന്ത്യോദയ അന്നയോജന’ വിഭാഗമെന്ന മഞ്ഞ കാർഡുകാർക്കും ‘ബിപിഎൽ’ എന്ന മുൻഗണന വിഭാഗക്കാർക്കും മാത്രമാണ് പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ അന്നയോജനയുടെ ആനുകൂല്യം ലഭിക്കുക. അതായത് 3.46 കോടി ജനസംഖ്യയുള്ള കേരളത്തിൽ ഏതാണ്ട് 38 ലക്ഷം പേർക്ക് മാത്രം.

കേരള സര്‍ക്കാറിന്റെ സൗജന്യ കിറ്റിൽ എന്ത്..?

കേന്ദ്ര സർക്കാർ നൽകിയ ഈ ആനുകൂല്യം, പിഎം ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മാത്രമാകുമ്പോൾ, കേരള സര്‍ക്കാർ കൊടുക്കുന്ന സൗജന്യ കിറ്റ് ‘സംസ്ഥാന ബജറ്റ് വിഹിത‘മാണ്. സൗജന്യ കിറ്റ് എന്ന് തന്നെ ഉറപ്പിച്ചു പറയാവുന്ന ഈ ആനുകൂല്യത്തിൽ 17 ഇനങ്ങൾ വരെ കേരള സര്‍ക്കാർ സവിശേഷ സാഹചര്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കൊടുത്തു വരുന്നത് 9 ഇനമാണ്.

സംസ്ഥാന സര്‍ക്കാറിന്റെ മാസംതോറുമുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചതും കൊവിഡ് പശ്ചാത്തലത്തിലാണ്. ഏറ്റവും താഴെത്തട്ടിൽ ഉള്‍പ്പെടുന്ന അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് കിറ്റ് നൽകിയാണ് കേരളവും വിതരണം ആരംഭിച്ചത്. 2020 ഏപ്രിൽ ആദ്യവാരം തന്നെ വിതരണ നടപടികൾ ആരംഭിച്ചിരുന്നു. മുൻഗണന വിഭാഗങ്ങൾക്ക് ഏപ്രിൽ 21നുള്ളിലും മറ്റുള്ളവർക്ക് ഏപ്രിൽ അവസാനത്തോടെയും കിറ്റ് വിതരണം പൂർത്തിയാക്കുകയായിരുന്നു. ഓരോരുത്തരുടെയും റേഷൻ കട വഴി തന്നെയാണ് കിറ്റുകൾ വിതരണം ചെയ്തത്. റേഷൻ കാർഡ് ഇല്ലാത്തവരെ വരെ സൗജന്യ കിറ്റിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുത്താനായിട്ടുണ്ട് സംസ്ഥാനത്തിന്. റേഷൻ കാർഡ് ഇല്ലാത്തവർ ‘ആധാർ കാർഡിനൊപ്പം സത്യവാങ്‌മൂലം’ ഹാജരാക്കിയാൽ സൗജന്യ കിറ്റ് നൽകണം എന്നൊരു നിർദേശം സർക്കാർ ഇതിനായി പുറപ്പെടുവിച്ചിരുന്നു.

കേരളത്തിന്റെ സൗജന്യകിറ്റിന്റെ അടിസ്ഥാനം-ക്രമീകരണം-വിതരണം

2020 ഏപ്രിലിലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് ആകെ 87,28,831 റേഷൻ കാർഡുകളാണ് ഉള്ളത്. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിന് മഞ്ഞ കാർഡ്, മുൻഗണന വിഭാഗത്തിന് പിങ്ക് കാർഡ്, സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക് നീല കാർഡ്, സാമ്പത്തികമായി മുൻപന്തിയിലുള്ള പൊതുവിഭാഗത്തിന് വെള്ള കാർഡ് എന്നിങ്ങനെ. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സാമൂഹിക നിലയെ അടിസ്ഥാനമാക്കി കാർഡുകളെ വർഗീകരിച്ചിട്ടുണ്ടെങ്കിൽ പോലും കൊവിഡ് പശ്ചാത്തലത്തിലെ ഈ സൗജന്യ കിറ്റ് വിതരണ പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗക്കാരെയും ഒരുപോലെ ഉൾകൊള്ളുകയായിരുന്നു.

ഇത്തരത്തിൽ കഴിഞ്ഞ ഏപ്രിൽ മാസത്തോടെ ആകെ 14,16,56,248 മെട്രിക് ടൺ അരിയും 1,57,09553 കിലോ ഗോതമ്പും 202,0232733 കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി സംസ്ഥാനം ജനങ്ങളിൽ എത്തിച്ചു. ഈ കണക്കുകൾ പറയുന്നത് 97.95% റേഷൻ കാർഡുടമകളിലേക്കും സൗജന്യ കിറ്റ് എത്തിയിട്ടുണ്ട് എന്നാണ്. കൂടാതെ റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക്, അഗതി മന്ദിരങ്ങൾക്ക്, സാമൂഹിക ക്ഷേമ മന്ദിരങ്ങൾക്ക്, അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒക്കെയും അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാൻ സംസ്ഥാനത്തിനായിട്ടുണ്ട്.

350 കോടി രൂപയാണ് CMDRF അഥവാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി മാറ്റി വെച്ചത്. സപ്ലൈക്കോ വഴിയായിരുന്നു ഇവിടെയും കിറ്റ് വിതരണം. കൊവിഡ് കാലത്തെ വെല്ലുവിളികൾ അതിജീവിച്ച്, പൊതുവിപണിയിൽ ‘ആവശ്യസാധന ലഭ്യത’ ഉറപ്പു വരുത്തി, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടഞ്ഞ്‌, സർവോപരി ഓരോ 12 മണിക്കൂറിലും സ്റ്റോക് നിലവാരവും വിലയും വിലയിരുത്തിയുമാണ് സർക്കാർ മാതൃകാപരമായ ഈ പ്രവർത്തനം കാഴ്ച വെച്ചത്. യാതൊരു അഴിമതിയാരോപണവും ഇതിനിടെ ഉയർന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതുവരെ 10 മാസത്തോളം സൗജന്യ ഭക്ഷ്യകിറ്റ് കേരള സർക്കാർ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ജനുവരിയിൽ പ്രഖ്യാപിച്ച നൂറ് ദിന പദ്ധതികളിൽ സൗജന്യ കിറ്റ് നാലു മാസത്തേക്ക് കൂടി സംസ്ഥാനത്ത് വിതരണം ചെയ്യുമെന്നാണ് നിലവിലെ അറിവ്.

ലോക്ക് ഡൗണിൽ കടകമ്പോളങ്ങൾ അടച്ച് തൊഴിലിടങ്ങൾ പൂട്ടി എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ തെരുവിലും വീടുകളിലും ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് സാമൂഹ്യ അടുക്കളയിലൂടെ സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകിയത് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലായിരുന്നു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ തൊഴിലാളികൾക്ക് അവരുടെ താമസ സ്ഥലത്ത് ഭക്ഷണമെത്തിച്ചതും കേരളത്തിൽ മാത്രമാണ്. സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും തൊഴിലാളികളെയും റേഷന്‍ കട ഉടമകളെയും വോളണ്ടിയര്‍മാരെയും ഈ സാഹചര്യത്തിൽ അഭിനന്ദിക്കാതെ വയ്യ.

Covid 19 updates

Latest News