നെയ്മറിനെ ഒഴിവാക്കാന്‍ പി.എസ്.ജി; പകരം ലക്ഷ്യമിടുന്നത് സലയെ?
നെയ്മറെ സംബന്ധിച്ച് സീനിയര്‍ കരിയറിലെ ഏറ്റവും മോശം പ്രകടനമെന്ന നാണക്കേടാണ് ഈ സീസണില്‍ കാത്തിരിക്കുന്നത്.
7 April 2022 4:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ ഒഴിവാക്കാന്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജി. ആലോചിക്കുന്നു. തുടര്‍ച്ചയായ പരിക്കുകള്‍ മൂലം മത്സരങ്ങള്‍ നഷ്ടമാകുന്നതും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നിരന്തരം നടത്താന്‍ കഴിയാത്തതുമാണ് താരത്തെ ഒഴിവാക്കുന്നതിലേക്ക് ക്ലബ് മാനേജ്മെന്റിനെ എത്തിച്ചത്.
താരത്തെ ഈ സമ്മര്‍ ജാലകത്തില്‍ വില്‍ക്കാനാണ് പി.എസ്.ജിയുടെ നീക്കം. ചാമ്പ്യന്‍സ് ലീഗ് വിജയം ലക്ഷ്യമിട്ട് വലിയ വിലയ്ക്ക് ബാഴ്സയില്‍ നിന്നാണ് നെയ്മറിനെ പി.എസ്.ജി. റാഞ്ചിയത്. എന്നാല്‍ താരം ക്ലബിലെത്തി അഞ്ചു വര്‍ഷമായിട്ടും പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗ് കിട്ടാക്കനിയായി തുടരുകയാണ്.
നെയ്മറെ സംബന്ധിച്ച് സീനിയര്‍ കരിയറിലെ ഏറ്റവും മോശം പ്രകടനമെന്ന നാണക്കേടാണ് ഈ സീസണില്‍ കാത്തിരിക്കുന്നത്. താരത്തിന് പതിനേഴു വയസും ഇരുപത്തിയൊന്നു വയസും പ്രായമുള്ളപ്പോള്‍ സാന്റോസിനൊപ്പം പതിമൂന്നു ഗോളുകള്‍ നേടിയതാണ് ഗോളുകളുടെ എണ്ണത്തില്‍ നെയ്മറുടെ മോശം പ്രകടനം. ഈ സീസണിലിതു വരെ ഏഴു ഗോളുകള്‍ മാത്രമാണ് നേടാനായത്.
നെയ്മറിനു പകരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളില്‍ നിന്ന് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയെ എത്തിക്കാനാണ് പി.എസ്.ജി. ലക്ഷ്യമിടുന്നത്. എന്നാല്‍ സലയ്ക്കായി സ്പാനിഷ് ക്ലബ് ബാഴ്സലോണയും രംഗത്തുണ്ട്. തനിക്ക് സ്പെയിനില്‍ കളിക്കാന്‍ താല്പര്യമുണ്ടെന്നു സലയും വ്യക്തമാക്കിക്കഴിഞ്ഞു.