പി.എസ്.ജി. കരാര്‍ പുതുക്കിയില്ലെങ്കില്‍ ഡി മരിയ ഇറ്റലിയിലേക്ക്
ഈ സീസണു ശേഷം ഫ്രീ ഏജന്റായി ക്ലബ് വിടുന്ന പൗളോ ഡിബാലക്കു പകരക്കാരനായി ഏഞ്ചല്‍ ഡി മരിയയെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് യുവന്റസ് നടത്തുന്നത്.
8 April 2022 4:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഫ്രഞ്ച് ക്ലബ് പി.എസ്.ജി. കരാര്‍ പുതുക്കുന്നില്ലെങ്കില്‍ അര്ജന്റീന് സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ ഇറ്റലിയിലേക്കു ചേക്കേറിയേക്കും. താരത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള അവകാശം പിഎസ്ജിക്ക് ഉണ്ടായിരുന്നെങ്കിലും അവരത് ഉപയോഗിക്കുന്നില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ഈ സാഹചര്യത്തില്‍ ഇപ്പോഴും മികച്ച ഫോമില്‍ കളിക്കുന്ന ഏഞ്ചല്‍ ഡി മരിയയെ ഫ്രീ ഏജന്റായി സ്വന്തമാക്കാന്‍ അവസരമുള്ളതിനാല്‍ തന്നെ യൂറോപ്പിലെ നിരവധി ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ട്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസാണ് ഇതില്‍ പ്രമുഖര്‍.
റിപ്പോര്‍ട്ടുകള്‍പ്രകാരം ഈ സീസണു ശേഷം ഫ്രീ ഏജന്റായി ക്ലബ് വിടുന്ന പൗളോ ഡിബാലക്കു പകരക്കാരനായി ഏഞ്ചല്‍ ഡി മരിയയെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് യുവന്റസ് നടത്തുന്നത്. ഇതിനു പുറമെ സാനിയോളോ, ഒസ്മാനെ ഡെംബലെ എന്നിവരിലും യുവന്റസിന് താല്പര്യമുണ്ടെങ്കിലും പ്രധാന പരിഗണന ഏഞ്ചല്‍ ഡി മരിയക്കു തന്നെയാണ്. അടുത്ത സീസണിന്റെ ഇടയിലാണ് ലോകകപ്പ് എന്നതിനാല്‍ ഇനിയേതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന കാര്യത്തില്‍ ആലോചിച്ചു മാത്രമേ ഡി മരിയ തീരുമാനമെടുക്കു.