Top

പെപ് നിങ്ങളുടെ ടീം തോറ്റത് റയലിനോടല്ല, കാര്‍ലോ അഞ്ജലോട്ടിയെന്ന മജിഷ്യനോടാണ്

'കഥ തീരാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അദ്ഭുത വഴികളിലൂടെ വിജയം പിടിച്ചടക്കിയ കാര്‍ലോ അഞ്ജലോട്ടി എഴുതിയ റയല്‍ ഗാഥ

5 May 2022 9:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെപ് നിങ്ങളുടെ ടീം തോറ്റത് റയലിനോടല്ല, കാര്‍ലോ അഞ്ജലോട്ടിയെന്ന മജിഷ്യനോടാണ്
X

90 മിനിറ്റും ഇഞ്ചുറി സമയവും തീരുന്നതിന് മുന്‍പുള്ള അവസാന സെക്കന്‍ഡിലും ഇരു ടീമുകള്‍ക്കും വിജയ സാധ്യതയുണ്ടെന്നതാണ് കാല്‍പന്തു കളിയുടെ സൗന്ദര്യം. കളിയെക്കുറിച്ച് എത്ര കണക്കുകള്‍ മുന്നിലുണ്ടെങ്കിലും അവസാന നിമിഷം കഥ മാറും. റയലിന്റെ തട്ടകത്തില്‍ ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനല്‍ അക്ഷരാര്‍ത്ഥത്തില്‍ കാല്‍പന്തു കളിയുടെ സൗന്ദര്യം സര്‍വ്വവും ആവാഹിച്ചതായിരുന്നു. 'കഥ തീരാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അദ്ഭുത വഴികളിലൂടെ വിജയം പിടിച്ചടക്കിയ കാര്‍ലോ അഞ്ജലോട്ടി എഴുതിയ റയല്‍ ഗാഥ.' പെപ് ഗാഡിയോളയെന്ന ഇന്ദ്രജാലക്കാരന്‍ പതറി വീണു പോയ ദുരന്ത ചരിത്രം.

സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ഏഴ് ഗോളുകളാണ് പിറന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു ഗോളിന്റെ മുന്‍തൂക്കം. ആധിപത്യ സ്വഭാവുമുള്ള പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. അതേസമയം പെപ് ഗാഡിയോളയുടെ തന്ത്രങ്ങള്‍ ആദ്യപാദത്തില്‍ പൂര്‍ണമായും വിജയിച്ചുവെന്ന് പറയാനാവില്ല. പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി കരീം ബെന്‍സേമയും സംഘവും നിരന്തരം ആക്രമണം നയിച്ചുകൊണ്ടേയിരുന്നു. മുന്നേറ്റത്തിലും മധ്യനിരയിലും കളി മെനയാന്‍ കഴിഞ്ഞുവെന്നതിനാല്‍ കാര്യങ്ങള്‍ ഏറെക്കുറേ സിറ്റിക്കൊപ്പം നിന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ കാര്യങ്ങളെല്ലാം മറിച്ചായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോളടിച്ചു സമ്മര്‍ദ്ദിലാവരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് റയല്‍ കളിച്ചത്.


പ്രതിരോധത്തില്‍ മികച്ചുനിന്നുവെന്ന് മാത്രമല്ല, മിഡ് ഫീല്‍ഡില്‍ കഠിനാദ്ധ്വാനം ചെയ്യാനും ടീമിനോട് കാര്‍ലോ അഞ്ജലോട്ടി നിര്‍ദേശിച്ചിരുന്നു. അഞ്ജലോട്ടിയുടെ തന്ത്രങ്ങള്‍ക്ക് അനുസരിച്ചാണ് ആദ്യ പകുതി മുന്നോട്ടുപോയത്. അവസാനം നിമിഷം വരെ പ്രഹര ശേഷിയുള്ള ടീമെന്ന നിലയില്‍ റയലിന് ഗോള്‍ വീഴാതെ നോക്കുകയായിരുന്നു കോച്ചിന്റെ ലക്ഷ്യം. കളിയുടെ കണക്കില്‍ സിറ്റി ഏറെ മുന്നിലായി, പലപ്പോഴും മഞ്ഞ കാര്‍ഡുകള്‍ റയലിന് പോക്കറ്റിലെത്തി. ആദ്യ പകുതിയില്‍ സിറ്റിയുടെ മുന്നേറ്റനിര തൊടുത്തുവിട്ട ഒന്നിലധികം വെടിയുണ്ട കണക്കെയുള്ള ഷോട്ടുകള്‍ കോര്‍ട്ടിയസ് കൈപ്പിടിയിലൊതുക്കി. പതറുമെന്ന തോന്നിച്ച നിമിഷത്തിലൊക്കെ കോര്‍ട്ടിയസ് രക്ഷകന്റെ കുപ്പായത്തിലെത്തുന്നുണ്ടായിരുന്നു.

ആദ്യ പകുതിയുടെ അവസാനം കരീം ബെന്‍സേമയ്ക്ക് ലഭിച്ച അവസരമല്ലാതെ കാര്യമായൊന്നും മുന്നേറാന്‍ റയലിന് കഴിഞ്ഞില്ല. എന്നാല്‍ അഞ്ജലോട്ടിയെന്ന മജിഷ്യന്റെ കളി പെപ് കാണാന്‍ പോകുന്നതെയുണ്ടായിരുന്നുള്ളു. വിനിഷ്യസ് ജൂനിയറിന് ലഭിച്ച മികച്ച ചാന്‍സോടു കൂടിയാണ് രണ്ടാം പകുതിയില്‍ റയല്‍ തുടങ്ങിയത്. എന്നാല്‍ 73 മിനിറ്റില്‍ റിയാദ് മെഹറസ് റയലിന്റെ വലകുലുക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കെത്തി. ഗോള്‍ വഴങ്ങിയതിന് ശേഷം അഞ്ജലോട്ടി തന്ത്രങ്ങള്‍ അടിമുടി മാറ്റി. ബെന്‍സേമ കളം നിറഞ്ഞു കളിക്കാന്‍ തുടങ്ങി, മധ്യനിരയില്‍ നിന്ന് നിരന്തരം എതിര്‍ ഡിയിലേക്ക് വെള്ള ജഴ്‌സണിഞ്ഞ താരങ്ങള്‍ നുഴഞ്ഞു കയറി കൊണ്ടിരുന്നു.


ഇതിനിടെ രണ്ടു തവണ സിറ്റിക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും തലനാരിഴയ്ക്ക് റയല്‍ രക്ഷപ്പെട്ടു. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റയല്‍ നടത്തിയ രണ്ട് തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ഗോളായി മാറിയതോടെ കാര്യങ്ങളുടെ ഗതി തന്നെ മാറി മറിഞ്ഞു. റയല്‍ അദ്ഭുതം സൃഷ്ടിച്ച രണ്ട് മിനിറ്റുകളെന്നാണ് ഫുട്‌ബോള്‍ ലോകം വിശേഷിപ്പിച്ച നിമിഷങ്ങള്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ബെന്‍സേമ സ്‌കോര്‍ ബോര്‍ഡ് തികച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന സെമിഫൈനല്‍, ഇഞ്ചുറി ടൈമിലും 100 ശതമാനം പ്രവരശേഷിയുള്ള ടീമിനെ വളര്‍ത്തിയെടുത്ത കാര്‍ലോയുടെ വിജയം.

Story Highlights: Real Madrid vs Manchester city champions league semi final

Next Story