'ലക്ഷ്യം ലോകകപ്പ് തന്നെ'; പ്ലേ ഓഫിനു മുമ്പേ നയം വ്യക്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ഈ മാസം 24-ന് ഇന്ത്യന്‍ സമയം രാത്രി 1:15ന് തുര്ക്കിയ്ക്കെതിരേയാണ് പോര്‍ചുഗലിന്റെ ആദ്യ പ്ലേ ഓഫ് മത്സരം.
23 March 2022 11:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത തേടി നിര്‍ണായക പ്ലേ ഓഫ് മത്സരങ്ങള്‍ക്കിറങ്ങുന്ന പോര്‍ചുഗല്‍ ഫുട്ബോള്‍ ടീമിന് ആത്മവിശ്വാസം പകര്‍ന്ന് നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്ലേ ഓഫില്‍ കൈമെയ്യ് മറന്നു പൊരുതുമെന്നും ലോകകപ്പിന് യോഗ്യത നേടാന്‍ പരമാവധി ശ്രമിക്കുമെന്നും റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
''മുഴുവന്‍ ശ്രദ്ധയും ലോകകപ്പിലേക്കാണ്. എന്നാല്‍ അതിലേക്കെത്താനുള്ള പാത കഠിനമാണ്. ഞങ്ങളുടെ അതേ ലക്ഷ്യത്തോടെ ഞങ്ങളോടു മത്സരിക്കാനിറങ്ങുന്ന എതിരാൡളെ ബഹുമാനിക്കുന്നു. പക്ഷേ പോര്‍ചുഗലിനായി ഞങ്ങള്‍ പോരാടും. പോര്‍ചുഗലിനെ പ്രതിനിധീകരിക്കുന്നത് എല്ലായ്പ്പോഴത്തെയും പോലെ അഭിമാനം കൊള്ളുന്നു''- റൊണാള്‍ഡോ കുറിച്ചു.
37-കാരനായ റൊണാള്‍ഡോയ്ക്ക് ഖത്തര്‍ ലോകകപ്പ് ഏറെക്കുറേ അവസാനത്തേതായിരിക്കും. അതിനാല്‍ത്തന്നെ എന്തു വിലകൊടുത്തും യോഗ്യത നേടാനാണ് റൊണാള്‍ഡോ ലക്ഷ്യമിടുന്നത്. ഈ മാസം 24-ന് ഇന്ത്യന്‍ സമയം രാത്രി 1:15ന് തുര്ക്കിയ്ക്കെതിരേയാണ് പോര്‍ചുഗലിന്റെ ആദ്യ പ്ലേ ഓഫ് മത്സരം.
ഇതില്‍ ജയിച്ചാല്‍ അടുത്ത റൗണ്ടില്‍ ഇറ്റലി - ഉത്തര മസഡോണിയ മത്സരത്തിലെ വിജയികളെ നേരിടണം. അതിലും ജയിച്ചാല്‍ മാത്രമേ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും ഖത്തറില്‍ പന്തു തട്ടാനിറങ്ങാന് കഴിയൂ. അതേസമയം ജീവന്മരണ പോരാട്ടങ്ങള്‍ക്കു തയാറെടുക്കുന്ന അവര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.
പ്രതിരോധനിരയിലെ രണ്ടു സൂപ്പര്‍ താരങ്ങളാണ് നിര്‍ണായക മത്സരങ്ങള്‍ക്കു മുമ്പ് പരുക്കേറ്റു ടീമിനു പുറത്തായത്. റൂബന്‍ ഡയസിനു പിന്നാലെ ഇപ്പോള്‍ പെപ്പെയാണ് പരുക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. നേരത്തെ പ്ലേ ഓഫിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡയസിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പെപ്പെ സ്ക്വാഡില്‍ ഇടം നേടിയിരുന്നു.
പക്ഷേ കഴിഞ്ഞ ദിവസം താരം കോവിഡ് പോസിറ്റീവായതോടെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. താരത്തെ ഐസൊലേഷനിലേക്കു മാറ്റിയെന്നും പകരക്കാരനായി ഫ്രഞ്ച് ക്ലബ് ലില്ലെയ്ക്കായി കളിക്കുന്ന യുവതാരം തിയാഗോ യാലോയെ ഉള്‍പ്പെടുത്തിയെന്നും പോര്‍ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
മുപ്പത്തിയൊന്‍പതു വയസായെങ്കിലും പോര്‍ച്ചുഗീസ് ടീമിലെ പ്രധാന താരമായ പെപ്പെ കളിക്കാതിരുന്ന അവസാന ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും പോര്‍ച്ചുഗല്‍ പോയിന്റ് നഷ്ടമാക്കിയിട്ടുണ്ട്. അതിനാല്‍ താരത്തിന്റെ അസാന്നിധ്യം ടീമിന് വലിയ വെല്ലുവിളിയാണ്.