Top

രണ്ടുവട്ടം സലായുടെ നെഞ്ചു കലക്കിയ സഹകളിക്കാരൻ; മാനെ ദി മജിഷ്യൻ

സാലെയെയാണ് ആഫ്രിക്കന്‍ നേഷന്‍സ് ഫൈനലില്‍ മാനെയ്ക്ക് തോല്‍പ്പിക്കേണ്ടി വന്നതെന്ന വൈകാരികത മാറ്റിയാല്‍ അഭിമാന നേട്ടമായിരുന്നു അത്.

30 March 2022 6:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടുവട്ടം സലായുടെ നെഞ്ചു കലക്കിയ സഹകളിക്കാരൻ; മാനെ ദി മജിഷ്യൻ
X

2022ലെ ഖത്തര്‍ ലോകകപ്പിന് സെനഗലിലെ രാജകുമാരന്‍മാര്‍ പന്തു തട്ടാനെത്തുമ്പോള്‍ അദ്ഭുതങ്ങളായി അട്ടിമറികള്‍ ഫുട്‌ബോള്‍ ലോകത്തിന് പ്രതീക്ഷിക്കാം. അതേസമയം സെനഗല്‍ ഖത്തറിലേക്ക് പറക്കുമ്പോള്‍ കണ്ണീരണയുന്നത് ലിവര്‍പൂളിലെ മാനെയുടെ സഹകളിക്കാരനാണ്, മുഹമ്മദ് സാലെ. ലിവര്‍പൂളിന്റെ മുന്നേറ്റസഖ്യമായ സാലെ-മാനെ മുന്‍പ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലും മുഖാമുഖമെത്തിയിരുന്നു, അന്നും വിജയം മാനെയെന്ന മജിഷ്യനൊപ്പം നിന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും സമനിലയിലായ മത്സരത്തില്‍ 4-2ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സെനഗല്‍ കപ്പുയര്‍ത്തി.

ഇത്തവണ ഖത്തറിലേക്ക് ആരാണ് വിമാനം കയറുകയെന്നത് ഫുട്‌ബോള്‍ ലോകം ആകാംശയോടെയാണ് നോക്കികണ്ടത്. 2002 ഫിഫ ലോകകപ്പില്‍ ഹാജി ദിയൂഫിന്റെയും ഇപ്പോഴത്തെ കോച്ച് സിസ്സെയുടെയും സെനഗല്‍ ക്വാര്‍ട്ടറിലെത്തിയതിന് ശേഷം മറ്റൊരു അദ്ഭുത ദിനത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അന്ന് സാക്ഷാല്‍ സിനദിന്‍ സിദാന്റെ ഫ്രാന്‍സിനെയും സ്വിറ്റ്‌സര്‍ലന്റിനെയും മറികടന്നാണ് ദിയൂഫും സംഘവും ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്ലോറി ദിനങ്ങള്‍ക്ക് ശേഷം സെനഗല്‍ ഉയര്‍ത്തെണീറ്റത് മാനെയും മെന്‍ഡിയുമെല്ലാം ഒന്നിച്ച സമീപകാലങ്ങളിലാണ്. സാലെയെയാണ് ആഫ്രിക്കന്‍ നേഷന്‍സ് ഫൈനലില്‍ മാനെയ്ക്ക് തോല്‍പ്പിക്കേണ്ടി വന്നതെന്ന വൈകാരികത മാറ്റിയാല്‍ അഭിമാന നേട്ടമായിരുന്നു അത്.

കാമറൂണിന് മുന്നില്‍ വീണ സിസ്സെ മാനേജറായി ഉയര്‍ത്തെണീറ്റു


20 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനല്‍. കൃത്യമായി പറഞ്ഞാല്‍ 2002 ഫെബ്രുവരി 13, ഇന്നത്തെ മാനേജര്‍ അലിയൊ സിസ്സെ സെനഗലിന്റെ പകിട്ടേകി മൈതാനത്തുണ്ട്. എതിരാളികള്‍ കാമറൂണ്‍. നിശ്ചിത അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാനായില്ല. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സെനഗലിനായി ഫെര്‍ഡിനാന്റ് അലക്സാണ്‍ഡ്രെ കോളി, ഖാലിയൊ ഫഡിഗ എന്നിവര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മുസ്തഫ ഫായെ, എല്‍ ഹാദി ഡിയൗഫ്, എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചു. കണ്ണീരണഞ്ഞ് പുല്‍മൈതാനത്ത് ഹൃദയം ചേര്‍ത്ത് സിസ്സെ കിടന്നു.

