Top

'എങ്ങനെയെങ്കിലും ഓടിരക്ഷപെടാന്‍ തോന്നി'; എല്‍ക്ലാസിക്കോ രാവിനെക്കുറിച്ച് റയല്‍ സൂപ്പര്‍ താരം ക്രൂസ്

ബാഴ്‌സലോണ താരങ്ങളായ ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം ഒന്നര മണിക്കൂര്‍ നേരത്തോളമാണ് ക്രൂസിന് മെഡിക്കല്‍ റൂമില്‍ ചിലവഴിക്കേണ്ടി വന്നത്.

24 March 2022 7:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എങ്ങനെയെങ്കിലും ഓടിരക്ഷപെടാന്‍ തോന്നി; എല്‍ക്ലാസിക്കോ രാവിനെക്കുറിച്ച് റയല്‍ സൂപ്പര്‍ താരം ക്രൂസ്
X

സ്പാനിഷ് ലാ ലിഗയില്‍ കഴിഞ്ഞാഴ്ച നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബദ്ധവൈരികളായ ബാഴ്‌സലോണയോടു കനത്ത പരാജയമാണ് റയല്‍ മാഡ്രിഡ് ഏറ്റുവാങ്ങിയത്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നിറഞ്ഞ കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റയല്‍ തലകുനിച്ചത്. ആ മത്സരം ഏതൊരു റയല്‍ താരവും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്.

എന്നാല്‍ മത്സരശേഷവും ഒന്നും ചെയ്യാനോ പറയാനോ പോലും പറ്റാതെ നിരാശനും അപമാനിതനുമായി ബാഴ്‌സലോണ താരങ്ങള്‍ക്കിടയില്‍പ്പെട്ടുപോയ അവസ്ഥയെക്കുറിച്ച് തുറന്നു പറയുകയാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ടോണി ക്രൂസ്. മത്സരത്തിനിടെ പരുക്കേറ്റ ക്രൂസിനെ ആദ്യ പകുതിക്കു ശേഷം പിന്‍വലിച്ചിരുന്നു. പിന്നീട് മത്സരശേഷമുള്ള ഉത്തേജക പരിശോധനയ്ക്കായി പോയപ്പോഴാണ് ക്രൂസ് ബാഴ്‌സ താരങ്ങള്‍ക്കിടയില്‍ പെട്ടുപോയത്.

ബാഴ്‌സലോണ താരങ്ങളായ ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം ഒന്നര മണിക്കൂര്‍ നേരത്തോളമാണ് ക്രൂസിന് മെഡിക്കല്‍ റൂമില്‍ ചിലവഴിക്കേണ്ടി വന്നത്. ആ അവസ്ഥ ഭീകരമായിരുന്നെന്നും മുറിയില്‍ നിന്ന് ഇറങ്ങിയോടാനാണ് തോന്നിയതെന്നും ക്രൂസ് ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു.

''മത്സരത്തിനിടെ എനിക്കു പരുക്കേറ്റിരുന്നു. സ്റ്റിച്ചിട്ട മുറിവില്‍ നിന്നു രക്തം വരുന്നുണ്ടായിരുന്നു. പക്ഷേ ഞാനതു കാര്യമാക്കിയതേയില്ല. മത്സരത്തിലേറ്റ കനത്ത തോല്‍വിയുടെ നിരാശയിലായിരുന്നു. അപ്പോഴാണ് ഡോക്ടര്‍ ഉത്തേജക പരിശോധനയ്ക്കായി എത്താന്‍ ആവശ്യപ്പെട്ടത്. ആ മുറിയില്‍ ആല്‍ബയും പിക്വെയുമായിരുന്നു എന്നെക്കൂടാതെ ഉണ്ടായിരുന്നത്. ഒന്നരമണിക്കൂറോളം അവര്‍ക്കൊപ്പം ഇരിക്കേണ്ടി വന്നു. ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല. അവര്‍ വിജയികളും ഞാന്‍ പരാജയപ്പെട്ടവനുമായിരുന്നു. അവിടെ നിന്ന് എങ്ങനെയെങ്കിലും ഓടിരക്ഷപെടാനാണ് തോന്നിയത്''- ക്രൂസ് പറഞ്ഞു.

മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ അഞ്ചു മത്സരം നീണ്ട റയലിന്റെ അപരാജിത കുതിപ്പിനാണ് ബാഴ്‌സ അവസാനം കുറിച്ചത്. മുന്‍ ഇതിഹാസ താരം ചാവി ഹെര്‍ണാണ്ടസ് ബാഴ്‌സയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അവര്‍ക്ക് മികച്ച തിരിച്ചുവരവിന് ഇന്ധനം പകരുന്ന ജയമാണിത്.

തോറ്റെങ്കിലും റയല്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 29 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി അവര്‍ കിരീടപ്പോരാട്ടത്തില്‍ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സെവിയയുമായി അവര്‍ക്ക് ഒമ്പതു പോയിന്റിന്റെ ലീഡുണ്ട്. 57 പോയിന്റുമായി സെവിയ രണ്ടാമതുള്ളപ്പോള്‍ 54 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്താണ്.

Next Story