Top

മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ; സീസണിലെ ആദ്യ നാട്ടങ്കത്തില്‍ യുണൈറ്റഡിനെ തുരത്തി സിറ്റി

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ യുണൈറ്റഡ് താരം എറിക് ബെയ്‌ലി വഴങ്ങിയ സെല്‍ഫ് ഗോളും 45-ാം മിനിറ്റില്‍ മധ്യനിര താരം ബെര്‍നാഡോ സില്‍വ നേടിയ ഗോളുമാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.

6 Nov 2021 2:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ; സീസണിലെ ആദ്യ നാട്ടങ്കത്തില്‍ യുണൈറ്റഡിനെ തുരത്തി സിറ്റി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഓള്‍ഡ്ട്രാഫോര്‍ഡില്‍ ഇന്നു വൈകിട്ട് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ യുണൈറ്റഡ് താരം എറിക് ബെയ്‌ലി വഴങ്ങിയ സെല്‍ഫ് ഗോളും 45-ാം മിനിറ്റില്‍ മധ്യനിര താരം ബെര്‍നാഡോ സില്‍വ നേടിയ ഗോളുമാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ക്രോസ് ബാറിനു കീഴില്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഗി ഗിയയയുടെ മിന്നുന്ന പ്രകടനം ഇല്ലായിരുന്നെങ്കില്‍ യുണൈറ്റഡ് ഇതിലും നാണംകെട്ടേനെ.

മുന്‍നിര താരങ്ങളുടെ മോശം ഫിനിഷിങ്ങും ഗോള്‍നില ഉയര്‍ത്തുന്നതില്‍ നിന്നു സിറ്റിയെ തടഞ്ഞു. രണ്ടു തവണ സിറ്റി താരങ്ങളുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസാന മിനിറ്റുകളില്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസിനെ വീഴ്ത്തിയതിന് ലഭിക്കേണ്ട അര്‍ഹമായ പെനാല്‍റ്റി റഫറി നിഷേധിക്കുകയും ചെയ്തു.

തകര്‍പ്പന്‍ ജയത്തോടെ യുണൈറ്റഡിനെതിരേ കണക്കു തീര്‍ക്കാനും സിറ്റിക്കായി. കഴിഞ്ഞ നാലു പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ യുണൈറ്റഡിനെതിരേ ജയിക്കാന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ആ ക്ഷീണം കൂടി അവര്‍ ഇന്നു മാറ്റി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ സിറ്റി ലീഡ് നേടുന്നതിനാണ് ഓള്‍ഡ്ട്രാഫോര്‍ഡ് സാക്ഷ്യം വഹിച്ചത്. ഇടതു വിങ്ങില്‍ നിന്ന് കൈല്‍ വാക്കര്‍ നല്‍കിയ അപകടകരമായ ക്രോസ് ഇകേല്‍ ഗുണ്ടോകന് കണക്ട് ചെയ്യാന്‍ കഴിയാതെ പോയതോടെ പന്ത് കാന്‍സെലോയുടെ കാലില്‍ എത്തി. കാന്‍സെലോ പോസ്റ്റിലേക്ക് തൊടുന്ന ഷോട്ട് തടയാനുള്ള യുണൈറ്റഡ് താരം ബെയ്‌ലിയുടെ ശ്രമത്തിനൊടുവില്‍ പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു.

ലീഡ് നേടിയതോടെ ആവേശം വര്‍ധിച്ച സിറ്റി താരങ്ങള്‍ പിന്നീട് നിരന്തരം യുണൈറ്റഡ് ബോക്‌സ് റെയഡ് ചെയ്തു. എന്നാല്‍ ഡി ഗിയയുടെ മിന്നുന്ന സേവുകള്‍ ലീഡ് ഉയര്‍ത്തുന്നതില്‍ നിന്ന് അവരെ തടഞ്ഞു. ഇതിനിടെ ഒറ്റപ്പെട്ട ചില അവസരങ്ങള്‍ യുണൈറ്റഡിനു ലഭിച്ചെങ്കിലും സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കീഴ്‌പ്പെടുത്താനായില്ല.

ഒടുവില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കന്‍ഡുകള്‍ മുമ്പ് സിറ്റി ലീഡ് ഉയര്‍ത്തി. ഇക്കുറിയും കാന്‍സെലോയായിരുന്നു ഗോളിനു പിന്നില്‍. ബോക്‌സിനുള്ളിലേക്ക് കാന്‍സെലോ നല്‍കിയ ക്രോസ് ഡി ഗിയയ്ക്കും പോസ്റ്റിനുമിടയിലൂടെ സില്‍വ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

ഇടവേളയ്ക്ക് 2-0 എന്ന ലീഡ് പിരിഞ്ഞ സിറ്റി രണ്ടാം പകുതിയിലും ആധികാരിക പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം പകുതിയില്‍ ബെയ്‌ലിക്കു പകരം ജേഡന്‍ സാഞ്ചോയെയും മേസണ്‍ ഗ്രീന്‍വുഡിനു പകരം മാര്‍ക്കസ് റഷ്‌ഫോര്‍ഡിനെയും ലൂക്ക് ഷായ്ക്കു പകരം അലക്‌സ് ടെല്ലസിനെയും ഫ്രെഡിനു പകരം വാന്‍ ഡീ ബീക്കിനെയും യുണൈറ്റഡ് കളത്തിലിറക്കിയെങ്കിലും സിറ്റിയെ തടയാന്‍ കഴിഞ്ഞില്ല. ഒരു സബ്‌സ്റ്റിറ്റിയൂഷന്‍ പോലും ഇല്ലാതെയാണ് സിറ്റി മത്സരം പൂര്‍ത്തിയാക്കിയത്.

ജയത്തോടെ 11 മത്സരങ്ങളില്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനുഗ സിറ്റിക്കായി. 17 പോയിന്റു മാത്രമുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്.
Next Story