Top

'നെയ്മര്‍ അടിച്ചു ഫിറ്റായാണ് പരിശീലനത്തിനെത്തുന്നത്'; താരത്തെ പുറത്താക്കണമെന്ന് ആവശ്യം

ക്ലബിന് യാതൊരു ഗുണവുമില്ലാത്ത നെയ്മറിനെ ടീമില്‍ നിലനിര്‍ത്തുന്നതിനോടു ബഹുഭൂരിപക്ഷം ആരാധകര്‍ക്കും വിയോജിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

23 March 2022 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെയ്മര്‍ അടിച്ചു ഫിറ്റായാണ് പരിശീലനത്തിനെത്തുന്നത്; താരത്തെ പുറത്താക്കണമെന്ന് ആവശ്യം
X

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരേ ഗുരുതര ആരോപണവുമായി പ്രമുഖ ഫ്രഞ്ച് കായിക മാധ്യമപ്രവര്‍ത്തകള്‍ ഡാനിയേല്‍ റിയോളോ. നെയ്മര്‍ ടീമിനൊപ്പം കൃത്യമായി പരിശീലനം നടത്താറില്ലെന്നും പലപ്പോഴും പരിശീലനത്തിനെത്തുന്നത് മൂക്കറ്റം മദ്യപിച്ചിട്ടാണെന്നുമാണ് ഫ്രാന്‍സിലെ മുന്‍നിര മാധ്യമങ്ങളിലൊന്നായ ആര്‍.എം.സി. സ്‌പോര്‍ട്ടിന്റെ മുതിര്‍ന്ന ലേഖകനായ റിയോളോ ആരോപിക്കുന്നത്.

''നെയ്മര്‍ കൃത്യമായി പരിശീലനം നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. തോന്നിയപോലെ വന്നു തോന്നിയത് കാട്ടി പോകാറാണ് പതിവ്. പലപ്പോഴും വരുന്നത് മൂക്കറ്റം മദ്യപിച്ചിട്ടാണ്. ടീമംഗങ്ങളുമായി ഇടപഴകുന്നത് തന്നെ അപൂര്‍വമാണ്. പിന്നെയെങ്ങനെ താരത്തിന് ടീമുമായി ഒത്തിണങ്ങാന്‍ കഴിയും. നെയ്മര്‍ പി.എസ്.ജിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്'' റിയോളോ പറഞ്ഞു.

താരത്തിനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് റിയോളോ അഴിച്ചുവിട്ടത്. ക്ലബിന് യാതൊരു ഗുണവുമില്ലാത്ത നെയ്മറിനെ ടീമില്‍ നിലനിര്‍ത്തുന്നതിനോടു ബഹുഭൂരിപക്ഷം ആരാധകര്‍ക്കും വിയോജിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നെയ്മറിനെ ആരാധകര്‍ക്കു പോലും വേണ്ട. അദ്ദേഹത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി കാണാന്‍ പോലും പല ആരാധകരും തയാറായിട്ടില്ല. ഇനിയും എന്തിനാണ് ഇങ്ങനൊരു താരത്തെ ടീമില്‍ നിലനിര്‍ത്തുന്നത്''- റിയോളോ ചോദിച്ചു.

ടീം മാനേജ്‌മെന്റിനെതിരേയും അദ്ദേഹം വിമര്‍ശനം അഴിച്ചുവിട്ടു. ഇത്രയും താരസമ്പന്നമായ ടീമായിട്ടും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ തോല്‍വി നേരിട്ടപ്പോള്‍ അതിനെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ മാനേജ്‌മെന്റിലെ ആരും തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''പി.എസ്.ജി. ഒരു ടീമേ അല്ല. അവിടെയൊരു കോച്ച് ഇല്ല, ഒരു മാനേജ്‌മെന്റില്ല. ചാമ്പ്യന്‍സ് ലീഗിലെ ദുരന്തത്തിനു ശേഷം അതിനേക്കുറിച്ച് സംസാരിക്കാന്‍ പോലും ടീം ഉടമ ഇതുവരെ തയാറായിട്ടില്ല. ഇതുപോലൊരു ദുരന്തം സംഭവിച്ചാല്‍ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ അതിനു തയാറാകാതെ ടീം മാനേജ്‌മെന്റ് സമ്പൂര്‍ണ പരാജയമായി മാറി''- റിയോളോ വ്യക്തമാക്കി.

Next Story