'സിദാന് എന്നാല്‍ ഫ്രാന്‍സ്'; ഫ്രെഞ്ച് ഇതിഹാസത്തെ അപമാനിച്ച ഫുട്ബോള്‍ പ്രസിഡന്റിനെതിരെ എംബാപ്പെ
ഫ്രാന്‍സിന്റെ പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് സിദാന് വിളിച്ചാല്‍ താന്‍ ഫോണ്‍ പോലും എടുക്കില്ലെന്നായിരുന്നു ഗ്രായെറ്റ് പറഞ്ഞത്
9 Jan 2023 8:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാരിസ്: ഇതിഹാസതാരം സിനദിന്‍ സിദാനെ അപമാനിച്ച ഫ്രെഞ്ച് ഫുട്ബോള്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രായെറ്റിനെതിരെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫ്രാന്‍സിന്റെ പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് സിദാന് വിളിച്ചാല്‍ താന്‍ ഫോണ്‍ പോലും എടുക്കില്ലെന്നായിരുന്നു ഗ്രായെറ്റ് പറഞ്ഞത്. ഫ്രെഞ്ച് ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാവാനുള്ള സിദാന്റെ ആഗ്രഹത്തെ അവഗണിച്ച് ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ നീട്ടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗ്രായെറ്റ് സിദാനെ പരിഹസിച്ച് സംസാരിച്ചതാണ് ഏറെ വിവാദമായത്.
ദിദിയര്‍ ദെഷാംപ്സിന്റെ കാലാവധി നീട്ടിക്കൊടുത്ത സാഹചര്യത്തില്‍ സിദാന് ബ്രസീല്‍ ടീമിന്റെ മുഖ്യ പരിശീലകനായി പോവുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗ്രായെറ്റ്. 'സിദാന് എപ്പോഴും ഞങ്ങളുടെ റഡാറിലുണ്ട്. എന്നാലും അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് നിരവധി ആരാധകരാണുള്ളത്. എല്ലാം ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ദെഷാംപ്സിന് പകരക്കാരനാവാന്‍ ആര്‍ക്കും കഴിയില്ല. സിദാന് അത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഒരിക്കലും എന്നെ ബാധിക്കുന്ന കാര്യമല്ല.' ഗ്രായെറ്റ് പറഞ്ഞു. 'ഞാന്‍ സിദാനെ കണ്ടിട്ട് പോലുമില്ല. സിദാന് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഏത് ക്ലബ്ബിലേക്കും പോകാം. പക്ഷേ ഫ്രാന്‍സിന്റെ പരിശീലകനാകണമെന്ന ആഗ്രഹം പറഞ്ഞ് എന്നെ വിളിച്ചാല്‍ ഞാന്‍ ഫോണ്‍ എടുക്കുകപോലുമില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഗ്രായെറ്റ് സിദാനെ അപമാനിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ് നിരവധി ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഫ്രെഞ്ച് സൂപ്പര്‍ താരമായ എംബാപ്പെയും സിദാന് പിന്തുണയറിയിച്ച് രംഗത്തെത്തി. 'സിദാന് എന്നാല്‍ ഫ്രാന്‍സ് ആണ്. അദ്ദേഹത്തെ പോലൊരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിക്കരുത്' എന്നാണ് എംബാപ്പെ ട്വിറ്ററില്‍ കുറിച്ചത്.
Zidane c'est la France, on manque pas de respect à la légende comme ça… 🤦🏽♂️
— Kylian Mbappé (@KMbappe) January 8, 2023
അതേസമയം അമേരിക്കന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാവാനുള്ള ഓഫര്‍ സിനദിന്‍ സിദാന് നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന മുന്‍ മധ്യനിര താരം നിലവില്‍ ഫ്രീ ഏജന്റായി തുടരുകയാണ്. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ടിറ്റെയുടെ പകരക്കാരനായി താരം എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
STORY HIGHLIGHTS: Mbappe defends Zidane after FFF president Graet's controversial comment