Top

ഗോകുലം ഇന്ന് രാജസ്ഥാനെതിരേ; ലക്ഷ്യം ജയവും ഒന്നാം സ്ഥാനവും

ഇന്നു ജയിക്കാനായാല്‍ മുഹമ്മദന്‍സിനെ മറികടന്നു ഗോകുലത്തിന് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനാകും.

29 March 2022 8:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോകുലം ഇന്ന് രാജസ്ഥാനെതിരേ; ലക്ഷ്യം ജയവും ഒന്നാം സ്ഥാനവും
X

ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരള എഫ്.സി. ഇന്നു രാജസ്ഥാന്‍ യുണൈറ്റഡിനെതിരേ. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് 5:30 മുതലാണ് മത്സരം.

കഴിഞ്ഞ ആറു കളികളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഗോകുലം നിലവില്‍ 14 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. ഏഴു കളികളില്‍ നിന്ന് 16 പോയിന്റുമായി കൊല്‍ക്കത്തന്‍ വമ്പന്മാരായ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങാണ് ഒന്നാമത്. ഇന്നു ജയിക്കാനായാല്‍ മുഹമ്മദന്‍സിനെ മറികടന്നു ഗോകുലത്തിന് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനാകും. അതേസമയം ആറു കളികളില്‍ നിന്നും ഒമ്പതു പോയിന്റുമായി രാജസ്ഥാന്‍ ആറാം സ്ഥാനത്താണ്‌ഴ

സ്ലോവേനിയന്‍ താരം ലുക്കാ മജ്സെന്‍, മലയാളി താരം എം.എസ്. ജിതിന്‍, ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്‌ളെച്ചര്‍ എന്നിവര്‍ അടങ്ങുന്ന ആക്രമണ നിരയിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. എട്ടു ഗോളുകളുമായി ലൂക്കായും മൂന്ന് ഗോളുകളായി ജിതിനുമാണ് ഗോകുലത്തിന്റെ അക്രമണനിരയില്‍ തിളങ്ങുന്നത്. ഫ്ളെച്ചറിന് രണ്ടു ഗോളുകള്‍ ആണ് ഉള്ളത്. ഗോകുലം കീപ്പര്‍ രക്ഷിത് ദാഗറും മികച്ച പ്രകടനമാണ് ഇത് വരെ കാഴ്ചവെച്ചത്.

അതേസമയം രാജസ്ഥാന്‍ യുണൈറ്റഡിന്റെ ബലം പ്രതിരോധത്തിലാണ്. ആറു മത്സരങ്ങളില്‍ നിന്ന് ഇതുവരെ വെറും രണ്ടു ഗോളുകള്‍ മാത്രമേ രാജസ്ഥാന്‍ വഴങ്ങിയിട്ടുള്ളു. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള മുഹമ്മദന്‍സിനെ കഴിഞ്ഞ മത്സരത്തില്‍ ഗോകുലം സമനിലയില്‍ തളച്ചിരുന്നു. അന്ന് ജയിക്കാനായിരുന്നെങ്കില്‍ ഗോകുലത്തിനു നേരത്തെ തന്നെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്നു.

'രാജസ്ഥാന് എതിരെ ഗോള്‍ നേടുക ദുഷ്‌കരമായിരിക്കും. അവരുടെ സെന്റര്‍ ബാക്ക് ഡോസ് സാന്റ്റോസ് ലാ ലീഗയില്‍ കളിച്ച കളിക്കാരനാണ്. പക്ഷെ നമ്മുടെ ആക്രമണ നിരയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്,' ഗോകുലം കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.

Next Story