Top

വാറ്റ്‌ഫോര്‍ഡില്‍ വന്‍ വീഴ്ച, പിന്നാലെ മെസിക്ക് ആദ്യ ലീഗ് ഗോള്‍, മാര്‍ട്ടിനസിന് ക്ലീന്‍ ഷീറ്റ്; യുണൈറ്റഡ് ഫാന്‍സിനേക്കാള്‍ ഗതികെട്ടവരുണ്ടോ?

ഇന്നലത്തെ ഒരു ദിവസം യുണൈറ്റഡും ക്രിസ്റ്റിയാനോയും മറന്നാല്‍പ്പോലും ആരാധകര്‍ മറക്കില്ല. കാരണം ഇന്നലെ വൈകിട്ട് എയറില്‍ കയറിയതാണ് അവര്‍. ഇതുവരെ നിലത്തിറങ്ങാന്‍ അവസരം ലഭിച്ചിട്ടില്ല.

21 Nov 2021 1:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാറ്റ്‌ഫോര്‍ഡില്‍ വന്‍ വീഴ്ച, പിന്നാലെ മെസിക്ക് ആദ്യ ലീഗ് ഗോള്‍, മാര്‍ട്ടിനസിന് ക്ലീന്‍ ഷീറ്റ്; യുണൈറ്റഡ് ഫാന്‍സിനേക്കാള്‍ ഗതികെട്ടവരുണ്ടോ?
X

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ആരാധകര്‍ക്ക് എന്തോ കാര്യമായ നക്ഷത്രദോഷമാണെന്നു തോന്നുന്നു. അത്രകണ്ട് വിഷമസന്ധിയിലേക്കു വീണിരിക്കുകയാണ് അവര്‍. സ്വന്തം ടീം തോല്‍വിയില്‍ നിന്നു കരകയറുന്നില്ലെന്നു മാത്രമല്ല തങ്ങളുടെ 'ശത്രുക്കള്‍ക്ക്' എല്ലാം തന്നെ ശുക്രദശയാണു താനും. കൂടാതെ തുടര്‍ത്തോല്‍വികളെത്തുടര്‍ന്ന് ഇപ്പോള്‍ പരിശീലകന്‍ ഒലെ സോള്‍ഷ്യറിന്റെ കസേര തെറിക്കുകയും ചെയ്തിരിക്കുന്നു.

ഇന്നലത്തെ ഒരു ദിവസം യുണൈറ്റഡും ക്രിസ്റ്റിയാനോയും മറന്നാല്‍പ്പോലും ആരാധകര്‍ മറക്കില്ല. കാരണം ഇന്നലെ വൈകിട്ട് എയറില്‍ കയറിയതാണ് അവര്‍. ഇതുവരെ നിലത്തിറങ്ങാന്‍ അവസരം ലഭിച്ചിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വാറ്റ്‌ഫോര്‍ഡിനെതിരായ മത്സരമാണ് കാരണം. എവേ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെറുതായി ഒന്നുമല്ല, ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ വാറ്റ്‌ഫോര്‍ഡ് എടുത്തിട്ട് അലക്കിയത്. ഇരു പകുതികളിലുമായി രണ്ടു വീതം ഗോളുകള്‍. ജോഷ്വ കിങ്, ഇസ്‌മെയ്ല്‍ സാര്‍, യാവോ പെഡ്രോ, ഇമ്മാനുവല്‍ ബോണവെന്റ്യുര്‍ എന്നിവരാണ് വാറ്റ്‌ഫോര്‍ഡിന്റെ ഗോളുകള്‍ നേടിയത്.

