'ഖത്തര്‍ ലോകകപ്പ് ഞങ്ങളെന്തിന് ബഹിഷ്കരിക്കണം'; പ്രതികരിച്ച് ഇംഗ്ലണ്ട് പരിശീലകന്
ലോകകപ്പ് തയാറെടുപ്പുകള്‍ക്കിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ബി.ബി.സി. വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിന്റെ ബഹിഷ്കരണം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പരന്നത്.
26 March 2022 3:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഖത്തറില്‍ ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ടീം പരിശീലകന് ഗാരെത് സൗത്ത്ഗേറ്റ്. ടൂര്‍ണമെന്റിന്റെ സംഘാടനവുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തൊഴിലാളികള്‍ക്കു നേരെ വ്യാപകമായ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതില്‍ പ്രതിഷേധിച്ച് ഇംഗ്ലണ്ട് ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
ലോകകപ്പ് തയാറെടുപ്പുകള്‍ക്കിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ബി.ബി.സി. വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിന്റെ ബഹിഷ്കരണം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പരന്നത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം നിഷേധിച്ച് കോച്ച് തന്നെ രംഗത്തു വന്നിരിക്കുകയാണ്.
വളരെ സങ്കീര്‍ണവും ഗൗരവമുള്ളതുമായ ഒരു വിഷയത്തില്‍ തങ്ങളുടെ ലോകകപ്പ് ബഹിഷ്കരണം കൊണ്ട് എന്തു ഗുണമാണ് ഉണ്ടാവുകയെന്നും തങ്ങള്‍ ബഹിഷ്കരിച്ചാലും ലോകകപ്പ് മുന്നോട്ടു പോകുമെന്നും അക്കാര്യത്തില്‍ തങ്ങള്‍ക്ക് കൂടുതലൊന്നും ചെയ്യാനില്ലെന്നും സൗത്ത്ഗേറ്റ് വ്യക്തമാക്കി.
''അതുകൊണ്ട് എന്താണ് നേടിയെടുക്കുകയെന്ന് അറിയില്ല. ഞങ്ങള്‍ പിന്മാറിയാല് വലിയൊരു വാര്ത്തയാകുമായിരിക്കും. അല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ടൂര്‍ണമെന്റ് മുന്നോട്ട് തന്നെ പോകും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. അതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നത് വേദനപ്പിക്കുകയും ചെയ്യുന്നു.''- അദ്ദേഹം പറഞ്ഞു.