ചാമ്പ്യന്‍സ് ലീഗ് മോഹം അവസാനിച്ചിട്ടില്ല; അല്‍ നസറുമായുള്ള കരാറില്‍ കളി ഒളിപ്പിച്ച് റൊണാള്‍ഡോ
താരത്തിന് ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ വീണ്ടും കളിക്കാനുള്ള സാധ്യതകള്‍ കരാറിലുണ്ടെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.
4 Jan 2023 7:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നസറില്‍ സൈന്‍ ചെയ്തെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗിലും കളിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊണാള്‍ഡോ കരിയറില്‍ ആദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ക്ലബ്ബുമായി കരാര്‍ ഏറ്റെടുക്കുന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനായ റൊണാള്‍ഡോയെ ഇനി യൂറോപ്യന്‍ ഫുട്ബോളില്‍ കാണാന്‍ സാധിക്കില്ല എന്ന വിഷമത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ താരത്തിന് ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ വീണ്ടും കളിക്കാനുള്ള സാധ്യതകള്‍ കരാറിലുണ്ടെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയാലാണ് റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ സാധിക്കുക. സൗദി അറേബ്യന്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ന്യൂകാസില്‍ യുണൈറ്റഡിന്റെ ഉടമകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യാനായാല്‍ ന്യൂകാസിലിന് ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടാനാകും. അപ്പോള്‍ റൊണാള്‍ഡോയെ ലോണ്‍ അടിസ്ഥാനത്തില്‍ ന്യൂകാസിലിന് വിട്ടുനല്‍കാമെന്ന് അല്‍ നസറുമായുള്ള കരാറില്‍ നിര്‍ദേശിക്കുന്നുണ്ടെന്നാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്യന്‍ ഫുട്ബോളില്‍ റൊണാള്‍ഡോ തിരികെ വരുമെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 140 ഗോളുകളുമായി ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് 37കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 129 ഗോളുകളുമായി ലയണല്‍ മെസ്സിയാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ മാസമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് വിടുന്നത്. പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള റൊണാള്‍ഡോയുടെ പുറത്താകലിന് വഴിവെച്ചത്. അഭിമുഖത്തില്‍ യുണൈറ്റഡിനെതിരെയും പരിശീലകര്‍ക്കെതിരെയും റൊണാള്‍ഡോ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന് എറിക് ടെന്‍ഹാഗിനോട് ഒരു ബഹുമാനവും ഇല്ലെന്ന് താരം തുറന്നടിച്ചിരുന്നു. കോച്ച് മാത്രമല്ല മറ്റ് രണ്ടോ മൂന്നോ പേര് കൂടി തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് താന്‍ ഇവിടെ തുടരുന്നത് ഇഷ്ടമല്ല എന്നുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് താരം ക്ലബ്ബ് വിട്ടത്.
STORY HIGHLIGHTS: The clause that could let Cristiano Ronaldo leave Al Nassr and play Champions League again