സലാഹിന്റെ ഷോട്ട് മാനത്തേക്കെത്തിയപ്പോള് മാനെയുടെ സെനഗല്‍ ഖത്തറിലേക്ക്; ഈജിപ്തിനെ തകര്‍ത്തത് പെനാൽറ്റിയിൽ
ഇരു പാദങ്ങളിലുമായി 1-1ന് പിരിഞ്ഞതിനാലാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്
29 March 2022 8:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡാക്കര്‍: 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഈജിപ്തിനെ തകര്‍ത്ത് സെനഗല്‍ ലോകകപ്പിലേക്ക്. ഈജിപ്തുമായി നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു ഗോളിന് വിജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി സ്കോര്‍ നില 1-1ായത് മത്സരം പെനാല്‍റ്റിയിലേക്ക് എത്തിച്ചു. ആദ്യ പാദ മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ ഈജിപ്ത് വിജയിച്ചപ്പോള്‍, രണ്ടാം പാദത്തില്‍ സെനഗലിന്റെ ഗോള്‍ പിറന്നതും സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു. മത്സരം തുടങ്ങി നാലാം മിനുറ്റില്‍ ഈജിപ്ത താരം ഹംദി ഫാതിയുടെ കാലില്‍ നിന്നായിരുന്നു സെനഗലിന്റെ ഗോള്‍.
മുഴുവന്‍ സമയവും പൂര്‍ത്തിയായപ്പോള്‍ 1-1 എന്ന അഗ്രിഗേറ്റിലേക്ക് നീങ്ങിയതിനാല്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പക്ഷേ എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്ക് വിജയഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ നാടകീയമായ കാഴ്ചകളാണ് ഫുട്ബോള്‍ ലോകം കണ്ടത്. ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ മോ സലാഹിന്റേതുള്പ്പെടെ ഇരു ടീമുകളുടെയും ആദ്യ രണ്ട് പെനാല്‍റ്റി കിക്കും പുറത്തേക്ക്. പിന്നീട് സെനഗല്‍ കീപ്പര്‍ മെന്‍ഡിയുടെ സൂപ്പര്‍ സേവും സാദിയോ മാനെയുടെ മികച്ച ഗോളും സെനഗലിന് ഖത്തര്‍ ടിക്കറ്റുറപ്പാക്കി.
SADIO MANE SENDS SENEGAL TO THE WORLD CUP!!!
— ESPN FC (@ESPNFC) March 29, 2022
INCREDIBLE SCENES! 🇸🇳🙌 pic.twitter.com/g2ycfzsIhd
നേരത്തെ നൈജീരിയയെ എവേ ഗോളിന്റെ ബലത്തില്‍ തകര്‍ത്ത് ഘാനയും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. രണ്ടാം പാദ മത്സരത്തില്‍ 1-1ന് ഇരു ടീമുകളും പിരിഞ്ഞതോടെയാണ് ഘാനയെ എവേ ഗോളിന്റെ ബലത്തില്‍ വിജയികളായി പ്രഖ്യാപിച്ചത്.
STORY HIGHLIGHTS: Senegal beat Egypt to qualify for World Cup