പിഎസ്ജിയില്‍ മെസ്സിയെ കണ്ട ഉടനെ നെയ്മറുടെ ചോദ്യം ഇങ്ങനെ; ആലിംഗനം, ഗാര്‍ഡ് ഓഫ് ഓണര്‍
മെസ്സിയെത്തുമ്പോള്‍ എംബാപ്പെ ടീമിനൊപ്പം ഉണ്ടായിരുന്നില്ല
5 Jan 2023 10:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാരിസ്: ലോകകപ്പ് വിജയത്തിനു ശേഷം അര്‍ജന്റൈന്‍ നായകന് ലയണല്‍ മെസ്സി ഫ്രെഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ തിരിച്ചെത്തി. പാരിസില്‍ മടങ്ങിയെത്തിയ താരത്തിനെ നെയ്മര്‍ ഉള്‍പ്പടെയുള്ള സഹതാരങ്ങള്‍ അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ പിഎസ്ജി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പരിശീലനത്തിനിറങ്ങിയ മെസ്സിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.
Messi's PSG teammates with the guard of honor 👏
— ESPN FC (@ESPNFC) January 4, 2023
(via @PSG_inside) pic.twitter.com/ltOKPw0Jgh
ആഘോഷങ്ങള്‍ക്ക് ശേഷം പാരിസിലേക്ക് മടങ്ങിയെത്തിയ മെസ്സിയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ നല്‍കിയത്. 'എങ്ങനെയുണ്ട് ലോക ചാമ്പ്യന്‍?' എന്നാണ് നിറഞ്ഞ പുഞ്ചിരിയോടെ നെയ്മര്‍ ചോദിച്ചത്. ഡ്രെസിങ് റൂമിലെത്തിയ മെസ്സിയെ കണ്ടപാടെ നെയ്മര്‍ ആലിംഗനം ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Neymar: "How are you champion of the world?" 🇦🇷🇧🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 4, 2023
pic.twitter.com/lmuE48IvGl
പിഎസ്ജിയിലെ സഹതാരമായ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെയാണ് ലോകകപ്പ് ഫൈനലില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന പരാജയപ്പെടുത്തിയത്. ലോകകപ്പിന് ശേഷം ഉടന്‍ തന്നെ എംബാപ്പെ പിഎസ്ജിയില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാല്‍ മെസ്സിയെത്തുമ്പോള്‍ എംബാപ്പെ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. സുഹൃത്തും സഹതാരവുമായ അക്രഫ് ഹക്കിമിയുടെ കൂടെ എന്‍ബിഎ മത്സരങ്ങള്‍ കാണാന്‍ അമേരിക്കയിലെത്തിയതാണ് ഫ്രെഞ്ച് സൂപ്പര്‍ താരം എംബാപ്പെ.
ലീഗ് വണ്ണിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മെസ്സി ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. ലോകപ്പിന് ശേഷം സ്ട്രാസ്ബര്‍ഗിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി വിജയിച്ചിരുന്നു. എംബാപ്പെയുടെ പെനല്‍റ്റി ഗോളില്‍ കഷ്ടപ്പെട്ട് വിജയിച്ച മത്സരത്തില്‍ നെയ്മര്‍ക്ക് റെഡ്കാര്‍ഡ് ലഭിച്ചിരുന്നു. നെയ്മറും മെസ്സിയുമില്ലാതെ രണ്ടാം മത്സരത്തില്‍ ലെന്‍സിനെതിരെ ഇറങ്ങിയ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഫ്രഞ്ച് ലീഗില്‍ ശനിയാഴ്ച ഷത്തൂഹുവിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.
STORY HIGHLIGHTS: Neymar gives Lionel Messi a heartwarming welcome upon his PSG return