Top

ഗോള്‍വഴിയില്‍ റൊണാള്‍ഡോയും വിജയവഴിയില്‍ യുണൈറ്റഡും തിരിച്ചെത്തി; ബേണ്‍ലിക്കെതിരേ തകര്‍പ്പന്‍ ജയം

ക്രിസ്റ്റിയാനോയ്ക്കു പുറമേ സ്‌കോട് മക്ടൊമിനെയുടെ ഗോളും ബേണ്‍ലി താരം ബെന്‍ മീയുടെ സെല്‍ഫ് ഗോളുമാണ് യുണൈറ്റഡിനു തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

31 Dec 2021 7:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോള്‍വഴിയില്‍ റൊണാള്‍ഡോയും വിജയവഴിയില്‍ യുണൈറ്റഡും തിരിച്ചെത്തി; ബേണ്‍ലിക്കെതിരേ തകര്‍പ്പന്‍ ജയം
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സ്‌കോറിങ് പാടവം വീണ്ടെടുത്തപ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ബേണ്‍ലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ 2021-നോടു വിടചൊല്ലിയത്.

ക്രിസ്റ്റിയാനോയ്ക്കു പുറമേ സ്‌കോട് മക്ടൊമിനെയുടെ ഗോളും ബേണ്‍ലി താരം ബെന്‍ മീയുടെ സെല്‍ഫ് ഗോളുമാണ് യുണൈറ്റഡിനു തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ബേണ്‍ലിയ്ക്ക് വേണ്ടി ആരോണ്‍ ലെനനാണ് ആശ്വാസ ഗോള്‍ നേടിയത്.

എഡിന്‍സണ്‍ കവാനി, ലൂക്ക് ഷോ, ആരോണ്‍ വാന്‍ ബിസ്സാക്ക, ഗ്രീന്‍വുഡ്, മാറ്റിച്ച് തുടങ്ങിയവരെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ആക്രമണ ഫുട്‌ബോളാണ് യുണൈറ്റഡ് കളിച്ചത്. തുടക്കം തൊട്ട് അവര്‍ ആധിപത്യം പുലര്‍ത്തി. എട്ടാം മിനിറ്റില്‍ തന്നെ അതിനു ഫലവും ലഭിച്ചു.

റൊണാള്‍ഡോ നല്‍കിയ പാസില്‍ നിന്നു സ്‌കോട് മക്ടൊമിനെ ടീമിനെ മുന്നിലെത്തിച്ചു. പിന്നാലെ 27-ാം മിനിറ്റില്‍ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ജേഡന്‍ സാഞ്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. ഗോള്‍വലയിലേക്ക് പോകുകയായിരുന്ന സാഞ്ചോയുടെ ഷോട്ട് ബേണ്‍ലി പ്രതിരോധതാരം ബെന്‍ മീയുടെ കാലില്‍ തട്ടി വലയില്‍ കയറി.

35-ാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ഗോള്‍. മക്ടൊമിനെയുടെ തകര്‍പ്പന്‍ ഷോട്ട് ബേണ്‍ലി ക്രോസ്ബാറിലിടിച്ച് തെറിച്ചതു പിടിച്ചെടുത്ത റൊണാള്‍ഡോ ആളൊഴിഞ്ഞ പോസ്റ്റിലേക്കു പന്ത് തട്ടിയിടുകയായരുന്നു. സീസണില്‍ താരത്തിന്റെ എട്ടാമത്തെ ഗോളാണിത്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോ നാലാംസ്ഥാനത്തെത്തി.

38-ാം മിനിറ്റില്‍ ആരോണ്‍ ലെനനിലൂടെ ബേണ്‍ലി ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ടാം പകുതി ഗോള്‍ രഹിതമായതോടെ യുണൈറ്റഡ് മിന്നുന്ന ജയം നേടി. ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 18 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റാണ് യുണൈറ്റഡിനുള്ളത്. 20 മത്സരങ്ങളില്‍ നിന്ന് 50 പോയന്റുള്ള മാഞ്ചെസ്റ്റര്‍ സിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബേണ്‍ലി 18-ാം സ്ഥാനത്താണ്.

Next Story