ലിവര്‍പൂള്‍ ടു ബയേണ്‍; മാനേ എന്ന പാഠപുസ്തകം
18 Jun 2022 10:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

2002 ലോകകപ്പില്‍ ചാമ്പ്യന്‍ പട്ടവുമായി വന്ന ഫ്രാന്‍സിനെയും ഫോര്‍ലാന്റെ യുറോഗ്വയേയും പുറത്താക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറിയ ടീം- സെനഗല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുക ആ മുന്നേറ്റമായിരുന്നു അടുത്തകാലം വരെ. എന്നാല്‍ സെനഗലിനെ ഇന്ന് ലോക ഫുട്ബോളില്‍ അടയാളപ്പെടുത്താന്‍ സാദിയോ മാനെ എന്ന ഒരു പേരു കൂടിയുണ്ട്. ബാബ ദിയോപിനും കമാരക്കും ഹാജി ദിയൂഫിനും ശേഷം സെനഗല്‍ ഫുട്ബോളിന്റെ മേല്‍വിലാസമാണ് സാദിയോ മാനെ.
വിലമതിക്കാനാകാത്ത മാനെ
ലിവര്‍പൂളില്‍ നിന്ന് മാനെയെ സ്വന്തമാക്കാന്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് മുടക്കുന്നത് 41 മില്യന്‍ യൂറോയാണ്. സെനഗലിലെ ബാന്ബാലി എന്ന കുഗ്രാമത്തില്‍ ജനിച്ച മാനെ ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്നറിയാന്‍ ഈ തുക മാത്രം മതിയാകില്ല. പരസ്യക്കമ്പനികളുടെ ഇഷ്ട മോഡലല്ല ഈ കറുത്ത നിറക്കാരന്. ലാറ്റിനമേരിക്കന്‍ ഫുട്ബാളിന്റെ ആരാധക വൃന്ദവും ആഫ്രിക്കന്‍ താരമായ മാനേക്കു ചുറ്റുമില്ല. കളിക്കളത്തിന് പുറത്തുനിന്ന് വരുമാനമുണ്ടാക്കാന്‍ കഴിയുന്ന പൊതുസമൂഹത്തിന്റെ സൗന്ദര്യ അളവുകോലില്ല മാനേയുടെ നിറവും രൂപഘടനയും. പക്ഷെ കളിക്കളം ഘനിയാണ്. മാനേ അവിടെ അമൂല്യമായ രത്നവും.
25 മില്യന്റെ ആദ്യ ഓഫറാണ് ബയേണ്‍ ലിവര്‍പൂളിന് മുന്നില്‍ വെച്ചത്. എന്നാല്‍ അത് നിരസിക്കാന്‍ ലിവര്‍പൂളിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കളിക്കളത്തില്‍ മാത്രം മാര്‍ക്കറ്റുള്ള ഒരു താരത്തിനായുള്ള വില പേശല്‍ എത്തി നിന്നത് 42 മില്യനിലാണ് എന്ന് വായിക്കുമ്പോഴാണ് മാനെയുടെ കാലുകളുടെ വില ഏകദേശമെങ്കിലും കൃത്യമായി മനസിലാകുകയുള്ളു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് മാനെയുടെ തീരുമാനമെന്നത് ചിലരെ എങ്കിലും അത്ഭുതപ്പെടുത്തുന്നുണ്ടാകും. പക്ഷെ ഫുട്ബോള്‍ കളിക്കാരനാകാന്‍ 336 കിലോമീറ്റര്‍ ഒളിച്ചോടിപ്പോയ കൗമാരക്കാരന് ഈ യാത്ര ഒട്ടും സാഹസികതയോ പുതുമയുള്ളതോ അല്ല.
