Top

'ഗണ്ണേഴ്‌സിനെ തോല്‍പ്പിക്കാന്‍ കാസെമിറോയുടെ ആവശ്യമില്ല'; നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് എറിക് ടെന്‍ഹാഗ്

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് കാസെമിറോയ്ക്ക് ആഴ്‌സണലിനെതിരായ മത്സരം നഷ്ടമായിരുന്നു

19 Jan 2023 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗണ്ണേഴ്‌സിനെ തോല്‍പ്പിക്കാന്‍ കാസെമിറോയുടെ ആവശ്യമില്ല; നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് എറിക് ടെന്‍ഹാഗ്
X

മാഞ്ചസ്റ്റര്‍: മധ്യനിര താരം കാസെമിറോ ഇല്ലാതെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്‌സണലിനെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗ്. പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് കാസെമിറോയ്ക്ക് ആഴ്‌സണലിനെതിരായ മത്സരം നഷ്ടമായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോച്ച് എറിക് ടെന്‍ഹാഗ്.

കാസെമിറോ ഇല്ലാതെയും ആഴ്‌സണലിനെ തോല്‍പ്പിക്കാവുന്നതാണ് എന്നാണ് ടെന്‍ഹാഗ് പറഞ്ഞത്. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം കാസെമിറോ പ്രധാനപ്പെട്ട കളിക്കാരനാണ്. ഞങ്ങള്‍ ഈ സ്ഥാനത്ത് എത്തിയതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. പക്ഷേ കഴിഞ്ഞ തവണ ഞങ്ങള്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത് കാസെമിറോ ഇല്ലാതെയാണ്. ഞങ്ങള്‍ക്ക് അത് തന്നെ വീണ്ടും ചെയ്യേണ്ടിവരും.' അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയുടെ അധികസമയത്ത് മധ്യനിര താരം മൈക്കല്‍ ഒലിസെയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിലൂടെ ക്രിസ്റ്റല്‍ പാലസ് യുണൈറ്റഡിനെ സമനിലയില്‍ തളക്കുകയായിരുന്നു.

'ക്രിസ്റ്റല്‍ പാലസുമായുള്ള മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഞങ്ങള്‍ ജയിക്കുകയുമായിരുന്നു. പക്ഷേ ഒരൊറ്റ നിര്‍ഭാഗ്യ നിമിഷത്തില്‍ എല്ലാം നഷ്ടമായി. ഞങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സമയമില്ല. പരാജയം അംഗീകരിച്ചുകൊണ്ട് തന്നെ ആഴ്‌സണലിനെതിരെ ഏറ്റവും മികച്ച പദ്ധതി രൂപീകരിക്കേണ്ടതുണ്ട്.' ടെന്‍ഹാഗ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പാലസ് താരം വില്‍ഫ്രഡ് സാഹയെ ഫൗള്‍ ചെയ്തതിനായിരുന്നു കാസെമിറോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഇതോടെയാണ് ഞായറാഴ്ച ആഴ്‌സണലുമായുള്ള മത്സരം സസ്‌പെന്‍ഷന്‍ ലഭിച്ചത്. എന്നാല്‍ കാസെമിറോ ഇല്ലാതെയും ഗണ്ണേഴ്‌സിനെ തോല്‍പ്പിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ടെന്‍ഹാഗ്.

STORY HIGHLIGHTS: Erik ten Hag reminds Gunners that his side beat them without Casemiro

Next Story