Top

ഹൈദരാബാദ് 'കളിച്ചാല്‍' ബ്ലാസ്‌റ്റേഴ്‌സിന് നാളെ പ്ലേ ഓഫ് ഉറപ്പിക്കാം; അല്ലെങ്കില്‍ ഗോവയെ തീര്‍ക്കണം

ഹൈദരാബാദിനെതിരേ നടക്കുന്ന മത്സരത്തില്‍ മുംബൈ ജയിച്ചില്ലെങ്കില്‍ അവസാന മത്സരം കളിക്കാതെ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് നാളെ പ്ലേ ഓഫ് ഉറപ്പാക്കാം.

4 March 2022 8:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈദരാബാദ് കളിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് നാളെ പ്ലേ ഓഫ് ഉറപ്പിക്കാം; അല്ലെങ്കില്‍ ഗോവയെ തീര്‍ക്കണം
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിനരികെ എത്തിയിരിക്കുകയാണ്. അവസാന നാലില്‍ എത്താനുള്ള മത്സരത്തില്‍ മുംബൈയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നത്.

നിര്‍ണായക മത്സരത്തില്‍ അവരെ തോല്‍പിക്കാന്‍ കഴിഞ്ഞെങ്കിലും കേരളാ ടീമിന് ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാറായിട്ടില്ല. ഇപ്പോഴും ഭീഷണിയായി മുംബൈ നിലനില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാമതും 31 പോയിന്റുമായി മുംബൈ നാലാമതുമാണ്.

ഇരുടീമുകള്‍ക്കും ഓരോ മത്സരങ്ങള്‍ വീതം ബാക്കിയുണ്ട്. മുംബൈ നാളെ ഹൈദരാബാദ് എഫ്.സിയെ നേരിടുമ്പോള്‍ ആറിന് എഫ്.സി. ഗോവയ്‌ക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. പ്ലേ ഓഫിലേക്കു നേരത്തെ തന്നെ യോഗ്യത നേടിയ ഹൈദരാബാദിനെതിരേ നടക്കുന്ന മത്സരത്തില്‍ മുംബൈ ജയിച്ചില്ലെങ്കില്‍ അവസാന മത്സരം കളിക്കാതെ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് നാളെ പ്ലേ ഓഫ് ഉറപ്പാക്കാം.

അതേസമയം മത്സരം മുംബൈ ജയിച്ചാല്‍ 34 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സിനു മുന്നില്‍ നാലാം സ്ഥാനത്ത് എത്താന്‍ അവര്‍ക്കു വീണ്ടും അവസരം ലഭിക്കും. അങ്ങനെ വന്നാല്‍ എഫ്.സി. ഗോവയ്‌ക്കെതിരായ മത്സരം ബ്ലാസ്‌റ്റേഴ്‌സിനു ജയിച്ചേ തീരൂയെന്ന അവസ്ഥയാകും. ഈ സീസണിലെ ഫോം വിലയിരുത്തിയാല്‍ ഗോവ ബ്ലാസ്‌റ്റേഴ്‌സിനു വെല്ലുവിളിയല്ല.

എന്നാല്‍ ഗോവയ്‌ക്കെതിരേ കളിക്കുമ്പോള്‍ എന്നും ബ്ലാസ്‌റ്റേഴ്‌സിന് ഒരു ചുവട് പിഴയ്ക്കാറുണ്ട്. ഈ സീസണിലെ ആദ്യ പാദത്തിലും ഇതു കണ്ടതാണ്. അന്ന് 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തില്‍ ആദ്യം രണ്ടു ഗോള്‍ ലീഡ് നേടിയ ശേഷം രണ്ടു ഗോള്‍ വഴങ്ങി അന്നു നഷ്ടപ്പെടുത്തിയ രണ്ടു പോയിന്റുകള്‍ ഇപ്പോള്‍ നിര്‍ണായകമായിരിക്കുകയാണ്.

ഐ.എസ്.എല്‍. ചരിത്രം പരിശോധിച്ചാലും ബ്ലാസ്‌റ്റേഴ്‌സിനു മേല്‍ ഗോവന്‍ ആധിപത്യം കാണാം. ഇതുവരെ എല്ലാ സീസണുകളിലുമായി 15 തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. അതില്‍ ഒമ്പതു തവണയും ജയം ഗോവയ്‌ക്കൊപ്പമായിരുന്നു. വെറും മൂന്നു തവണമാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനു ജയിക്കാനായത്. ഈ സീസണിലെ ആദ്യ മത്സരമുള്‍പ്പടെ മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. ഗോവ 36 തവണ ബ്ലാസ്‌റ്റേഴ്‌സ് വലകുലുക്കിയപ്പോള്‍ തിരിച്ചടിക്കാനായത് 19 ഗോള്‍ മാത്രം.

അതിനാല്‍ത്തന്നെ അവസാന മത്സരം വരെ കാത്തിരിക്കാതെ നാളെത്തന്നെ പ്ലേ ഓഫ് ഉറപ്പാകണേയെന്നാണ് ഓരോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ചിന്തിക്കുന്നത്. എന്നാല്‍ അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാര്‍ത്തകളല്ല ഹൈദരാബാദ് ക്യാമ്പില്‍ നിന്നു വരുന്നത്. സീസണില്‍ തുടര്‍ജയങ്ങളുമായി ഒന്നാം സ്ഥാനത്തു കുതിച്ചിരുന്ന ഹൈദരാബാദ് ടീം ക്യാമ്പില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ മികച്ച താരങ്ങളില്‍ പലര്‍ക്കും പരിശീലനം ഒഴിവാക്കി വിശ്രമം അനുവദിക്കേണ്ട സാഹചര്യമാണ്.

കഴിഞ്ഞ ദിവസം ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ഇതിന്റെ പ്രതഫലനം കണ്ടതാണ്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് അന്നു ജംഷഡ്പൂരിനോടു തോറ്റ ഹൈദരാബാദിന് ഒന്നാം സ്ഥാനവും നഷ്ടമായിരുന്നു. ഈ സാഹചര്യം മുംബൈ സിറ്റി മുതലാക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

Next Story