Top

മൂന്നാമതും കരാര്‍ നിരസിച്ചു; ഗാവിയും അരാഹോയും ബാഴ്‌സ വിടാന്‍ ഉറച്ചുതന്നെ?

നേരത്തെ രണ്ടു തവണ മുന്നോട്ടു വച്ച കരാറില്‍ പറയുന്നതിലും കൂടുതല്‍ തുകയാണ് മൂന്നാം തവണ ക്ലബ് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തത്.

24 March 2022 11:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാമതും കരാര്‍ നിരസിച്ചു; ഗാവിയും അരാഹോയും ബാഴ്‌സ വിടാന്‍ ഉറച്ചുതന്നെ?
X

ഇതിഹാസ താരം ലയണല്‍ മെസി ക്ലബ് വിട്ടതിനു ശേഷം ഈ സീസണിന്റെ തുടക്കം മുതല്‍ കടുത്ത പ്രതിസന്ധി നേരിട്ട സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ തിരിച്ചുവരവിന് സഹായിച്ച താരങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച രണ്ടു പേരാണ് ഗാവിയും റൊണാള്‍ഡ് അരാഹോയും. ഇരുവരും ക്ലബില്‍ നിലനിര്‍ത്താനാണ് ബാഴ്‌സ മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

എന്നാല്‍ താരങ്ങള്‍ ക്ലബ് വിട്ടേക്കുമെന്ന സൂചനയാണ് സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കുന്നത്. കരാര്‍ പുതുക്കാനായി ബാഴ്‌സ മുന്നോട്ടു വച്ച ഓഫര്‍ ഇവര്‍ മൂന്നാം തവണയും തള്ളിക്കളഞ്ഞതോടെയാണ് ഇരുവരും അടുത്ത സീസണില്‍ ബാഴ്‌സയ്‌ക്കൊപ്പമുണ്ടാകാന്‍ ഇടയില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്.

നേരത്തെ രണ്ടു തവണ മുന്നോട്ടു വച്ച കരാറില്‍ പറയുന്നതിലും കൂടുതല്‍ തുകയാണ് മൂന്നാം തവണ ക്ലബ് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇരുതാരങ്ങളും മൂന്നാമതും വിസമ്മതമറിയിച്ചെന്നു സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെല്‍സി താരം ക്രിസ്റ്റന്‍സെന്‍, എസി മിലാന്‍ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസീ എന്നിവരുമായി ബാഴ്സലോണ കരാറില്‍ എത്തിയതും ഈ താരങ്ങളുടെ കരാര്‍ പുതുക്കല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. കെസീ കളിക്കുന്നത് ഗാവിയുടെ അതെ പൊസിഷനില്‍ ആണെന്നതും അരാഹോയെ പോലെ ക്രിസ്റ്റന്‍സെനും ഒരു സെന്റര്‍ ബാക്ക് ആണെന്നതും അവസരങ്ങള്‍ കുറയുമോയെന്ന ആശങ്ക ഈ താരങ്ങളില്‍ സൃഷ്ടിക്കുന്നുണ്ട്.

അതേസമയം അരാഹോയ്ക്കു വേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. ഗാവിക്കു വേണ്ടിയും യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഇരുതാരങ്ങളെയും കൊണ്ട് കരാര്‍ പുതുക്കാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.

Next Story