അടിക്കാത്ത ഗോളിന് അവകാശവാദം; റൊണാള്‍ഡോയെ ട്രോളി സോഷ്യല്‍ മീഡിയ
ഉറുഗ്വേക്കെതിരായ മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിനായി രണ്ടുഗോളുകളും നേടിയത്.
29 Nov 2022 8:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: ഉറുഗ്വേക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിനായി രണ്ടുഗോളുകളും നേടിയത്. ആദ്യ ഗോളിന്റെ ഉടമയെച്ചൊല്ലി നേരത്തെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ഗോളിന്റെ പേരില്‍ റൊണാള്‍ഡോയെ പരിഹസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
54-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്നും ബ്രൂണോ ഫെര്‍ണാണ്ടസ് ഉയര്‍ത്തിയടിച്ച ക്രോസിന് കണക്കാക്കി റൊണാള്‍ഡോ ഉയര്‍ന്നു ചാടിയിരുന്നു. എന്നാല്‍ പന്ത് നേരെ വലയില്‍ കയറുകയാണ് ചെയ്തത്. ഇതോടെ താനാണ് ഗോളടിച്ചതെന്ന രീതിയില്‍ ക്രിസ്റ്റിയാനോ സ്ഥിരം ഗോള്‍ ആഘോഷവും നടത്തി. എല്ലായിടത്തും ഗോള്‍ ഉടമ റൊണാള്ഡോയാണെ് രേഖപ്പെടുത്തുകയും ചെയ്തു. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ താരമെന്ന യൂസേബിയോയുടെ റെക്കോര്‍ഡിനൊപ്പമെത്തി എന്ന സ്റ്റാറ്റുകളും പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ ഗോളിന്റെ അവകാശി ബ്രൂണോ ഫെര്‍ണാണ്ടസാണെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റീപ്ലേകളില്‍ പന്ത് റൊണാള്‍ഡോയുടെ തലയില്‍ തട്ടിയിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് ഗോള്‍ ബ്രൂണോയുടെ പേരില്‍ രേഖപ്പെടുത്തിയത്. ഇതോടെ അടിക്കാത്ത ഗോളിനാണ് റൊണാള്‍ഡോ ഇത്ര ആഘോഷം നടത്തിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി. മറ്റൊരാളുടെ ഗോള്‍ തന്റെ പേരിലാക്കാനുള്ള സ്വാര്‍ത്ഥയാണെന്ന് പറഞ്ഞ് എതിരാളികളും രംഗത്ത് വന്നു.
മത്സരത്തിന്റെ 83-ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതോടെ 90-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എടുക്കാനുള്ള അവസരവും ക്രിസ്റ്റ്യാനോക്ക് നഷ്ടമായി. റൊണാള്‍ഡോയുടെ അഭാവത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് എടുത്ത പെനാല്‍റ്റി ലക്ഷ്യം കണ്ടതോടെ ഇരട്ടഗോളുകള്‍ നേടി പോര്‍ച്ചുഗലിന്റെ വിജയശില്‍പ്പിയാവുകയായിരുന്നു.
Story highlights: Trolls against Ronaldo's goal celebration