യുണൈറ്റഡിനായി വാന്‍ ഡി ബീക്കാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. തോല്‍വിയോടെ യുണൈറ്റഡിന്റെ നില വീണ്ടും പരുങ്ങലിലായി. 12 മത്സരങ്ങളില്‍ നിന്ന് വെറും അഞ്ചു ജയവും രണ്ടു സമനിലകളും മാത്രമുള്ള അവര്‍ 17 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അവസാന അഞ്ചു മത്സരങ്ങളില്‍ അവരുടെ നാലാം തോല്‍വിയാണിത്. കൂടാതെ അഞ്ചു മത്സരങ്ങളില്‍ നിന്നു വഴങ്ങിയത് 15 ഗോളുകള്‍ ആണെന്നതും നാണക്കേട് വര്‍ധിപ്പിക്കുന്നു. ആകെ ആറു ഗോളുകളാണ് യുണൈറ്റഡിന് നേടാന്‍ കഴിഞ്ഞത്. പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉണ്ടായിട്ട്ു കൂടിയാണ് ഈ ദയനീയാവസ്ഥ എന്നതാണ് ഏറെ ശ്രദ്ധേയം.

പ്രീമിയര്‍ ലീഗില്‍ ഒമ്പതു മത്സരങ്ങളില്‍ യുണൈറ്റഡിനായി ഇറങ്ങിയ റൊണാള്‍ഡോ നാലു ഗോളുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. രണ്ട് അസിസ്റ്റുകളുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും മത്സരങ്ങളായി റൊണാള്‍ഡോയുടെ നിഴല്‍ മാത്രമാണ് കളത്തില്‍ കാണാനാകുന്നത്. മുന്‍നിരയുടെ മൂര്‍ച്ചയില്ലായ്മയും പ്രതിരോധ നിരയുടെ പിടിപ്പുകേടുമാണ് അവര്‍ക്കു വിനയാകുന്നത്.

ക്രിസ്റ്റിയാനോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഫാന്‍ പേജുകളില്‍ യുണൈറ്റഡ് ആരാധകര്‍ നടത്തിയ വീരവാദങ്ങളാണ് ഇപ്പോള്‍ അവരെ തിരിഞ്ഞുകൊത്തുന്നത്. റൊണാള്‍ഡോ എത്തിയതോടെ ലോകം കീഴടക്കാന്‍ യുണൈറ്റഡ് ഇറങ്ങുകയാണെന്നൊക്കെയായിരുന്നു വാചകകസര്‍ത്തുകള്‍. ഇപ്പോള്‍ അതൊക്കെ തിരിച്ചടിക്കുകയാണ്. റൊണാള്‍ഡോയുടെ മോശം ഫോമിനെ മറയ്ക്കാന്‍ മുഖ്യ എതിരാളിയായ ലയണല്‍ മെസി ഫ്രഞ്ച് ലീഗില്‍ ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്നും പെനാല്‍റ്റിയെടുക്കാന്‍ റൊണാള്‍ഡോയെ വെല്ലുവിളിച്ച ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വഴങ്ങിയ ഗോളുകളുടെ എണ്ണവുമൊക്കെയാണ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്.

എന്നാല്‍ ഇന്നലെത്തെ ആ ശപിക്കപ്പെട്ട ദിനത്തില്‍ അവര്‍ക്ക് ആ പിടിവള്ളികളും നഷ്ടമാകുകയായിരുന്നു. റൊണാള്‍ഡോയുടെ പൊടിപോലും കാണാന്‍ കഴിയാതെ പോയ മത്സരത്തില്‍ യുണൈറ്റഡ് കനത്ത തോല്‍വി വഴങ്ങിയതിനു പുറമേ പി.എസ്.ജിക്കായി മെസി ഗോള്‍ നേടുകയും ആസ്റ്റണ്‍ വില്ലയ്ക്കായി മാര്‍ട്ടിനസ് ക്ലീന്‍ ഷീറ്റ് നേടുകയും ചെയ്തതോടെ ശ്മശാന മൂകതയാണ് യുണൈറ്റഡ്-റൊണാള്‍ഡോ ഫാന്‍ പേജുകളില്‍. ഇവര്‍ എപ്പോള്‍ എയറില്‍ നിന്ന് ഇറങ്ങുമെന്നു നോക്കിയിരിക്കുകയാണ് മറ്റ് ആരാധകര്‍.

Next Story