പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച്; തോറ്റില്ലെങ്കില്‍ സിറ്റി നേടും, ക്വാഡ്രിപ്പിള്‍ നേടാന്‍ ചെമ്പട
ലീഗ് കപ്പ് നേടിക്കഴിഞ്ഞ ലിവര്‍പൂളിന് ബാക്കി മൂന്ന് കിരീടങ്ങള്‍ നേടുകയാണ് ലക്ഷ്യം
12 May 2022 1:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോള്‍ രണ്ടു മത്സരങ്ങള്‍ അവശേഷിക്കേ എല്ലാ കണ്ണുകളും ലിവര്‍പൂളിലേക്ക്. പ്രീമിയര്‍ ലീഗും എഫ് എ കപ്പും ചാമ്പ്യന്‍സ് ലീഗും നേടി സീസണില്‍ ക്വാഡ്രിപ്പിള്‍ നേടാന്‍ ജര്‍ഗന്‍ ക്ലോപ്പിനും സംഘത്തിനും കഴിയുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഇതുവരെ ഇംഗ്ലീഷ് ടീമുകളോന്നും സീസണില്‍ നാല് കിരീടങ്ങള്‍ നേടിയിട്ടില്ല. അതിനാല്‍ സീസണില്‍ നാല് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാകുകയാണ് ലിവര്‍പൂളിന്റെ ലക്ഷ്യം. പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും എഫ് എ കപ്പും നേടിയ ഒരേ ഒരു ടീം മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ്. ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രഡ്, ബാഴ്സലോണ എന്നിവയാണ് ഒരു സീസണില്‍ നാല് പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള ടീമുകള്‍. പിഎസ്ജിയും സെല്‍റ്റിക്കും നാല് പ്രധാന കിരീടങ്ങള്‍ ഒരു സീസണില്‍ നേടിയിട്ടുണ്ട്. പക്ഷെ അതില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമുണ്ടായില്ല. അതിനാല്‍ സാലയും മാനെയും ഉള്‍പ്പെടുന്ന ടീം സ്വപ്ന നേട്ടത്തിനരികെയാണ്.
ലീഗ് കപ്പ് നേടിക്കഴിഞ്ഞ ലിവര്‍പൂളിന് ബാക്കി മൂന്ന് കിരീടങ്ങള്‍ നേടുകയാണ് ലക്ഷ്യമെന്ന് മാനേജര്‍ ക്ലോപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സീസണിലെ രണ്ടാം ഫൈനല്‍ ശനിയാഴ്ച നടക്കും.എഫ് എ കപ്പ് ഫൈനലില്‍ വെബ്ലി സ്റ്റേഡിയത്തില്‍ ചെല്‍സിയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. ലിവര്‍പൂളിന്റെ മൂന്നാമത്തെ ഫൈനല്‍ 29നാണ്. യുവേഫാ കപ്പിന്റെ ഫൈനലില്‍ റയല്‍ മാഡ്രിന് നേരിടുന്ന ലിവര്‍പൂളിന് പക്ഷെ പ്രീമിയര്‍ ലീഗില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ഈ മാസം 22നാണ് ലിവര്‍പൂളിന്റെ ലീഗിലെ അവസാന മത്സരം. പ്രീമിയര്‍ ലീഗില്‍ ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രം മതിയാകില്ല ക്വാഡ്രിപ്പിള്‍ നേടാന്‍. പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചിരിക്കും ലിവര്‍പൂളിന്റെ മുന്നേറ്റം, ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ മാഞ്ചെസ്റ്റര്‍ സിറ്റി പക്ഷെ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ്. രണ്ട് മല്‍സരങ്ങള്‍ ശേഷിക്കേ സിറ്റിയേക്കാള്‍ മൂന്ന് പോയന്റ് പിന്നിലാണ് ലിവര്‍പൂള്‍.
സിറ്റിക്ക് ഏഴാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമും 15ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയുമാണ് എതിരാളികള്‍. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് നേരിടാനുള്ളത് എട്ടാം സ്ഥാനത്തുള്ള വൂള്‍വ്സും 15-ാം സ്ഥാനത്തുള്ള സതാംപ്റ്റംണുമാണ് എതിരാളികള്‍. ചെല്‍സിയെ സമനിലയില്‍ തളച്ച വൂള്‍വ്സിനെ തോല്‍പ്പിക്കാന്‍ ലിവര്‍പൂളിന് മേല്‍ സമ്മര്‍ദ്ദം കൂടുതലാണ്.
Story Highlights : Liverpool have the best chance of winning a coveted quadruple this year