Top

''ലോകകപ്പ് കളിക്കണോ? എങ്കില്‍ ക്ലബിനെ മറന്നേക്കൂ''; കോച്ചിന്റെ അന്ത്യശാസന, ധര്‍മസങ്കടത്തില്‍ സൂപ്പര്‍താരം

എല്ലാ കളിക്കാരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും നിലവില്‍ ബെല്‍ജിയം ടീമില്‍ ലുക്കാക്കുവിന്റെ സ്ഥാനം സുരക്ഷിതമായി നില്‍ക്കുന്നുവെന്നും മാര്‍ട്ടിനസ് കൂട്ടിച്ചേര്‍ത്തു.

3 April 2022 10:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ് കളിക്കണോ? എങ്കില്‍ ക്ലബിനെ മറന്നേക്കൂ; കോച്ചിന്റെ അന്ത്യശാസന, ധര്‍മസങ്കടത്തില്‍ സൂപ്പര്‍താരം
X

ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കണമെങ്കില്‍ ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിനു വലിയ 'ത്യാഗം' സഹിക്കേണ്ടി വരും. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിയുടെ താരമാണ് ലുക്കാക്കു.

എന്നാല്‍ ഏതാനും മത്സരങ്ങളായി ചെല്‍സിയുടെ ആദ്യ ഇലവനില്‍ ലുക്കാക്കുവിന് സ്ഥാനമില്ല. ഇതോടെ ചെല്‍സിയില്‍ തുടരണമോയെന്നു താരം തീരുമാനിക്കണമെന്നും ക്ലബ് ഫുട്‌ബോള്‍ തലത്തില്‍ ഒരു ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനമില്ലാത്ത ഒരു താരത്തെ ദേശീയ ടീമിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.

'ലുക്കാക്കുവിനെയും എയ്ഡന്‍ ഹസാര്‍ഡിനെയും പോലുള്ള താരങ്ങള്‍ നൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ളവരും ദേശീയ ടീമിനെ നന്നായി അറിയുന്നവരുമാണ്. ലോകകപ്പിനു മുമ്പ് ഇവരുടെ ഫോം സംബന്ധിച്ച് വ്യക്തത ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ക്ലബ് ഫുട്‌ബോളില്‍ ഇപ്പോള്‍ ഇവര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുന്നില്ല.സമ്മര്‍ കഴിയുന്നതു വരെ ഞാനൊരു കളിക്കാരന്റെയും അവസ്ഥ വിലയിരുത്താന്‍ പോകുന്നില്ല. കാരണം ഇതൊരു സാധാരണ സാഹചര്യമല്ല. ലോകകപ്പിന് ഇനിയും ഏഴു മാസമുണ്ട്. അതിലേക്ക് അടുത്തു കൊണ്ടിരിക്കെ ഒരു കളിക്കാരന് എങ്ങിനെ അനുഭവപ്പെടുന്നു എന്നതിന്റെ വിശദവിവരങ്ങള്‍ വേണ്ടി വരും. ഇവര്‍ക്ക് ക്ലബുകള്‍ മാറാനുള്ള സാധ്യതയുണ്ട്. കളിച്ചു തെളിയിക്കേണ്ടത് അത്യാവശ്യമാണ്''- മാര്‍ട്ടിനസ് പറഞ്ഞു.

എല്ലാ കളിക്കാരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും നിലവില്‍ ബെല്‍ജിയം ടീമില്‍ ലുക്കാക്കുവിന്റെ സ്ഥാനം സുരക്ഷിതമായി നില്‍ക്കുന്നുവെന്നും മാര്‍ട്ടിനസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ചെല്‍സിയില്‍ അവസരങ്ങള്‍ നഷ്ടമാവുന്നതു തുടര്‍ന്നാല്‍ താരം സമ്മറില്‍ ക്ലബ് വിടുന്നതു പരിഗണിച്ച് ലോകകപ്പ് ടീമിലെ സ്ഥാനം സുരക്ഷിതമാക്കണം എന്നു തന്നെയാണ് മാര്‍ട്ടിനസ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.

Next Story