‘അവര്‍ക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ ഒന്നുമില്ലായിരുന്നു’; അറസ്റ്റിലായശേഷം സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ ചോദ്യം ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍
ആരോഗ്യനില മോശമായതിനാല്‍ വെള്ളം കുടിയ്ക്കാന്‍ സ്‌ട്രോ വേണമെന്ന ആവശ്യം പോലും തള്ളിയ അവര്‍ സ്റ്റാന്‍ സ്വാമി അക്രമങ്ങളുടെ സൂത്രധാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകന്‍ ആരോപിച്ചു.
8 July 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭീമാ കൊറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമിയെ കസ്റ്റഡിയില്‍ കഴിയുന്ന ഒരുദിവസം പോലും എന്‍ഐഎ ചോദ്യം ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍. 2020 ഒക്ടോബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം മരണപ്പെടുന്നതുവരെ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിട്ടേയില്ലെന്നാണ് അഭിഭാഷകന്‍ വെളിപ്പെടുത്തുന്നത്. എന്‍ഐഎയ്ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് സ്റ്റാന്‍ സ്വാമിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാമായിരുന്നു. അവര്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും സ്റ്റാന്‍ സ്വാമിയോട് എന്‍ഐഎയ്ക്ക് ഒരുചോദ്യം പോലും ചോദിക്കാനുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറയുന്നു. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകനായിരുന്ന അഡ്വ മിഹിര്‍ ദേശായി ന്യൂസ് മിനിറ്റിലൂടെയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടെന്നും പിന്നീട് ഒന്നുചോദിക്കാതെ സ്റ്റാന്‍ സ്വാമിയെ വെറുതെ തടവിലിടുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു. ആരോഗ്യനില മോശമായതിനാല്‍ വെള്ളം കുടിയ്ക്കാന്‍ സ്‌ട്രോ വേണമെന്ന ആവശ്യം പോലും തള്ളിയ അവര്‍ സ്റ്റാന്‍ സ്വാമി അക്രമങ്ങളുടെ സൂത്രധാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകന്‍ ആരോപിച്ചു.
മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യ നില മോശമാവുകയും ചെയ്യുകയായിരുന്നു. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.
2018 ജനുവരി 1നാണ് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ നില മോശമായതും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.