വെങ്ങറുടെ ശിപാര്‍ശയ്ക്കു ഭാഗിക അംഗീകാരം; രാജ്യാന്തര ബ്രേക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഫിഫ
ഇനി മുതല്‍ നവംബര്‍, മാര്‍ച്ച്, ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലാകും രാജ്യാന്തര ബ്രേക്കുകള്‍ വരിക.
9 April 2022 10:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആഗോള ഫുട്ബോള്‍ കലണ്ടറില്‍ രാജ്യാന്തര ബ്രേക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഫിഫ ഒരുങ്ങുന്നു. വര്‍ഷത്തില്‍ അഞ്ചു രാജ്യാന്തര ബ്രേക്ക് എന്ന രീതിയിലുള്ള നിലവിലെ കലണ്ടര്‍ മാറ്റി ഇനി നാലു ബ്രേക്കുകള്‍ മാത്രമാക്കി കുറയ്ക്കാനാണ് ഫിഫയുടെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്സണലിന്റെ മുന്‍ പരിശീലകന് ആഴ്സന്‍ വെങ്ങറുടെ ദീര്‍ഘകാലമായുള്ള ശിപാര്‍ശ ഭാഗികമായി അംഗീകരിക്കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.
നേരത്തെ ഈ ആവശ്യത്തിനു ബദലായി രണ്ടു നിര്‍ദേശങ്ങള്‍ ഫിഫ മുന്നോട്ടു വച്ചിരുന്നു. രാജ്യാന്തര മത്സരങ്ങളെല്ലാം ഒക്ടോബര്‍ മാസത്തില്‍ സംഘടിപ്പിക്കുകയെന്ന ആശയമായിരുന്നു ഒന്ന്. മാര്‍ച്ച്-ഒക്ടോബര്‍ മാസങ്ങളിലായി രണ്ടാഴ്ചകള്‍ വീതം മത്സരങ്ങള്‍ നടത്തുകയെന്നതായിരുന്നു മറ്റൊന്ന്.
എന്നാല്‍ വിവിധ രാജ്യങ്ങളുടെ ഫുട്ബോള്‍ അസോസിയേഷനുകള്‍ ഇതിനെ എതിര്‍ത്തു രംഗത്തു വന്നിരുന്നു. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ബുദ്ധിമുട്ടുണ്ടാക്കുമെന്നും രാജ്യാന്തര മത്സരങ്ങള്‍ക്കു പ്രസക്തി കുറയുമെന്നുമായിരുന്നു അവരുടെ ആരോപണം. ഇതോടെയാണ് രാജ്യാന്തര ബ്രേക്കിന്റെ എണ്ണം അഞ്ചില്‍ നിന്നു നാലാക്കി കുറയ്ക്കാന്‍ ഫിഫ തീരുമാനിച്ചത്. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ നവംബര്‍, മാര്‍ച്ച്, ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലാകും രാജ്യാന്തര ബ്രേക്കുകള്‍ വരിക. ഇതിനു എതിര്‍പ്പുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഫിഫ.
- TAGS:
- FIFA
- Football news
- Sports