'ഫുട്ബോള്‍ താരങ്ങള്‍ റൊബോട്ടുകളല്ല'; ആ താരം ടീമിലേക്ക് തിരിച്ചെത്താത്തതില്‍ എറിക് ടെന്‍ഹാഗ്
അടുത്ത മത്സരങ്ങളിലേക്ക് ശാരീരികവും മാനസികവുമായി തയ്യാറെടുത്ത് ഫോം വീണ്ടെടുക്കാനാണ് ജേഡന്‍ സാഞ്ചോ നെതര്‍ലന്‍ഡ്സില്‍ പരിശീലനത്തിനെത്തിയത്
6 Jan 2023 10:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിലെ മോശം കളിക്ക് ശേഷം മികച്ച പ്രകടനമാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുക്കുന്നത്. 17 മത്സരങ്ങളില്‍ നിന്നും 35 പോയിന്റുകളുമായി നിലവില്‍ പ്രീമിയര്‍ ലീഗിലെ നാലാം സ്ഥാനക്കാരാണ് യുണൈറ്റഡ്. എന്നാല്‍ യുണൈറ്റഡ് താരം ജേഡന്‍ സാഞ്ചോ ടീമിലേക്ക് തിരിച്ചെത്താത്തതിനെക്കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോച്ച് എറിക് ടെന്‍ഹാഗ്. ആരെയും ടീമിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിക്കാനാവില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നെതര്‍ലന്‍ഡ്സില്‍ വ്യക്തിഗത പരിശീലനം നടത്തുന്ന ഇംഗ്ലീഷ് യുവതാരം ജേഡന്‍ സാഞ്ചോ ടീമിനോപ്പം തിരിച്ചെത്താത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എറിക് ടെന്‍ഹാഗ്. 'ഫുട്ബോള്‍ താരങ്ങള്‍ റൊബോട്ടുകളല്ല. സാഞ്ചോ അവന്റെ അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. എന്നാല്‍ നമുക്ക് നിര്‍ബന്ധിക്കാനാവാത്ത ചില കാര്യങ്ങളുണ്ട്. ഇത് അതിലൊന്നാണ്.' ടെന്‍ഹാഗ് പറഞ്ഞു.
🗣 "Football players aren't robots."#MUFC manager Erik ten Hag given an update on Jadon Sancho. pic.twitter.com/spIybfbtp1
— United View (@unitedviewtv) January 5, 2023
ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും 2021 ലാണ് 22 കാരനായ സാഞ്ചോ യുണൈറ്റഡിലെത്തുന്നത്. ഡോര്‍ട്ട്മുണ്ടില്‍ 137 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകളും 64 അസിസ്റ്റുകളും നേടിയ സാഞ്ചോയ്ക്ക് യുണൈറ്റഡിന് വേണ്ടി 14 മത്സരങ്ങളിലായി മൂന്ന് ഗോളുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. അടുത്ത മത്സരങ്ങളിലേക്ക് ശാരീരികവും മാനസികവുമായി തയ്യാറെടുത്ത് ഫോം വീണ്ടെടുക്കാനാണ് താരം നെതര്‍ലന്‍ഡ്സില്‍ പരിശീലനത്തിനെത്തിയത്. ജനുവരി 14ന് മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.
STORY HIGHLIGHTS: Eric ten Hag comments on Manchester United star to make early return into line-up