ആദ്യ പകുതിയില്‍ മുംബൈയുടെ ഗോള്‍ മഴ; അടി പതറി ബ്ലാസ്റ്റേഴ്സ്
മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഗോളടിച്ച് കൊണ്ട് മുംബൈ കേരളത്തെ ഞെട്ടിച്ചു
8 Jan 2023 2:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയില്‍ അടി പതറി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ച് വിട്ട് ആദ്യ പകുതിയില്‍ തന്നെ മുംബൈ നാല് ഗോളുകള്‍ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് അടിച്ച് കയറ്റി. മുംബൈ ആക്രമണങ്ങള്‍ക്ക് മുന്നില്‍ കാഴ്ച്ചക്കാരായി നില്ക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെയാണ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ മൈതാനത്ത് കണ്ടത്.
മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഗോളടിച്ച് കൊണ്ട് മുംബൈ കേരളത്തെ ഞെട്ടിച്ചു. മുന്‍ ബ്ലാസ്റ്റേഴ്സ് താരമായ ഓര്‍ഗെ പെരേരയാണ് മുംബൈയ്ക്കായി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ഗ്രെഗ് സ്റ്റ്യുവര്‍ട്ടും മഞ്ഞപ്പടയ്ക്കെതിരെ വലകുലുക്കി. എട്ടാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് മുംബൈ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും ഡയമന്റക്കോസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ലാച്ചെന്‍പ കൈയ്യിലൊതുക്കി.
രണ്ടാം ഗോള്‍ നേടി അധിക സമയം വേണ്ടി വന്നില്ല. 16-ാം മിനുട്ടില്‍ മുംബൈ വക മൂന്നാമത്തെ പ്രഹരം. ബിപിന്‍ സിംഗിന്റെ ഒന്നാന്തരം ഷോട്ട് കേരളാ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിന് തട്ടിയകറ്റാനായില്ല, പന്ത് വലയിലേയ്ക്ക്. 22-ാം മിനുട്ടില്‍ ഓര്‍ഗെ പേരേരയുടെ രണ്ടാമത്തെ ഗോളും പിറന്നു. മുംബൈ നാല് ഗോളിന് മുന്നില്‍. പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.
Story highlights: Mumbai leading against Kerala Blasters on Indian Super League