ദിയൂഫിന്റെ പടയോട്ടവും മാനെയുടെ ഓട്ടവും
2002-ലെ ജപ്പാന്-കൊറിയ ലോകകപ്പ്. ലോക ഫുട്ബോളിനെ റൊണാള്‍ഡോ എന്ന ബ്രസീലുകാരന് ഗോളുകള്‍ കൊണ്ട് വിസമയിപ്പിച്ച ലോകകപ്പ്. ആ ലോകകപ്പ് ടിവിയില്‍ കണ്ടുകണ്ടിരുന്ന സെനഗലിലെ പത്തു വയസുകാരന് ഒരു തീരുമാനമെടുത്തു. ഒരു കളിക്കാരനാകണം. റൊണാള്‍ഡോയോ റൊണാള്‍ഡീഞ്ഞോയോ അല്ല അവനെ സ്വാധീനിച്ചത്. ഹാജി ദിയൂഫിന്റെ നേതൃത്വത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ സെനഗല്‍ നടത്തിയ മുന്നേറ്റമായിരുന്നു മാനേയെ കാലുകളെ ത്രസിപ്പിച്ചത്. അവന്റെ സ്വപ്നങ്ങളിലേക്ക് ദിയൂഫും ഫുട്ബോളും ഉരുണ്ടു വന്നുകൊണ്ടിരുന്നു. എന്നാല്‍ യാഥാസ്ഥിതിക കുടുംബത്തിന് ഉള്‍ക്കൊള്ളാനാകുന്ന ഒന്നായിരുന്നില്ല മാനേയുടെ സ്വപ്നം. പക്ഷെ മാനെ ആ തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. ഒരു പ്രൊഫഷണല്‍ കളിക്കാരനാകുക. ജീവിതത്തില്‍ പലര്‍ക്കും പാഠപുസ്തമായി മാറിയ തീരുമാനം 20 വര്‍ഷങ്ങള്‍ക്ക് ശേഷം സെനഗലിലെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രചോദനാണ്.
1992-ലാണ് സാദിയോ മാനെ ജനിച്ചത്. പള്ളിയിലെ ഇമാമായിരുന്നു പിതാവ്. അതിനാല്‍ നിസ്കാരത്തിന് ശേഷം മാത്രം ഫുട്ബോള്‍ കളിക്കാന്‍ സമയം കിട്ടിയിരുന്ന മാനെ ഒരു ദിവസം ഒളിച്ചോടി. കൂട്ടുകാരന് നല്കിയ പണവുമായി 336 കിലോമീറ്റര്ക്കപ്പുറമുള്ള ദാകറിലേക്കായിരുന്നു ആ ഒളിച്ചോട്ടം. കളിക്കാരനാകുകയായിരുന്നു ലക്ഷ്യം. ഒരാഴ്ചക്ക് ശേഷം തിരികെ വീട്ടിലെത്തിയെങ്കിലും കളിക്കാരനാകാനുള്ള മാനെയുടെ തീരുമാനം ഉറച്ചതാണെന്ന് വീട്ടുകാരും മനസിലാക്കി. ഫുട്ബോള്‍ കളിക്കാരാനാകാനുള്ള മാനേയുടെ തീരുമാനം വീട്ടുകാരും അംഗീകരിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിയണം എന്ന നിബന്ധന വീട്ടുകാര്‍ മുന്നോട്ട് വച്ചു.
അങ്ങനെ 15-ാം വയസില്‍ അമ്മാവനുമൊത്ത് കീറിപ്പറിഞ്ഞ ജഴ്സിയും തുളവീണ ബൂട്ടുമായി മാനെ വീണ്ടും ദാക്കാറിലെത്തി. ഫുട്ബോള്‍ ലോകത്തേക്കുള്ള തിരിഞ്ഞു നോക്കാതെയുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. വയലിലെ വിളവുകള്‍ വിറ്റെടുത്ത് പിതാവ് നല്കിയ ചെറിയ തുകയുമായിരുന്നു കരുത്ത്. ദാക്കറിലുള്ള ക്ലബ്ബിന്റെ ഫുട്ബോള്‍ ട്രയല്സിനുവേണ്ടിയുള്ള അവരുടെ യാത്രയെ ആളുകള്‍ പുച്ഛിച്ചു. പരിഹസിച്ചു. ഈ ബൂട്ടുകൊണ്ടെങ്ങനെ കളിക്കുമെന്ന് ട്രയല്‍സിനിടെ ചോദിച്ചവരോട് മാനെ മറുപടി പറഞ്ഞു. 'എന്റെ ജഴ്സിയും ബൂട്ടും നിങ്ങള്‍ നോക്കണ്ട. ഞാന്‍ കളിക്കുന്നത് നോക്കിയാല്‍ മതി'- മാനെയുടെ മനസ് നിറയെ ഫുട്ബാളായിരുന്നു. ജനറേഷന് ഫൂട്ട് അക്കാദമിക്ക് ആ താരത്തെ അവഗണിക്കാനായില്ല. അങ്ങനെ ആ അക്കാദമിയിലൂടെ സാദിയോ ഒരു പ്രൊഫണല്‍ കളിക്കാരനായി. മാനെ അക്കാദമിക്ക് തിരിച്ചു കൊടുത്തത് 131 ഗോളുകള്‍.
