'വേദനിപ്പിക്കുന്ന തോല്‍വി തന്നെ, പക്ഷെ വിശ്വസിക്കൂ'; പിന്തുണയ്ക്കുന്നവരെ നിരാശരാക്കില്ലെന്ന് മെസ്സിയുടെ വാക്ക്
'ലോകകപ്പില്‍ ഇതുപോലൊരു തുടക്കമല്ല ഞങ്ങള്‍ ആഗ്രഹിച്ചത്. എല്ലാത്തിനും പിന്നില്‍ ഒരു കാരണമുണ്ട്'
22 Nov 2022 5:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയുമായുള്ള പരാജയത്തിന് പിന്നാലെ പ്രതികരണവുമായി അര്‍ജന്റീനിയന്‍ നായകന് ലയണല്‍ മെസ്സി. വിശ്വാസം കൈവിടരുതെന്നും ടീമിനെ പിന്തുണയ്ക്കുന്ന ആരാധകരെ നിരാശരാക്കുകയില്ലെന്നും അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി മത്സരത്തിന് ശേഷം പറഞ്ഞു.
'തോല്‍വിയില്‍ യാതൊരു ന്യായീകരണവുമില്ല. ഞങ്ങള്‍ കൂടുതല്‍ ഒത്തൊരുമയോടെ ടീമിനെ കെട്ടിപ്പടുക്കും. ഈ ടീം ശക്തമാണ്. അത് തെളിയിച്ചിട്ടുള്ള കാര്യമാണ്. ലോകകപ്പില്‍ ഇതുപോലൊരു തുടക്കമല്ല ഞങ്ങള്‍ ആഗ്രഹിച്ചത്. എല്ലാത്തിനും പിന്നില്‍ ഒരു കാരണമുണ്ട്. തോല്‍വിയില്‍ നിന്നും കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മെസ്സി പറഞ്ഞു.
തോല്‍വി വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ആരാധകരോട് നിരാശരാകരുതെന്നും അവരെ കയ്യൊഴിയില്ലെന്നും ലയണല്‍ മെസ്സി കൂട്ടിച്ചേര്‍ത്തു. മികച്ച കളിക്കാരുള്ള ടീമാണ് സൗദി അറേബ്യ. മികച്ച കളിയാണ് അവര്‍ പുറത്തെടുത്തത്. ഞങ്ങളെ പ്രതിരോധിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഗോള്‍ കീപ്പറുടെ അടുത്തേക്ക് ഒറ്റയ്ക്ക് എത്താനും തങ്ങള്‍ക്ക് സാധിച്ചില്ലെന്നും മെസ്സി വ്യക്തമാക്കി
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ പരാജയം. പരേദസിനെ അബ്ദുള്‍ ഹമീദ് വീഴ്ത്തിയതിന് പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോളിട്ടത്. അര്‍ജന്റൈന്‍ നായകന്റെ പ്ലേസിങ്ങ് അനായാസേന സൗദി ഗോള്‍ കീപ്പര്‍ മൊഹമ്മദ് അലോവൈസിനെ കീഴടക്കി. ആദ്യ പകുതിയില്‍ സൗദി ഗോള്‍ മുഖത്ത് അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
സൗദിയുടെ പ്രതിരോധം കീറിമുറിച്ച് മെസ്സിയുതിര്‍ത്ത ത്രൂ പാസുകള്‍ സ്കോര്‍ പട്ടികയില്‍ ഇടം നേടിയില്ല. വാറിന്റെ സൂക്ഷ്മ ദൃഷ്ടിയില് വലയില്‍ കയറിയ മൂന്ന് പന്തുകളും അസാധുവായി. സൗദി വിരിച്ച ഓഫ് സൈഡ് ട്രാപ്പില്‍ അര്‍ജന്റൈന്‍ മുന്നേറ്റ നിര വീണുകൊണ്ടിരുന്നു. ലൗതാരോയും മെസ്സിയും അടിച്ച ബോളുകള്‍ ഓഫ് സൈഡായി. ആദ്യ പകുതിയില്‍ ഏഴ് തവണയാണ് ആല്‍ബിസെലസ്റ്റെ ഓഫ്സൈഡായത്. ക്യാപ്റ്റന്‍ സല്മാന് അല്‍ഫരാജ് പരുക്കേറ്റ് പുറത്തായതോടെ സൗദി കൂടുതല്‍ ദുര്‍ബലമാകുമെന്ന കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി.
ഞെട്ടിക്കുന്ന രണ്ടാം പകുതിയാണ് അര്‍ജന്റീനയെ കാത്തിരുന്നത്. ഇടവേളയ്ക്ക് ശേഷം ആത്മവിശ്വാസം ഇരട്ടിച്ച സൗദിയെയാണ് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. സൗദി സ്ട്രൈക്കര്‍ സലേ അല്‍ഷെഹ്റി 48-ാം മിനുറ്റില്‍ സമനില പിടിച്ചു. മിഡ്ഫീല്‍ഡില്‍ നിന്ന് കിട്ടിയ പന്തുമായി കുതിച്ച സൗദി സ്ട്രൈക്കര്‍, റൊമറേയൊ മറികടന്ന് മാര്‍ട്ടിനെസിനെ കബളിപ്പിച്ച് പന്ത് വലയിലാക്കി. വീണ്ടും ലീഡ് എടുക്കാനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ക്കിടെ 53-ാം മിനുറ്റില്‍ സലേം അല്‍ദസ്വാരി അടുത്ത ഗോളിട്ടു.
സമനില പിടിക്കാനുള്ള അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളെല്ലാം സൗദി തടഞ്ഞുകൊണ്ടിരുന്നു. മെസ്സി തൊടുത്ത ഫ്രീകിക്ക് സൗദി പോസ്റ്റിന് മുകളിലൂടെ പറന്നു. മെസ്സിയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ ഈസിയായി കൈയ്യിലൊതുക്കി. എക്സ്ട്രാ ടൈമില്‍ ലഭിച്ച എട്ട് മിനുറ്റുകളും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അര്‍ജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാള്‍ കരുത്തരായ പോളണ്ടിനേയും മെക്സിക്കോയേയുമാണ് മെസ്സിയും സംഘവും ഇനി നേരിടേണ്ടത്.
Story highlights: Lionel Messi's reaction about loss against Saudi Arabia in World Cup 2022