ഇറ്റലിക്കെതിരേ 'ഫൈനലിസിമ' കളിക്കന്‍ പരേഡസില്ല; അര്‍ജന്റീനയ്ക്കു കനത്ത തിരിച്ചടി
പരുക്കിനെത്തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ഏറ്റവും കുറഞ്ഞതു രണ്ടു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍ അറിയിച്ചു.
7 April 2022 2:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോപ്പാ അമേരിക്ക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന ഫൈനലിസിമയില്‍ കളിക്കാന്‍ അര്‍ജന്റീനയുടെ യുവതാരം ലിയാന്‍ഡ്രോ പെരസ് ഇല്ല. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ താരമായ പരേഡസ് പരുക്കിനെത്തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ഏറ്റവും കുറഞ്ഞതു രണ്ടു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍ അറിയിച്ചു.
ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി.-മാഴ്സെ മത്സരത്തിനിടെയാണ് പരേഡസിന് കാല്‍ത്തുടയ്ക്കു പരുക്കേറ്റത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പരുക്കു ഗുരുതരമാണെന്നു കണ്ടെത്തിയതോടെയാണ് താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
ജൂണ്‍ ഒന്നിന് രാത്രി 1:15നാണ് കോപ്പാ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്മാരായ ഇറ്റലിയും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോപ്പാ-യൂറോ ചാമ്പ്യന്മാര് ഏറ്റുമുട്ടുന്ന മത്സരം അരങ്ങേറാനൊരുങ്ങുന്നത്. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായ കോണ്മിബോളും യൂറോപ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായ യുവേഫയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഇപ്പോള്‍ 'ഫൈനലിസിമ' എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നത്.
ഇതിനു മുമ്പ് അര്‍ടെമിയോ ഫ്രാഞ്ചി എന്ന പേരില്‍ രണ്ടു തവണ കോപ്പ-യൂറോ ചാമ്പ്യന്മാര് തമ്മിലുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. 1985-ലും 1993-ലുമായിരുന്നു ആ മത്സരങ്ങള്‍. 85-ല്‍ ഫ്രാന്‍സും യുറുഗ്വായുമാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് ജയം ഫ്രാന്‍സിനൊപ്പം നിന്നു. 93-ല്‍ അര്‍ജന്റീനയും ഡെന്മാര്ക്കും തമ്മിലായിരുന്നു. മത്സരം. ഇതിഹാസ താരം ഡീഗോ മറഡോണയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്റീന അന്ന് ഡെന്മാര്ക്കിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചു കിരീടം ചൂടിയിരുന്നു.
കോപ്പ അമേരിക്കയും യൂറോ കപ്പും ഇനി മുതല്‍ ഒരേ വര്‍ഷങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതോടു കൂടിയാണ് വീണ്ടും ഈ മത്സരം നടക്കാന്‍ അവസരം ഒരുങ്ങിയത്. മത്സരത്തിനുള്ള ടിക്കറ്റുകള്‍ മാര്‍ച്ച് 24 മുതല്‍ വില്പ്പനായാരംഭിച്ചു. 28 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്തിയാണ് അര്‍ജന്റീന ഇക്കുറി കോപ്പാ അമേരിക്ക കിരീടം ചൂടിയത്. ബ്രസീലില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്പിച്ചായിരുന്നു അവരുടെ കിരീടനേട്ടം. ഇറ്റലിയാകട്ടെ 1968-നു ശേഷം ഇതാദ്യമായാണ് യൂറോ കപ്പില്‍ മുത്തമിട്ടത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് തോല്പിച്ചായിരുന്നു കിരീടനേട്ടം.