Top

ഗോള്‍ നേട്ടത്തില്‍ മെസിക്കൊപ്പമെത്തി ഛേത്രി; സാഫ് കപ്പില്‍ ഇന്ത്യ വീണ്ടും ജേതാക്കള്‍

ടീം ഇന്ത്യക്കു വേണ്ടി സുരേഷ് സിങ് വാങ്ജം, നായകന്‍ സുനില്‍ ഛേത്രി, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും.

17 Oct 2021 5:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോള്‍ നേട്ടത്തില്‍ മെസിക്കൊപ്പമെത്തി ഛേത്രി; സാഫ് കപ്പില്‍ ഇന്ത്യ വീണ്ടും ജേതാക്കള്‍
X

രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്കൊപ്പമെത്തിയ മത്സരത്തില്‍ നേപ്പാളിനെ തോല്‍പിച്ച് ഇന്ത്യ സാഫ് കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടു. ഇന്നലെ രാത്രി നടന്ന ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം.

ടീം ഇന്ത്യക്കു വേണ്ടി സുരേഷ് സിങ് വാങ്ജം, നായകന്‍ സുനില്‍ ഛേത്രി, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും.

ഗോളെന്നുറച്ച മൂന്നോളം അവസരങ്ങള്‍ തുലച്ച ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡ് നേടി. പ്രീതം കോടാലിന്റെ പാസില്‍ നിന്നു ഛേത്രിയാണ് ലക്ഷ്യം കണ്ടത്. കരിയറിലെ 80-ാം രാജ്യാന്തര ഗോളായിരുന്നു ഛേത്രിയുടേത്. ഇതോടെ രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ ലയണല്‍ മെസിക്കൊപ്പം അഞ്ചാം സ്ഥാനത്തേക്ക് എത്താനും ഛേത്രിക്കായി.

115 ഗോളുകളുമായി ഒന്നാമതുള്ള പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പട്ടികയില്‍ ഇറാന്‍ ഇതിഹാസം അലി ദേയി(109 ഗോള്‍), മലേഷ്യന്‍ താരം മൊക്താര്‍ ദാഹ്‌രി(89), ഹംഗറി ഇതിഹാസം ഫെറങ്ക് പുസ്‌കാസ്(84) എന്നിവരാണ് ഛേത്രിക്കും മെസിക്കും മുന്നിലുള്ളത്.

ഛേത്രിയുടെ ഗോളിന്റെ ആഹ്‌ളാദം തീരും മുമ്പേ സുരേഷ് സിങ്ങും വലകുലുക്കി. യാസിറിന്റെ ക്രോസില്‍ നിന്നായിരുന്നു സുരേഷിന്റെ ഗോള്‍. മത്സരത്തിന്റെ 79-ാം മിനിറ്റില്‍ അഞ്ചു നേപ്പാള്‍ താരങ്ങളെ മറികടന്നു സഹലും ലക്ഷ്യം കണ്ടതോടെ ഇന്ത്യ പട്ടിക തികച്ചു.

ഇന്ത്യയുടെ എട്ടാം സാഫ് കപ്പ് വിജയമായിരുന്നു ഇന്നലത്തേത്. ഇതിനു മുമ്പ് 1993, 97, 99, 2005, 2009, 2011, 2015 വര്‍ഷങ്ങളിലാണ് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിട്ടത്. ആറു വര്‍ഷത്തിനു ശേഷമാണ് ഇപ്പോഴത്തെ ജയം.


Next Story

Popular Stories