പ്രീമിയര്‍ ലീഗ് എന്ന ചലഞ്ച്
19-ാം വയസില്‍ ഫ്രഞ്ച് ക്ലബ്ബ് മെറ്റസിലേക്കായിരുന്നു മാനെയുടെ അടുത്ത യാത്ര. ആഫ്രിക്കയില്‍ ട്രയല്‍സ് നടത്തിയാണ് മെറ്റസ് മാനെയെ കണ്ടെത്തി കടല്‍ കടത്തിയത്. പിന്നീട് ഓസ്ട്രിയയില്‍. 2012-ല്‍ ദേശീയ ജഴ്സിയില്‍ അരങ്ങേറ്റം. 2014-ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍. അതോടെ മാനെ തന്റെ അടുത്ത യാത്രക്ക് തുടക്കം കുറിച്ചു. ലോകത്തെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന ലീഗിനു വേണ്ടതെല്ലാം മാനേയിലുണ്ടായിരുന്നു. 11.8 മില്യണ്‍ പൗണ്ടിന് സതാംപ്റ്റണ് സാദിയോയെ ഇപിഎല്ലിലേക്കെത്തിച്ചത്. 56 സെക്കന്റില്‍ ഹാട്രിക്ക് അടിച്ച് മാനെ തന്റെ വരവും വേഗതയും ലോകത്തെ അറിയിച്ചു.
സതാംപ്റ്റണില്‍ നിന്ന് 34 മില്യന്‍ പൗണ്ടിനാണ് ലിവര്‍പൂളിലേക്കെത്തിയത്. ക്ലോപ്പിന്റെ കീഴിലേക്ക് മാനേ കൂടി എത്തിയതോട ലിവര്‍പൂളില്‍ പുതിയ ചരിത്രം പിറന്നു. 2019-ല്‍ ചാമ്പ്യന്‍സ് ലീഗ്, 30 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗ്, കാരബാവോ കപ്പ്, എഫ്എ കപ്പ്, ഇഎഫ്എല്‍ കപ്പ, യുവേഫാ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്... ക്ലബ്ബിന്റെ ഷോ കെയ്സിലേക്ക് മാനേയുടെ കാലഘട്ടത്തില്‍ എത്താത്ത കിരീടങ്ങളില്ല. 296 മത്സരങ്ങളില്‍ റെഡ്സിന്റെ ജഴ്സിയണിഞ്ഞ സാദിയോ 120 ഗോളുകള്‍ നേടി. ആഫ്രിക്കന്‍ ഫുട്ബോളറായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാനേ, സെനഗലിനെ ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെയാണ് 30 കാരന് ക്ലബ്ബ് വിടാന്‍ തീരുമാനച്ചത്. ഗോളടി യന്ത്രം ലവണ്ടോസ്കിക്ക് പകരക്കാരനായാണ് വിങ്ങിലും മധ്യനിരയിലും ഒരേപോലെ കളിക്കുന്ന മാനെ ബയേണിലേക്കെത്തുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. മൂന്ന് വർഷത്തിനപ്പുറം മാനേക്ക് ജർമനിയിലും തുടരാന്‍ കഴിയില്ലായിരിക്കും. സാദിയോ മാനേ എന്നാല്‍ ഫുട്ബോളാണ്. അതിന് അധിക കാലം എവിടെയെങ്കിലും നിശ്ചലമായിരിക്കാനാകില്ല.
story highlights : sadio manes life story