റൊണാള്‍ഡോക്ക് പിന്നാലെ ബുസ്ക്വെറ്റ്സും അല്‍ നസറിലേയ്ക്ക്? എത്തുന്നത് റൊണാള്‍ഡോയുടെ താല്പര്യപ്രകാരം
മുന്‍ സ്പാനിഷ് ക്യാപ്റ്റന്‍ കൂടിയായ മധ്യനിര താരം അല്‍ നസറില്‍ തനിക്കൊപ്പം ചേരണമെന്ന് റൊണാള്‍ഡോയും ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു
10 Jan 2023 8:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ബാഴ്സലോണ ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്ക്വെറ്റ്സിനെ ടീമിലെത്തിക്കാനൊരുങ്ങി സൗദി ക്ലബ്ബ് അല്‍ നസര്‍. മുന്‍ സ്പാനിഷ് ക്യാപ്റ്റന്‍ കൂടിയായ മധ്യനിര താരം അല്‍ നസറില്‍ തനിക്കൊപ്പം ചേരണമെന്ന് റൊണാള്‍ഡോയും ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബാഴ്സലോണയ്ക്ക് മികച്ച വിജയങ്ങള്‍ നേടിക്കൊടുത്ത ബുസ്ക്വെറ്റ്സ് ക്ലബ്ബ് വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താരത്തെ അല്‍ നസര്‍ ടീമിലേക്ക് ക്ഷണിച്ചത്.
ഖത്തര്‍ ലോകകപ്പിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ ചേര്‍ന്നിരുന്നു. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേയ്ക്കാണ് അല്‍ നസര്‍ താരത്തെ സ്വന്തമാക്കിയത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. ക്ലബ്ബിനെതിരെയും പരിശീലകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് താരം യുണൈറ്റഡ് വിട്ടത്.
അതേസമയം റൊണാള്‍ഡോയെ ടീമിലുള്‍പ്പെടുത്താന്‍ കാമറൂണ്‍ താരം വിന്‍സെന്റ് അബൂബക്കറിനെ അല്‍ നസര്‍ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൗദി ലീഗ് നിയമപ്രകാരം ഒരു ക്ലബ്ബിന് എട്ട് വിദേശ താരങ്ങളെ വരെ രജിസ്റ്റര്‍ ചെയ്യാം. റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ക്ലബ്ബിന് അവരുടെ നിലവിലുള്ള വിദേശ കളിക്കാരില്‍ ഒരാളെ വിട്ടയയ്ക്കേണ്ടി വരും. അതിന് വേണ്ടിയാണ് അബൂബക്കറിന്റെ കരാര്‍ അവസാനിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
STORY HIGHLIGHTS: Ronaldo wants Barcelona midfielder to join him at Al-Nassr