Top

സമനിലക്കുരുക്ക് അഴിക്കാന്‍ ഗോകുലം; നാളെ എതിരാളികള്‍ ഐസ്വാള്‍ എഫ്.സി.

സ്ലോവേനിയന്‍ താരം ലുക്കാ മജ്‌സെന്‍, മലയാളി താരം എം.എസ്. ജിതിന്‍, ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ളെച്ചര്‍ എന്നിവര്‍ അടങ്ങുന്ന ആക്രമണ നിരയിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ.

31 March 2022 4:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമനിലക്കുരുക്ക് അഴിക്കാന്‍ ഗോകുലം; നാളെ എതിരാളികള്‍ ഐസ്വാള്‍ എഫ്.സി.
X

ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടു സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഗോകുലം എഫ്.സി. നാളെ ഇറങ്ങുന്നു. പശ്ചിമ ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തില്‍ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.

ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ഗോകുലം ഏഴു മത്സരങ്ങളില്‍ നിന്നുമായി 15 പോയിന്റ് നേടിയിട്ടുണ്ട്. എന്നാല്‍ അവസാന രണ്ടു മത്സരങ്ങളില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങിനോടും രാജസ്ഥാന്‍ യുണൈറ്റഡ് എഫ്.സിയോടും തോല്‍വി വഴങ്ങേണ്ടി വന്നത് അവരെ അലട്ടുന്നുണ്ട്.

സ്ലോവേനിയന്‍ താരം ലുക്കാ മജ്‌സെന്‍, മലയാളി താരം എം.എസ്. ജിതിന്‍, ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ളെച്ചര്‍ എന്നിവര്‍ അടങ്ങുന്ന ആക്രമണ നിരയിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. എട്ടു ഗോളുകളുമായി ലൂക്കായും മൂന്ന് ഗോളുകളായി ജിതിനുമാണ് ഗോകുലത്തിന്റെ അക്രമണനിരയില്‍ തിളങ്ങുന്നത്. ഫ്‌ളെച്ചറിന് രണ്ടു ഗോളുകള്‍ ആണ് ഉള്ളത്. ഗോകുലം കീപ്പര്‍ രക്ഷിത് ദാഗറും മികച്ച പ്രകടനമാണ് ഇത് വരെ കാഴ്ചവെച്ചത്.

അതേസമയം, ഐസ്വാള്‍ തുടക്കത്തിലെ മോശം പ്രകടനം മറികടന്നു കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും വിജയം നേടിയിട്ടാണ് ഗോകുലത്തിനെ നേരിടുന്നത്. ലീഗില്‍ ഒമ്പതു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഐസ്വാള്‍ .

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ യൂണൈറ്റഡിനോട് സമനില ഗോകുലം വഴങ്ങിയിരിന്നു. ''സമനിലയില്‍ ഞങ്ങള്‍ തീരെയും തൃപ്തരല്ല. വിജയിക്കുവാന്‍ കഴിയുന്ന മത്സരമായിരിന്നു അത്. അടുത്ത മത്സരത്തില്‍ വിജയത്തോടെ തിരിച്ചു വരണം''- ഗോകുലം കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് -പറഞ്ഞു.




Next Story