ലെസ്റ്ററിനു ഞെട്ടിക്കുന്ന തോല്‍വി; ലീഡ്സിന്റെ പോരാട്ടവീര്യം അതിജീവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലീഡ്സ് യുണൈറ്റഡിന്റെ പോരാട്ടവീര്യം അതിജീവിച്ച് തകര്‍പ്പന്‍ ജയം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി.
21 Feb 2022 1:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ലെസ്റ്റര്‍ സിറ്റി ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ലീഡ്സ് യുണൈറ്റഡിന്റെ പോരാട്ടവീര്യം അതിജീവിച്ച് തകര്‍പ്പന്‍ ജയം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി.
വോള്‍വ്സിനോടാണ് ലെസ്റ്റര്‍ തോല്‍വി രുചിച്ചത്. എവേ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ലെസ്റ്ററിന്റെ തോല്‍വി. ഇരുപകുതികളിലുമായി റൂബന്‍ നെവസും ഡാനിയല്‍ പോഡെന്സുമാണ് വോള്‍വ്സിന്റെ ഗോളുകള്‍ നേടിയത്. ലുക്ക്മാന്റെ വകയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍.
അതേസമയം നേരത്തെ നടന്ന മത്സരത്തില്‍ ലീഡ്സിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തോല്പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരുത്തുകാട്ടിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ രണ്ടുഗോള്‍ ലീഡ് നേടിയ യുണൈറ്റഡിനെ ഞെട്ടിച്ചു രണ്ടാം പകുതിയില്‍ ഒരുമിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ച ലീഡ്സ് അട്ടിമറി ഭീഷണി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ പതറാതെ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്സ് ആക്രമണങ്ങളെ സമര്‍ഥമായി പ്രതിരോധിച്ചതിനൊപ്പം കനത്ത പ്രത്യാക്രമണം അഴിച്ചുവിട്ട് രണ്ടു ഗോളുകള്‍ കൂടി സ്കോര്‍ ചെയ്തു ജയം ഉറപ്പാക്കുകയായിരുന്നു. 34-ാം മിനിറ്റില്‍ ഹാരി മഗ്വയ്റിലൂടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യം ലീഡ് നേടിയത്.
ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീട് ഇടവേള കഴിഞ്ഞെത്തിയ യുണൈറ്റഡിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ലീഡ് പുറത്തെടുത്തത്. 53-ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ ഒരു ഗോള്‍ മടക്കിയ അവര്‍ തൊട്ടടുത്ത മിനിറ്റില്‍ റാഫിഞ്ഞയിലൂടെ സമനിലയും സ്വന്തമാക്കി.
കണ്ണടച്ചു തുറക്കും മുമ്പേ വഴങ്ങിയ രണ്ടു ഗോളുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നു പതറിയെങ്കിലും സമചിത്തത വീണ്ടെടുത്തു കനത്ത പ്രത്യാക്രമണം അഴിച്ചുവിടുകയായിരുന്നു. 70-ാം മിനിറ്റില്‍ ഫ്രെഡിലൂടെ വീണ്ടും മുന്നിലെത്തിയ അവര്‍ 88-ാം മിനിറ്റില്‍ എലാംഗയിലൂടെ പട്ടിക തികയ്ക്കുകയും ചെയ്തു.
ജയത്തോടെ 26 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റുമായി നാലാം സ്ഥാനത്തു തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡി. 63 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. 57 പോയിന്റുമായി ലിവര്‍പൂളും 50 പോയിന്റുമായി ചെല്‍സിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.