Top

വിവാദ തീരുമാനങ്ങള്‍ക്കൊടുവില്‍ ബംഗളുരുവിനെ അടിച്ചിട്ട് ഒഡീഷ

ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് ഒഡീഷയുടെ മിന്നും ജയത്തിനു പിന്നില്‍. അരിഡെയാണ് അവരുടെ മറ്റൊരു ഗോള്‍ നേടിയത്.

24 Nov 2021 4:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാദ തീരുമാനങ്ങള്‍ക്കൊടുവില്‍ ബംഗളുരുവിനെ അടിച്ചിട്ട് ഒഡീഷ
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടക്കം കുറിച്ച് ഒഡീഷ എഫ്.സി. ഇന്നു നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കു ബംഗളൂരു എഫ്‌സിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് ഒഡീഷയുടെ മിന്നും ജയത്തിനു പിന്നില്‍.

അരിഡെയാണ് അവരുടെ മറ്റൊരു ഗോള്‍ നേടിയത്. ബെംഗളൂരു എഫ്‌സിയുടെ ആശ്വാസ ഗോള്‍ നേടിയത് അലന്‍ കോസ്റ്റയും. മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഒരു റീ ബൗണ്ടില്‍ നിന്നു ബംഗളുരു താരം ക്ലീറ്റണ്‍ സില്‍വ ഗോള്‍വല കുലുക്കിയെങ്കിലും റഫറി അനുവദിക്കാഞ്ഞത് വിവാദമായി.

ഈ സീസണില്‍ കിക്കോ റാമിറസിനെ പരിശീലകനാക്കി എത്തിച്ച് ഏറെ പ്രതീക്ഷയുമായി എത്തിയ ഒഡീഷ എഫ്സി കന്നിയങ്കത്തില്‍ തന്നെ തകര്‍പ്പന്‍ ജയം നേടകയായിരുന്നു. കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ഫെര്‍ണാണ്ടസിലൂടെ ലീഡ് നേടാന്‍ ഒഡീഷക്കായി.

ഗുര്‍പ്രീതിന്റെ പിഴവ് മുതലെടുത്ത ഹെര്‍ണാണ്ടസ് ഐ.എസ്.എല്ലിലെ തന്റെ 19-ാം ഗോള്‍ സ്വന്തമാക്കി. എന്നാല്‍ അലന്‍ കോസ്റ്റയിലൂടെ 21-ാം മിനുട്ടില്‍ ബെംഗളൂരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ ഇരുടീമുകളും തുല്യതയില്‍ പിരിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹെര്‍ണാണ്ടസ് മനോഹരമായൊരു ഫ്രീ കിക്ക് ഗോളിലൂടെ ഒഡീഷയെ വീണ്ടും മുന്നിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ ആക്രമണം കനപ്പിച്ചെങ്കിലും ബംഗളൂരുവിന് ലക്ഷ്യം കാണാനായില്ല.

61-ാം മിനിറ്റില്‍ ക്ലീറ്റന്‍ സില്‍വയെ ബോക്‌സില്‍ വീഴ്ത്തിയതിന് ബംഗളൂരുവിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്ക് ലക്ഷ്യം കാണാനാവാഞ്ഞത് തിരിച്ചടിയായി. ഛേത്രിയുടെ കിക്ക്ഒഡീഷ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗ് തടുത്തിട്ടശേഷം റീബൗണ്ടില്‍ ക്ലീറ്റന്‍ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

തീരുമാനത്തില്‍ ബംഗളുരു താരങ്ങള്‍ ഏറെ നേരം പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം പുനഃപരിശോധിക്കാന്‍ തയാറായില്ല. പിന്നീട് സമനില ഗോളിനായി ബംഗളുരുു കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ അരിദായി സുവാരസിന്റെ ഗോളിലൂടെ ഒഡീഷ വിജയവും മൂന്ന് പോയന്റും ഉറപ്പിച്ചു. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ഒഡീഷ ബെംഗലൂരുവിനെ തോല്‍പ്പിക്കുന്നത്. ബംഗളൂരു എഫ്സിയുടെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്.

Next Story

Popular Stories