Top

'നന്നായി പ്രാര്‍ത്ഥിക്കുക, അത് മാത്രമാണ് ഏകവഴി'; മെസിയെ നേരിടുമ്പോള്‍ കോച്ച് പറഞ്ഞതിങ്ങനെയെന്ന് ട്രിപ്പര്‍

സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിശീലകനായിരുന്ന ഡീഗോ സിമിയോണി നല്‍കിയ ഉപദേശമാണ് താരം വെളിപ്പെടുത്തിയത്.

6 Jan 2023 11:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നന്നായി പ്രാര്‍ത്ഥിക്കുക, അത് മാത്രമാണ് ഏകവഴി; മെസിയെ നേരിടുമ്പോള്‍ കോച്ച് പറഞ്ഞതിങ്ങനെയെന്ന് ട്രിപ്പര്‍
X

ലണ്ടന്‍: ലോകകപ്പില്‍ മുത്തമിട്ടതോടെ കരിയര്‍ പൂര്‍ണമാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി. ഇപ്പോള്‍ മെസ്സിയെ തടയാന്‍ കോച്ച് നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ന്യൂകാസില്‍ യുണൈറ്റഡിന്റെ പ്രതിരോധ താരം കൈറന്‍ ട്രിപ്പര്‍. അദ്ദേഹം സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിശീലകനായിരുന്ന ഡീഗോ സിമിയോണി നല്‍കിയ ഉപദേശമാണ് താരം വെളിപ്പെടുത്തിയത്.

'മെസ്സിയെ തടയാന്‍ ഒരു വഴി മാത്രമേയുള്ളു. നന്നായി പ്രാര്‍ത്ഥിക്കുക. അതു മാത്രമേ നമുക്ക് ചെയ്യാനാകൂ.' എന്നാണ് അത്‌ലറ്റികോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി നല്‍കിയ ഉപദേശം. പ്രമുഖ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാധ്യമമായ ഗോളിന് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലീഷ് പ്രതിരോധ താരം കൂടിയായ കൈറന്‍ ട്രിപ്പര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'മെസിക്ക് എതിരെ കളിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. തമാശ എന്തെന്നാല്‍ ഞങ്ങളുടെ കോച്ച് ഡീഗോ സിമിയോണിയും അര്‍ജന്റീനക്കാരനാണ്. നന്നായി പ്രാര്‍ത്ഥിക്കുക മാത്രമാണ് മെസ്സിയെ തടയാനുള്ള ഏക വഴിയെന്ന് അദ്ദേഹം എല്ലാ മത്സരങ്ങള്‍ക്കും മുന്നെ പറയുമായിരുന്നു' ട്രിപ്പര്‍ പറഞ്ഞു.

അത്‌ലറ്റികോ മാഡ്രിഡ് താരമായിരുന്ന കൈറന്‍ ട്രിപ്പര്‍ 2022 ജനുവരിയിലാണ് ന്യൂകാസില്‍ യുണൈറ്റഡ് ക്ലബ്ബില്‍ ചേരുന്നത്. ബാഴ്‌സലോണ താരമായിരുന്ന മെസ്സി കരിയറില്‍ ഇതുവരെ 43 തവണ അത്‌ലറ്റികോ മാഡ്രിഡിനെതിരെ കളിച്ചിട്ടുണ്ട്. ഇതില്‍ 24 മത്സരങ്ങള്‍ വിജയിക്കുകയും എട്ട് തവണ പരാജയപ്പെടുകയും 11 തവണ സമനില വഴങ്ങുകയും ചെയ്തു. 32 ഗോളുകളും ഒന്‍പത് അസിസ്റ്റുകളുമാണ് മാഡ്രിഡിനെതിരെ ലയണല്‍ മെസ്സി നേടിയത്.

STORY HIGHLIGHTS: Kieran Tripper reveals coach Diego Simeone's advice to stop Messi

Next Story