Top

ഇന്‍ജുറി ടൈം ഗോളില്‍ രക്ഷപെട്ടു; ഗോകുലത്തിനു വീണ്ടും സമനില

ചുവപ്പ് കാര്‍ഡ് കണ്ട് രണ്ടു താരങ്ങളെ നഷ്ടമായിട്ടും കനത്ത പ്രതിരോധമുയര്‍ത്തിയ രാജസ്ഥാനെതിരേ ഇന്‍ജുറി ടൈമില്‍ റൊണാള്‍ഡ് സിങ് നേടിയ ഗോളാണ് ഗോകുലത്തിന് ഒരു പോയിന്റ് സമ്മാനിച്ചത്

29 March 2022 2:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്‍ജുറി ടൈം ഗോളില്‍ രക്ഷപെട്ടു; ഗോകുലത്തിനു വീണ്ടും സമനില
X

ഐ ലീഗ് ഫുട്‌ബോളില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനുള്ള അവസരം വീണ്ടും തുലച്ച് ഗോകുലം എഫ്.സി. പശ്ചിമ ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിനോടു 1-1 എന്ന സ്‌കോറില്‍ സമനില വഴങ്ങിയ ഗോകുലം രണ്ടാം സ്ഥാനത്തു തന്നെ തുടരും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോകുലം സമനിലയില്‍ കുരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നാമതുള്ള മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങുമായും ഗോകുലം പോയിന്റ് പങ്കിട്ടു പിരിഞ്ഞിരുന്നു.

ഇന്നു നടന്ന മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഗോകുലം സമനിലയുമായി രക്ഷപെടുകയായിരുന്നു. ചുവപ്പ് കാര്‍ഡ് കണ്ട് രണ്ടു താരങ്ങളെ നഷ്ടമായിട്ടും കനത്ത പ്രതിരോധമുയര്‍ത്തിയ രാജസ്ഥാനെതിരേ ഇന്‍ജുറി ടൈമില്‍ റൊണാള്‍ഡ് സിങ് നേടിയ ഗോളാണ് ഗോകുലത്തിന് ഒരു പോയിന്റ് സമ്മാനിച്ചത്. മികച്ച ഫുട്‌ബോള്‍ കാഴ്ചവച്ചെങ്കിലും കടുത്ത പ്രതിരോധക്കോട്ട ഉയര്‍ത്തിയ രാജസ്ഥാനു മുന്നില്‍ ഗോകുലത്തിന്റെ ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു.

സീസണില്‍ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള ടീമാണ് രാജസ്ഥാന്‍. ഏഴു മത്സരങ്ങളില്‍ നിന്ന് വെറും മൂന്നു ഗോളുകള്‍ മാത്രമാണ് അവര്‍ വഴങ്ങിയിട്ടുണ്ട്. ഇന്ന് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചു കളിച്ച അവര്‍ ആദ്യ പകുതിയില്‍ സര്‍ദോര്‍ ജാഖോനോവിന്റെ ഗോളിലാണ് ലീഡ് നേടിയത്.

ഇടവേളയില്‍ ലീഡ് നിലനിര്‍ത്തിയ രാജസ്ഥാന്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. 66-ാം മിനിറ്റില്‍ ഒമര്‍ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയ അവര്‍ പിന്നീട് 'ബസ് പാര്‍ക്കിങ്' ഗെയിമാണ് കാഴ്ചവച്ചത്. ഗോകുലത്തിന്റെ ഓരോ മുന്നേറ്റവും പ്രതിരോധക്കോട്ടയില്‍ തട്ടിത്തെറിച്ചു.

സീസണില്‍ ആദ്യമായി കേരളാ ക്ലബ് പരാജയം ഏറ്റുവാങ്ങുമെന്നു തോന്നിപ്പിച്ച നിമിഷത്തിലാണ് റൊണാള്‍ഡ് സിങ് രക്ഷകനായി അവതരിച്ചത്. പിന്നീട് ശേഷിച്ച മിനിറ്റുകളില്‍ വിജയഗോളിനായി പൊരുതിയെങ്കിലും രാജസ്ഥാന്‍ വഴങ്ങിയില്ല. അവസാന മിനിറ്റില്‍ അനില്‍ ചവാനും ചുവപ്പ് കണ്ടതോടെ ഒമ്പതു പേരായി ചുരുങ്ങിയിട്ടും രാജസ്ഥാന്‍ പിടിച്ചുനിന്ന് സമനില സ്വന്തമാക്കുകയായിരുന്നു.

Next Story