Top

ഇല്ല, മെസി തിരിച്ചുവരില്ല; വാതില്‍ കൊട്ടിയടച്ച് ബാഴ്‌സലോണ പ്രസിഡന്റ് ലാപ്പോര്‍ട്ട

മെസി ബാഴ്സലോണ വിട്ടത് തനിക്ക് വ്യക്തിപരമായും കുടുംബപരമായും പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും ഇപ്പോള്‍ മെസിയുമായി പഴയ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

29 March 2022 1:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇല്ല, മെസി തിരിച്ചുവരില്ല; വാതില്‍ കൊട്ടിയടച്ച് ബാഴ്‌സലോണ പ്രസിഡന്റ് ലാപ്പോര്‍ട്ട
X

ഇതിഹാസ താരം ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശ. മെസിയെ ബാഴ്‌സയിലേക്കു തിരിച്ചുകൊണ്ടു വരാനുള്ള സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് ബാഴ്‌സ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ട. മെസി ബാഴ്സലോണ വിട്ടത് തനിക്ക് വ്യക്തിപരമായും കുടുംബപരമായും പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും ഇപ്പോള്‍ മെസിയുമായി പഴയ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ബാഴ്‌സലോണയ്ക്ക് കഴിയാതെ പോയതോടെയാണ് താരം ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കു പോയത്. പിന്നീട് മെസിയുടെ ഉറ്റ സുഹൃത്തായ ചാവി ഹെര്‍ണാണ്ടസ് ബാഴ്‌സയുടെ പരിശീലകനായി എത്തിയതോടെ മെസി തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പുതിയൊരു ടീമിനെ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് കാറ്റലന്‍ ക്ലബെന്നും മെസിയെ തിരികെക്കൊണ്ടു വരുന്ന കാര്യം ചിന്തയില്‍പ്പോലുമില്ലെന്നും ലാപ്പോര്‍ട്ട വ്യക്തമാക്കി.

''മെസിയെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഞങ്ങളിപ്പോള്‍ ആലോചിക്കുന്നില്ല. മെസി ഇവിടം വിടുന്നതിനു മുന്‍പുണ്ടായിരുന്ന പോലെയുള്ള ആശയവിനിമയം ഇപ്പോള്‍ ഞങ്ങള്‍ തമ്മിലില്ല. മെസി ക്ലബ് വിട്ടത് സ്‌പോര്‍ട്‌സ് തലത്തില്‍ മാത്രമല്ല, വ്യക്തിപരമായും കുടുംബപരമായും എനിക്ക് മോശമായ അനുഭവം നല്‍കി. ഇപ്പോള്‍ യുവതാരങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും വെച്ച് ഞങ്ങള്‍ പുതിയൊരു ടീമിനെ നിര്‍മിക്കുകയാണ്. അതു നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്''-ലാപോര്‍ട്ട പറഞ്ഞു.





Next Story