2002ലെ ലോകകകപ്പില്‍ ഫ്രഞ്ച് പടയെ മുട്ടുകുത്തിച്ച സെനഗലാണ് കാമറൂണിന് മുന്നില്‍ വീണതെന്ന് സിസ്സെയുടെ കണ്ണീരിന് ആക്കം കൂട്ടിയിരുന്നു. 2002ലെ ലോകകപ്പില്‍ സിസ്സെയ്ക്കൊപ്പം ഇറങ്ങിയ സെനഗലിന്റെ പോരാളികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് പുറത്താവുന്നത്. ആഫ്രിക്കന്‍ നേഷന്‍സിലേക്ക് ടീമിനെയെത്തിക്കാനുള്ള യവ്വൗനം പിന്നീട് സിസ്സെയ്ക്കുണ്ടായിരുന്നില്ല. 2015ല്‍ പരിശീലന കുപ്പായത്തിലാണ് പിന്നീട് സിസ്സെ എത്തിയത്. 2019ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ സിസ്സെ തന്റെ കുട്ടികളുമായി എത്തി. എന്നാല്‍ നിരാശ, 1-0ത്തിന് അള്‍ജീരയ്ക്കെതിരെ പരാജയപ്പെട്ട റണ്ണറപ്പായി മടക്കം.


ഇത്തവണ സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പുയര്‍ത്തിയപ്പോള്‍ മാനെയ്‌ക്കൊപ്പം സിസ്സെയെയും ലോകം വാഴ്ത്തി. സിസ്സെയുടെ തേരിലേറി ഖത്തറിലുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. അണ്ടര്‍ഡോഗ്‌സായ ടീമുകള്‍ പിന്തുണയ്ക്കുന്നതില്‍ ഒട്ടും പിന്നിലില്ലാത്ത കാല്‍പന്തു ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഈജിപ്റ്റിന്റെ ഹൃദയം തകര്‍ത്തായിരുന്നു യോഗ്യതാ മത്സരത്തിലെ മാനെ മാജിക്.

ഈജിപ്തുമായി നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു ഗോളിന് വിജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി സ്‌കോര്‍ നില 1-1ായത് മത്സരം പെനാല്‍റ്റിയിലേക്ക് എത്തിച്ചു. ആദ്യ പാദ മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ ഈജിപ്ത് വിജയിച്ചപ്പോള്‍, രണ്ടാം പാദത്തില്‍ സെനഗലിന്റെ ഗോള്‍ പിറന്നതും സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു. മത്സരം തുടങ്ങി നാലാം മിനുറ്റില്‍ ഈജിപ്ത താരം ഹംദി ഫാതിയുടെ കാലില്‍ നിന്നായിരുന്നു സെനഗലിന്റെ ഗോള്‍.

ഖത്തറില്‍ കാണാം, പ്രതീക്ഷകളും അട്ടിമറികളും


കാല്‍പന്തു കളിക്ക് മറ്റേത് കളിയെക്കാളും സൗന്ദര്യം നല്‍കുന്നത്, ആവേശം നല്‍കുന്നത്, അവസാന നിമിഷം വരെ എതിരാളികളെ മറിച്ചിടാനാകുമെന്ന പ്രതീക്ഷയാണ്. നിമിഷ നേരം കൊണ്ട് അട്ടിമറിയുണ്ടാക്കുന്ന ആ സൗന്ദര്യത്തിലാണ് സെനഗലിന്റെ സിസ്സെയും വിശ്വസിക്കുന്നത്. ലിവര്‍പൂളിന്റെ സ്വന്തം സാദിയോ മനേയുണ്ടാവും ഖത്തറില്‍. വലകാക്കാന്‍ എഡ്വേര്‍ഡ് മെന്‍ഡിയെന്ന അമാനുഷികന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ വല കാക്കുന്ന പ്രതിഭയാണ് മെന്‍ഡി. തീര്‍ന്നില്ല പ്രതിഭകളുടെ വസന്തം.

നാപോളിയുടെ വന്‍മതില്‍ എന്നറിയപ്പെടുന്ന കാലിദു(Kalidou Koulibaly) ഉറച്ച കരുത്തുള്ള പ്രതിരോധ ഭടന്‍. നാപോളിയുടെ പേരുകേട്ട പ്രതിരോധ തലവന് വിജയത്തില്‍ കൂടുതലൊന്നും കുറഞ്ഞ് സെനഗലിന് വാഗ്ദാനം ചെയ്യാനില്ല. ലോകത്തിലെ വമ്പന്‍മാരുടെ ക്ലബെന്നറിയപ്പെടുന്ന ബയേണ്‍ മ്യൂണിച്ചിന്റെ റൈറ്റ് വിംഗര്‍ ബൗണ സാര്‍ സിസ്സെയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാനുണ്ട്. പ്രതിരോധത്തില്‍ കഴിഞ്ഞല്ല പ്രതിഭകള്‍, കാലിദുവിനൊപ്പം കട്ടയ്ക്ക് പിന്തുണ നല്‍കിയത് അബ്ദൗ ഡയലോ(Abdou Diallo) എന്ന പിഎസ്ജിയുടെ സെന്റര്‍ ബാക്കുമുണ്ട്.

ഇനി കളി ഖത്തറിലെ ഫുട്‌ബോള്‍ മജ്‌ലിസിലാണ്, ഏകാഗ്രതയോടെ വ്രതമനുഷ്ടിച്ച് ലോകത്തിന്റെ നെറുകയിലെത്താന്‍ കാല്‍പന്ത് രാജകുമാരന്മാരെത്തും.

story highlights; Senegal to Qatar, disappointment to salah's Egypt

Next Story