Top

മെസ്സി ആദ്യമായി ഇറ്റലിയെ നേരിടുന്നു; യൂറോപ്പിനെതിരെ 13 ഗോളുകള്‍; ഫൈനലിസമയിലെ കണക്കുകള്‍ ഇങ്ങനെ

1 Jun 2022 3:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസ്സി ആദ്യമായി ഇറ്റലിയെ നേരിടുന്നു; യൂറോപ്പിനെതിരെ 13 ഗോളുകള്‍; ഫൈനലിസമയിലെ കണക്കുകള്‍ ഇങ്ങനെ
X

കോപ്പാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും ഏറ്റുമുട്ടുന്നതിന്റെ ആവേശത്തിലാണ് ഫുട്‌ബോള്‍ ലോകം. രാത്രി 12.15- ന് വെംബ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം.വന്‍കര പോരില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ചരിത്രം ഇറ്റലിക്കൊപ്പമാണ്. 15 തവണയാണ് ഇരുവരും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ അസൂറികള്‍ ആറ് തവണ വിജയിച്ചു. അഞ്ച് തവണ വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. നാല് മത്സരങ്ങള്‍ സമനിലയിലായി.എന്നാല്‍ അവസാനം നടന്ന അഞ്ച് കളികളില്‍ മൂന്നെണ്ണത്തില്‍ വിജയം അര്‍ജന്റീനക്കായിരുന്നു. രണ്ട് മല്‍സരം സമനിലയായി. അര്‍ജന്റീനക്കെതിരെ ഇറ്റലി വിജയിച്ചിട്ട് 35 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏറ്റവും അവസാനമായി ഇറ്റലി അര്‍ജന്റീനയെ തോല്‍പ്പിച്ചത് 1987 ലാണ്. മറഡോണയുടെ അര്‍ജന്റീനയെ 3-1 നാണ് ഇറ്റലി ജയിച്ചത്.

അതേസമയം ലയണല്‍ മെസ്സി കരിയറില്‍ ഇതുവരെ ഇറ്റലിയുമായി ഏറ്റുമുട്ടിയിട്ടില്ല. മെസ്സി ഇന്റര്‍നാഷ്ണല്‍ കരിയര്‍ തുടങ്ങിയ ശേഷം അര്‍ജന്റീന രണ്ട് തവണ ഇറ്റലിയെ നേരിട്ടുട്ടെങ്കിലും പരുക്കു മൂലം മെസ്സി കളിച്ചിരുന്നില്ല.

ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെയുള്ള പിഎസ്ജി താരം എംബാപ്പേയുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മത്സരം നടക്കുന്നത്. അതിനാല്‍ എംബാപ്പേയുടെ പിഎസ്ജിയിലെ സഹതാരം മെസ്സിയിലേക്കാണ് ആരാധകരുടെ ശ്രദ്ധ. എംബാപ്പെക്കുള്ള മറുപടി കളിക്കളത്തില്‍ കൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 29 തവണ യൂറോപ്പിന്‍ ടീമുകള്‍ക്കെതിരെ മെസ്സി ബൂട്ടുകെട്ടിയിട്ടുണ്ട്. പത്ത് കളി ജയിച്ചപ്പോള്‍ 15 കളി പരാജയപ്പെട്ടു. 13 തവണ മെസ്സി യൂറോപ്പിന്‍ ടീമിനെതിരെ വല കുലുക്കി. അസൂറികള്‍ക്കെതിരെ വല കുലുക്കിയാല്‍ 10 യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ ഗോള്‍ കണ്ടെത്തിയ താരമാകും അര്‍ജന്റീനിയന്‍ ഫോര്‍വേഡ്. ജര്‍മനി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സെര്‍ബിയ,സ്‌പെയിന്‍, സ്വിസര്‍ലാന്റ്, ക്രയോഷ്യ,സ്ലോവേനിയ എന്നീ ടീമുകള്‍ക്കെതിരെ മെസ്സി ഗോള്‍ കണ്ടെത്തിയിട്ടുണ്ട്.

story highlights : Italy face Argentina in the inaugural Finalissima at Wembley

Next Story