തകര്‍പ്പന്‍ ജയം; പക്ഷേ ഐസ്വാളിനെ വീഴ്ത്തിയിട്ടും ഗോകുലം രണ്ടാമത് തന്നെ
രണ്ടാം പകുതിയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ളെച്ചറിന്റെ ഗോളുകളിലൂടെയാണ് ഗോകുലം വിജയം കുറിച്ചത്.
1 April 2022 3:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ സമനില കുരുക്കില്‍ നിന്നും മുക്തി നേടി ഗോകുലം എഫ്.സി. ഐസ്വാളിനെ ഒന്നിന് എതിരെ രണ്ടു ഗോളിനു പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ളെച്ചറിന്റെ ഗോളുകളിലൂടെയാണ് ഗോകുലം വിജയം കുറിച്ചത്.
ഇഞ്ചുറി ടൈമില്‍ ആയുഷ് ഛേത്രി ഐസ്വാളിനു വേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും, വിജയം ഗോകുലത്തിനു ഒപ്പമായിരിന്നു. ഗോകുലം എട്ടു കളികളില്‍ നിന്നും തോല്‍വി അറിയാതെ 18 പോയിന്റോടെ രണ്ടാം സ്ഥാനത്തു തുടരുന്നു. 19 പോയിന്റുള്ള മുഹമ്മദെന്സാണ് ലീഗില്‍ ഒന്നാമത്.
തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലത്തിനു ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുനെങ്കിലും ഗോള്‍ നേടുവാന്‍ കഴിഞ്ഞില്ല. കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ ഗോകുലത്തിന്റെ സ്ലോവേനിയന്‍ താരം ലുക്കാ മജ്സെന് ഒരു ഓപ്പണ്‍ ചാന്‍സ് കിട്ടിയെങ്കിലും പന്ത് പുറത്തേയ്ക്കു അടിച്ചു അവസരം കളഞ്ഞു.
എമില്‍ ബെന്നി, ജോര്‍ദാന്‍ ഫ്ളെച്ചര്‍, ജിതിന് എന്നിവര്‍ക്കും തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടുവാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോകുലത്തിനു വളരെ അധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും 63-ാം മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു ഗോകുലത്തിനു ആദ്യ ഗോള്‍ നേടുവാന്‍.
വലതു വിങ്ങിലൂടെ ഉള്ള ശ്രീകുട്ടന്റെ അക്രമണമായിരിന്നു ഗോളില്‍ കലാശിച്ചത്. ശ്രീക്കുട്ടന് ഐസ്വാള്‍ പ്രതിരോധതാരങ്ങളെ മറികടന്നു ഉതിര്‍ത്ത ഷോട്ട് പോസ്റ്റില്‍ തട്ടി ഫ്ളെച്ചറിന്റെ കാലുകളില്‍ കിട്ടുകയായിരിന്നു. ഫ്ളെച്ചര്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തു തട്ടിയിട്ടു ഗോകുലത്തിനു ആദ്യ ഗോള്‍ സമ്മാനിച്ചു .
രണ്ടാമത്തെ ഗോളിന് വഴിവെച്ചത് മിഡ്ഫീല്‍ഡര്‍ റിഷാദ് നീട്ടി കൊടുത്ത ബോളായിരിന്നു. പന്ത് സ്വീകരിച്ച ഫ്ളെച്ചര്‍ ഒറ്റയ്ക്ക് മുന്നേറി ഗോള്‍ നേടുകയായിരുന്നു. അവസാന നിമിഷത്തില്‍ ഐസ്വാള്‍ ഗോള്‍ മടക്കിയെങ്കിലും മിസോറം ടീമിന്റെ ഡിഫന്‍ഡര്‍ റോബര്‍ട്ട് ജൂനിയറിനു ചുവപ്പു കാര്‍ഡ് കിട്ടിയതു തിരിച്ചടിയായി. ഏപ്രില്‍ അഞ്ചിനു നടക്കുന്ന മത്സരത്തില്‍ ഗോകുലം ശ്രീനിധി ഡെക്കാന്‍ എഫ്.സിയെ നേരിടും.