Top

ഐ ലീഗില്‍ കപ്പിനരികെ ഗോകുലം; തോല്‍വിയറിയാതെ 20 മത്സരങ്ങള്‍; ഐഎസ്എല്‍ പ്രവേശനത്തിന് മലബാര്‍ ടീമും ?

ഗോകുലത്തിന്റെ അടുത്ത മത്സരം ഏഴിന് രാജസ്ഥാന്‍ എഫ് സിക്കെതിിരെയാണ്.

6 May 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ ലീഗില്‍ കപ്പിനരികെ ഗോകുലം; തോല്‍വിയറിയാതെ 20 മത്സരങ്ങള്‍; ഐഎസ്എല്‍ പ്രവേശനത്തിന് മലബാര്‍ ടീമും ?
X

സന്തോഷ് ട്രോഫിക്ക് പിന്നാലെ കേരളത്തിലെ ഫുട്‌ബോള്‍ ആരോധകര്‍ക്ക് ആഹ്ലാദിക്കാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. ഐ ലീഗില്‍ ഗോകുലം കേരളയുടെ ചാമ്പ്യന്‍ പട്ടം നാല് പോയിന്റ് മാത്രം അകലത്തിലാണ്. സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ബംഗാളായിരുന്നെങ്കില്‍ ഐ ലീഗില്‍ ഗോകുലത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് മുഹമ്മദന്‍സ് എഫ് സിയാണ്. എന്നാല്‍ 15 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയമുള്ള മുഹമ്മദന്‍സിന് 31 പോയന്റ് മാത്രമാണുള്ളത്. എന്നാല്‍ ഇത്രയും മത്സരങ്ങള്‍ തന്നെ കളിച്ച ഗോകുലത്തിന് 37 പോയന്റാണുള്ളത്. മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ നാല് പോയന്റുകള്‍ കൂടി നേടിയാല്‍ ഗോകുലത്തിന് എതിരാളികളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ തുടര്‍ച്ചയായി രണ്ടാം വട്ടവും ഐ ലീഗ് ചാമ്പ്യന്‍പട്ടം ഉറപ്പിക്കാം.

ഈ സീസണില്‍ പരാജയമറിയാത്ത ഗോകുലം ഐ ലീഗില്‍ തോല്‍വിയറിയാതെ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗോകുലത്തിന്റെ അടുത്ത മത്സരം ഏഴിന് രാജസ്ഥാന്‍ എഫ് സിക്കെതിിരെയാണ്. വെള്ളിയാഴ്ച മുഹമ്മദന്‍സ് ചര്‍ച്ചിലിനെ നേരിടും.

ഇത്തവണ ഐ ലീഗ് ചാമ്പ്യന്‍മാരെ ഐഎസ്എല്ലില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ടീമായി ഗോകുലം അടുത്ത ഐഎസ്എല്ലില്‍ പന്തുതട്ടാനുള്ള സാധ്യതയും ഇതോടെ വര്‍ധിക്കും. അതേസമയം ഐ ലീഗ് ചാമ്പ്യന്‍മാരുടെ ഐഎസ്എല്‍ പ്രവേശനം ഇത്തവണയുണ്ടാകുമോ എന്ന് വ്യക്തമല്ല. ഐ ലീഗ് ചാമ്പ്യന്‍മാരെ ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നെങ്കിലും പിന്നീട് പുരോഗതിയെന്നും ഉണ്ടായില്ല. ഈ മാസത്തോടെ ഐ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാകും. അതിനാല്‍ ഐ ലീഗ് ചാമ്പ്യന്മാരുടെ ഐഎസ്എല്‍ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത സീസണിലെ ഉണ്ടാകു എന്നാണ് അനൗദ്യോഗിക വിവരം. ചാമ്പ്യന്മാരായി ഐഎസ്എല്ലിലേക്ക് പ്രവേശിച്ചോളാം എന്നാണ് ഗോകുലത്തിന്റെ നിലപാട്.

Story Highlights: GOKULAM KERALA CLOSE TO ISL ENTRY

Next Story