ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം; അര്‍ജന്റീനയ്ക്ക് പോളിഷ് വെല്ലുവിളി, പോര്‍ചുഗലിന് യുറുഗ്വേ, ബ്രസീലിന് ഈസി
അര്‍ജന്റീനയും പോളണ്ടും മെക്സിക്കോയും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് സിയിലാണ് കടുത്ത പോരാട്ടം അരങ്ങേറുക. സൗദി അറേബ്യയയാണ് ഈ ഗ്രൂപ്പിലെ മറ്റൊരു ടീം.
1 April 2022 5:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയായി. നാലു വീതം ടീമുകള്‍ ഉള്‍പ്പെടുന്ന എട്ടു ഗ്രൂപ്പുകളെയാണ് ഇന്നു ദോഹയില്‍ നടന്ന നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചത്.
ബ്രസീലിയന്‍ ഇതിഹാസം താരം കഫുവാണ് നറുക്കെടുത്തത്. എട്ടു ഗ്രൂപ്പുകളുടെയും ചിത്രം വ്യക്തമായപ്പോള്‍ മരണഗ്രൂപ്പ് എന്ന കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ പ്രത്യേകിച്ച് ഒരു ഗ്രൂപ്പില്ല. അര്‍ജന്റീനയും പോളണ്ടും മെക്സിക്കോയും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് സിയിലാണ് കടുത്ത പോരാട്ടം അരങ്ങേറുക. സൗദി അറേബ്യയയാണ് ഈ ഗ്രൂപ്പിലെ മറ്റൊരു ടീം.
സ്പെയിനും ജര്‍മനിയും നേര്‍ക്കുനേര്‍ വരുന്ന ഗ്രൂപ്പ് ഇയും ശ്രദ്ധേയമാകും. അട്ടിമറിക്കു കെല്പുള്ള ജപ്പാനും കോസ്റ്റാറിക്ക-ന്യൂസിലന്‍ഡ് പ്ലേ ഓഫ് മത്സരത്തിലെ വിജയികളാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഫിഫ റാങ്കിങ്ങില്‍ ഒന്നാമന്മാരും അഞ്ചു തവണ ലോകകപ്പ് നേടിയവരുമായ ബ്രസീലിന് ഇക്കുറി ഗ്രൂപ്പ് ഘട്ടം ഈസി വാക്കോവറായേക്കും. സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പ് ജിയില്‍ ബ്രസീലിനൊപ്പം ഇടംപിടിച്ചിരിക്കുന്നത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചിലും കടുത്ത പോരാട്ടം അരങ്ങേറിയേക്കും. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ യുറുഗ്വേ, ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയ ആഫ്രിക്കന്‍ കരുത്തരായ ഘാന എന്നിവരാണ് ഗ്രൂപ്പ് എച്ചിലെ മറ്റംഗങ്ങള്‍.
ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തറിനൊപ്പം ഹോളണ്ട്, ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗല്‍, ലാറ്റിനമേരിക്കന്‍ ടീം ഇക്വഡോര്‍ എന്നിവരാണ്. ഗ്രൂപ്പ് ബിയില്‍ ബ്രിട്ടീഷ് ഡെര്‍ബിക്ക് സാധ്യതയുണ്ട്. ഇംഗ്ലണ്ട്, യു.എസ്.എ, ഇറാന് എന്നീ ടീമുകള്‍ക്കൊപ്പം വെയ്ല്‍സ്/സ്കോട്ട്ലന്‍ഡ്/യുക്രെയ്ന് എന്നിവരിലൊരു ടീമാകും ഇടംപിടിക്കുക. സ്കോട്ട്ലന്‍ഡ് യുക്രെയ്ന് മത്സരത്തിലെ വിജയികള്‍ വെയ്ല്‍സുമായി ഏറ്റുമുട്ടണം. ഇതിലെ വിജയികളാകും ലോകകപ്പിനായി ഖത്തറിലേക്കു പറക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനും ഗ്രൂപ്പ് ഘട്ടം ഏറെക്കുറേ എളുപ്പമാകും. കരുത്തരായ ഡെന്മാര്ക്കാണ് വെല്ലുവിളി. ഇവര്‍ക്കു പുറമേ ടുണീഷ്യയും യു.എ.ഇ./ഓസ്ട്രേലിയ/പെറു എന്നീ ടീമുകളിലൊന്നുമാണ് ഗ്രൂപ്പ് ഡിയിലുണ്ടാകുക. യു.എ.ഇ-ഓസ്ട്രേലിയ മത്സരത്തിലെ വിജയികള്‍ പ്ലേ ഓഫ് ഫൈനലില്‍ പെറുവുമായി ഏറ്റുമുട്ടണം. ഇതിലെ വിജയികള്‍ക്കാണ് യോഗ്യത ലഭിക്കുക.
ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയവും നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഗ്രൂപ്പ് എഫില്‍ ഏറ്റുമുട്ടും മൊറോക്കോയും കാനഡയുമാണ് മറ്റംഗങ്ങള്‍. ഗ്രൂപ്പ് തിരിച്ചെങ്കിലും ഫിക്സ്ചറുകള്‍ സംബന്ധിച്ച് പിന്നീടു മാത്രമേ അന്തിമ ചിത്രമാകൂ. നവംബര്‍ 21-ന് ഖത്തറും ഇക്വഡോറും തമ്മിലാകും ഉദ്ഘാടന മത്സരം. എന്നാല്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി ആദ്യ ദിനം നാലു മത്സരങ്ങള്‍ അരങ്ങേറുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രൂപ്പുകള്‍:-
ഗ്രൂപ്പ് എ:- ഖത്തര്‍, ഹോളണ്ട്, സെനഗല്‍, ഇക്വഡോര്‍
ഗ്രൂപ്പ് ബി:- ഇംഗ്ലണ്ട്, യു.എസ്.എ, ഇറാന്, വെയ്ല്‍സ്/സ്കോട്ട്ലന്‍ഡ്/യുക്രെയ്ന്
ഗ്രൂപ്പ് സി:- അര്‍ജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി:- ഫ്രാന്‍സ്, ഡെന്മാര്ക്ക്, ടുണീഷ്യ, യു.എ.ഇ/ഓസ്ട്രേലിയ/പെറു
ഗ്രൂപ്പ് ഇ:- സ്പെയിന്, ജര്‍മനി, ജപ്പാന്, കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ്
ഗ്രൂപ്പ് എഫ്:- ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ
ഗ്രൂപ്പ് ജി:- ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍
ഗ്രൂപ്പ് എച്ച്:- പോര്‍ച്ചുഗല്‍, യുറുഗ്വേ, ദക്ഷിണ കൊറിയ, ഘാന