Top

പീരങ്കിപ്പടയ്ക്കും സിറ്റി പിടിക്കാനായില്ല; പുതുവര്‍ഷത്തിലും പടയോട്ടം തുടര്‍ന്ന് പെപ്പും പിള്ളേരും

ബുകായോ സാകയിലൂടെ ആതിഥേയര്‍ ആദ്യം ലീഡ് നേടിയെങ്കിലും പെനാല്‍ട്ടിയിലൂടെ റിയാദ് മെഹ്റസും ഇഞ്ച്വറി ടൈമില്‍ റോഡ്രിയും നേടിയ ഗോളുകളില്‍ സിറ്റി വിജയക്കുതിപ്പ് തുടര്‍ന്നു.

1 Jan 2022 3:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീരങ്കിപ്പടയ്ക്കും സിറ്റി പിടിക്കാനായില്ല; പുതുവര്‍ഷത്തിലും പടയോട്ടം തുടര്‍ന്ന് പെപ്പും പിള്ളേരും
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുതിപ്പിന് കടിഞ്ഞാണിടാന്‍ പുതുവര്‍ഷത്തിലും എതിരാളികള്‍ വിയര്‍ക്കുന്നു. പുതുവത്സര ദിനമായ ഇന്നു നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോ്‌ളുകള്‍ക്ക് സിറ്റി ആഴ്‌സണലിനെ തോല്‍പിച്ചു. ആര്‍സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബുകായോ സാകയിലൂടെ ആതിഥേയര്‍ ആദ്യം ലീഡ് നേടിയെങ്കിലും പെനാല്‍ട്ടിയിലൂടെ റിയാദ് മെഹ്റസും ഇഞ്ച്വറി ടൈമില്‍ റോഡ്രിയും നേടിയ ഗോളുകളില്‍ സിറ്റി വിജയക്കുതിപ്പ് തുടര്‍ന്നു. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പ്രതിരോധതാരം ഗബ്രിയേല്‍ പുറത്തായത് ഗണ്ണേഴ്സിന് തിരിച്ചടിയായി.

സിറ്റിയുടെ മികച്ച ഫോമിനു മുന്നില്‍ പകച്ചു നില്‍ക്കാതെ നിരന്തരം സമ്മര്‍ദം ചെലുത്തിയ ആഴ്‌സണലിന് 31-ാം മിനിറ്റില്‍ തന്നെ ഫലം ലഭിച്ചു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ലഭിച്ച പന്തില്‍ നിന്നാണ് സാക്ക ആതിഥേയര്‍ക്ക് ലീഡ് നേടിക്കൊടുത്തത്. ഗോള്‍ നേടിയിട്ടും പ്രതിരോധത്തിലേക്കു വലിയാതെ സിറ്റിയുടെ നീക്കങ്ങള്‍ മധ്യനിരയില്‍ മുനയൊടിച്ച ആര്‍സനല്‍ ഹാഫ് ടൈമില്‍ ലീഡ് നിലനിര്‍ത്തി.

എന്നാല്‍, 57-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ കഷ്ടകാലം ആരംഭിച്ചു. ബോക്സില്‍ ബെര്‍ണാഡോ സില്‍വ ഡ്രിബിള്‍ ചെയ്തു കയറുന്നത് തടയാനുള്ള ശ്രമത്തിനിടെ ഗ്രാനിത് ഷാക്ക പെനാല്‍ട്ടി വഴങ്ങി. കിക്കെടുത്ത മെഹ്റസിന് പിഴച്ചില്ല. രണ്ട് മിനുട്ടിനുള്ളില്‍ കളിയുടെ ആവേശം കെടുത്തി ചുവപ്പുകാര്‍ഡുമെത്തി. ഗബ്രിയേല്‍ ജീസസിന്റെ മുന്നേറ്റം തടയാന്‍ പരുക്കനടവ് പ്രയോഗിച്ച ഗണ്ണേഴ്‌സ് താരം ഗബ്രിയേല്‍ മത്സരത്തിലെ തന്റെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ ആര്‍സനല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

ഇതോടെ കൂടുതല്‍ ഗോള്‍ വഴങ്ങതെ സമനിലയുമായി തടിതപ്പാനായി ആഴ്‌സണലിന്റെ ശ്രമം. ഇതു തിരിച്ചറിഞ്ഞ സിറ്റി ആക്രമിച്ചു കയറി. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ അവരുടെ ശ്രമങ്ങള്‍ ഫലം കണ്ടു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ റോഡ്രിയാണ് വിജയ ഗോളടിച്ചത്. ജയത്തോടെ 21 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുമായി സിറ്റി ബഹുദൂരം മുന്നിലെത്തി. 20 മത്സരങ്ങളില്‍ നിന്നു 42 പോയിന്റുമായി ചെല്‍സിയും 41 പോയിന്റുമായി ലിവര്‍പൂളുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 35 പോയിന്റ്ുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്തും തുടരുന്നു.

Next Story