Top

ഐ എസ് എല്ലില്‍ ഹൈദരബാദ് എഫ് സി ഗോവയെ തകര്‍ത്തെറിഞ്ഞു

3-2 നാണ് ഹൈദരബാദിൻറെ വിജയം

19 Feb 2022 11:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ എസ് എല്ലില്‍ ഹൈദരബാദ് എഫ് സി ഗോവയെ തകര്‍ത്തെറിഞ്ഞു
X

ഐ എസ് എല്ലില്‍ ഹൈദരബാദ് എഫ് സി ഗോവ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. മത്സരത്തില്‍ ഉടനീളം മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച വെച്ച ഗോവ ഗോളടിക്കാന്‍ മടികാണിച്ചപ്പോള്‍ ഹൈദരബാദ് കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കി മാറ്റി. ബാര്‍ത്തലോമിയോ ഒഗ്ബച്ചെയിലൂടെ 25ാം മിനുറ്റില്‍ മുന്നിലെത്തിയ ഹൈദരബാദിനെ 35ാം മിനുറ്റില്‍ മെന്റോസ നേടിയ ഗോളിലൂടെ ഗോവ സമനില പിടിച്ചെങ്കിലും 41ാം മിനുറ്റില്‍ ഓഗ്ബച്ചെയുടെ മികച്ച സ്‌ക്കില്‍ ഗോളിലൂടെ ഹൈദരബാദ് വീണ്ടും മുന്നിലെത്തി.

തോല്‍വിയുടെ ഭാരം മുന്നില്‍ കണ്ട് ഗോവന്‍ നിര രണ്ടാം പകുതിയില്‍ വളരെ നല്ല ഒത്തിണക്കത്തോടെ കളിച്ചെങ്കിലും, ക്യാപ്റ്റന്‍ വിക്റ്റർ 70ാം മിനുറ്റിൽ നേടിയ ഗോളിലൂടെ ഹൈദരബാദ് ലീടുയർത്തി. എന്നാല്‍ സര്‍വസന്നാഹവും ഉപയോഗിച്ച് ഗോവ വീണ്ടും കളിച്ചപ്പോള്‍ 73ാം മിനുറ്റില്‍ സബ്സ്റ്റിറ്റിയൂട്ടായിറങ്ങിയ ദേവേന്ദ്രയിലൂടെ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി മത്സരത്തിലേക്ക് തിരിച്ചു വരവിനായി ശ്രമിച്ചു. എന്നാല്‍ പിന്നീട് മുന്നില്‍ കിട്ടിയ വിജയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറപ്പോടെ ഹൈദരബാദ് നിര ഉണര്‍ന്നു കളിച്ചപ്പോള്‍ ഗോവന്‍ ടീമിന് ഈ മത്സരവും നിരാശ മാത്രമായി.

മത്സരത്തില്‍ രണ്ട് സൂപ്പര്‍ ഗോളുകള്‍ കണ്ടെത്തിയ ഓഗ്ബച്ചെ 51 ഗോളുകളുമായി ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി. മാത്രമല്ല ജയത്തോടെ ഹൈദരബാദ് എഫ് സി ഐ എസ് എല്‍ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 17 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റാണ് ഹൈദരബാദിന്റെ സമ്പാദ്യം. എന്നാല്‍ 18 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുള്ള ഗോവയ്ക്ക് ഈ സീസണിലെ നോക്കൗട്ട് സാധ്യതകളെല്ലാം അസ്തമിച്ചു. അടുത്ത മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സാണ് ഹൈദബാദിന്റെ എതിരാളികള്‍.

STORY HIGHLIGHTS: Hyderabad FC thrashes Goa in ISL

Next Story