Top

'മികച്ച നിലവാരത്തിലേക്ക് അര്‍ജന്റീന ഇതുവരെ എത്തിയിട്ടില്ല'; പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് മാര്‍ട്ടിനെസ്

ഇന്നത്തെ മത്സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ പോളണ്ടിന് അഞ്ച് പോയിന്റാകും. അതിനാല്‍ തന്നെ മെസ്സിയും കൂട്ടരും വല കുലുക്കാതെ പ്രതിരോധം ശക്തമാക്കുക എന്നതിനായിരിക്കും പോളണ്ട് മുന്‍ഗണന നല്‍കുന്നത്

30 Nov 2022 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച നിലവാരത്തിലേക്ക് അര്‍ജന്റീന ഇതുവരെ എത്തിയിട്ടില്ല; പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് മാര്‍ട്ടിനെസ്
X

ദോഹ: ജീവന്‍മരണ പോരാട്ടത്തിനായാണ് മിശിഹായും കൂട്ടരും ഇന്ന് കളത്തിലിറങ്ങുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന വട്ട മത്സരത്തില്‍ പോളണ്ടുമായാണ് അര്‍ജന്റീനയുടെ പോരാട്ടം. ഇന്ന് അര്‍ദ്ധരാത്രി 12: 30 നാണ് മത്സരം. തോറ്റാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ അര്‍ജന്റീന പുറത്താകും. ഇനി സമനിലയായാലും സൗദി അറേബ്യ-മെക്‌സികോ മത്സരത്തെ ആശ്രയിച്ചായിരിക്കും മെസ്സിയുടേയും കൂട്ടരുടേയും ലോകകപ്പിലെ വിധി നിര്‍ണയിക്കുക.

എന്തൊക്കെ സംഭവിച്ചാലും ജയത്തിനപ്പുറം അര്‍ജന്റീനയ്ക്ക് ചിന്തിക്കാനാവില്ല. ലോകകപ്പിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് ടീമിനെതിരെ ഉയര്‍ന്നുവരുന്നത്. ഇപ്പോള്‍ ടീമിന്റെ അവസ്ഥയെ സംബന്ധിച്ച് പ്രതിരോധനിര താരം ലിസാന്ദ്രോ മാര്‍ട്ടിനെസും പ്രതികരിച്ചിരിക്കുകയാണ്. ടീം യഥാര്‍ത്ഥ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

'ടീമിന്റെ കഴിവ് എന്തെന്ന് ഞങ്ങള്‍ക്കറിയാം. നന്നായി കളിക്കാന്‍ ടീമിനാകും. എന്നാല്‍ മികച്ച നിലവാരത്തിലേക്ക് ടീമിന് ഇതുവരെ ഉയരാനായി സാധിച്ചിട്ടില്ല. ഞങ്ങള്‍ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മെസ്സിയുടെ ഗോള്‍ വീഴുന്നത് വരെ മെക്‌സിക്കോയുമായുള്ള മത്സരം കഠിനമായിരുന്നു. പോളണ്ടുമായുള്ള മത്സരത്തില്‍ അവര്‍ ആക്രമണങ്ങള്‍ നടത്താതിരിക്കാന്‍ പ്രതിരോധം സംഘടിതരായിരിക്കണം', ലിസാന്ദ്രോ മാര്‍ട്ടിനെസ് പറഞ്ഞു.

ഒരു പോയിന്റ് നേടുക എന്ന ലക്ഷ്യത്തില്‍ സമനിലയ്ക്ക് വേണ്ടിയാകും പോളണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി പോളണ്ട് ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ പോളണ്ടിന് അഞ്ച് പോയിന്റാകും. അതിനാല്‍ തന്നെ മെസ്സിയും കൂട്ടരും വല കുലുക്കാതെ പ്രതിരോധം ശക്തമാക്കുക എന്നതിനായിരിക്കും പോളണ്ട് മുന്‍ഗണന നല്‍കുന്നത്. മെക്‌സിക്കോയെ തോല്‍പ്പിച്ചാല്‍ ഒന്നാം സ്ഥാനക്കാരായി സൗദി പ്രീക്വാര്‍ട്ടറില്‍ എത്തും.

Story highlights: Lisandro Martinez said that Argentina has not yet peaked at Qatar World Cup

Next Story