Top

ജീവന്മരണപ്പോരിന് ക്രിസ്റ്റിയാനോയും സംഘവും; പറങ്കിപ്പടയ്‌ക്കെതിരേ തുര്‍ക്കി

ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് പോര്‍ചുഗലിനും ഇറ്റലിക്കും പ്ലേ ഓഫ് കളിക്കേണ്ടി വന്നത്.

24 March 2022 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവന്മരണപ്പോരിന് ക്രിസ്റ്റിയാനോയും സംഘവും; പറങ്കിപ്പടയ്‌ക്കെതിരേ തുര്‍ക്കി
X

ഖത്തറില്‍ ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത തേടി സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ഇന്ന് നിര്‍ണായക പ്ലേ ഓഫ് മത്സരത്തിനിറങ്ങുന്നു. ഇന്നു രാത്രി 1:15ന് നടക്കുന്ന മത്സരത്തില്‍ തുര്‍ക്കിയാണ് പോര്‍ചുഗലിന്റെ എതിരാളികള്‍. ഇന്നു ജയിക്കാനായാല്‍ പ്ലേ ഓഫിന്റെ അടുത്ത റൗണ്ടില്‍ ഇറ്റലി-നോര്‍ത്ത് മസഡോണിയ മത്സരത്തിലെ വിജയികളെ നേരിടാം. ഇന്നു തോല്‍വിയാണ് കാത്തിരിക്കുന്നതെങ്കില്‍ ക്രിസ്റ്റിയാനോ ഇല്ലാത്ത ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കും.

ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് പോര്‍ചുഗലിനും ഇറ്റലിക്കും പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. ഖത്തറിലേക്ക് ടിക്കറ്റ് എടുക്കാന്‍ ഇരുടീമുകള്‍ക്കും കഠിനമായ പരീക്ഷണങ്ങളെയാണ് അതിജീവിക്കേണ്ടത്. നിരവധി തിരിച്ചടികളുമായാണ് പോര്‍ചുഗല്‍ ഇന്ന് തുര്‍ക്കിക്കെതിരേ ഇറങ്ങുന്നത്.

പ്രതിരോധനിരയിലെ രണ്ടു സൂപ്പര്‍ താരങ്ങളാണ് നിര്‍ണായക മത്സരങ്ങള്‍ക്കു മുമ്പ് പരുക്കേറ്റു ടീമിനു പുറത്തായത്. റൂബന്‍ ഡയസിനു പിന്നാലെ ഇപ്പോള്‍ പെപ്പെയാണ് പരുക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. നേരത്തെ പ്ലേ ഓഫിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡയസിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പെപ്പെ സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു.

പക്ഷേ കഴിഞ്ഞ ദിവസം താരം കോവിഡ് പോസിറ്റീവായതോടെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. താരത്തെ ഐസൊലേഷനിലേക്കു മാറ്റിയെന്നും പകരക്കാരനായി ഫ്രഞ്ച് ക്ലബ് ലില്ലെയ്ക്കായി കളിക്കുന്ന യുവതാരം തിയാഗോ യാലോയെ ഉള്‍പ്പെടുത്തിയെന്നും പോര്‍ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. മുപ്പത്തിയൊന്‍പതു വയസായെങ്കിലും പോര്‍ച്ചുഗീസ് ടീമിലെ പ്രധാന താരമായ പെപ്പെ കളിക്കാതിരുന്ന അവസാന ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും പോര്‍ച്ചുഗല്‍ പോയിന്റ് നഷ്ടമാക്കിയിട്ടുണ്ട്. അതിനാല്‍ താരത്തിന്റെ അസാന്നിധ്യം ടീമിന് വലിയ വെല്ലുവിളിയാണ്.

അതേസമയം സമ്മര്‍ദം ടീമിന്റെ കരുത്താണെന്നും മികച്ച പ്രഫഷണല്‍ താരങ്ങളുള്ള ടീമിന് സമ്മര്‍ദ്ദത്തിനടിപ്പെടാതെ ജയത്തിലേക്കു കുതിക്കാന്‍ കഴിയുമെന്നും പോര്‍ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു.

'പോര്‍ച്ചുഗല്‍ ദേശീയ ടീമിന് എല്ലായിപ്പോഴും ഉണ്ടായിട്ടുള്ള സമ്മര്‍ദ്ദം പോസിറ്റിവാണ്. ഞങ്ങള്‍ കളിച്ച രണ്ടു ഫൈനലുകളിലും ടീം വിജയിച്ചു. യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമായവയില്‍, സെര്‍ബിയയുമായുള്ള മത്സരം മാറ്റി നിര്‍ത്തിയാല്‍, ഞങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഈ കളിക്കാര്‍ക്ക് വളരെയധികം അനുഭവസമ്പത്തുള്ളതിനാല്‍ സമ്മര്‍ദ്ദം സ്വാധീനിക്കുകയില്ല.' സാന്റോസ് പറഞ്ഞു.

Next Story