'ഇതു പോര്‍ചുഗീസ് കൂടോത്രം'; ഇറ്റാലിയന്‍ ദുരന്തത്തില്‍ സോഷ്യല്‍ മീഡിയ
റോബര്‍ട്ടോ മാന്‍സിനിയുടെ കീഴില്‍ മിന്നുന്ന ഫോമില്‍ കളിച്ച് യൂറോ കപ്പ് നേടിയ ഇറ്റലിക്ക് യോഗ്യതാ റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങളില്‍ വഴങ്ങിയ സമനിലയാണ് തിരിച്ചടിയായത്.
25 March 2022 6:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ് മത്സരത്തില്‍ ദുര്‍ബലരായ നോര്‍ത്ത് മെസഡോണിയയോടു തോറ്റ് ഇറ്റലി പുറത്തായത് ഞെട്ടലോടെയാണ് ഫുട്ബോള്‍ ലോകം കണ്ടിരുന്നത്. മത്സരത്തിലുടനീളം കടുത്ത പ്രതിരോധമുയര്‍ത്തിയ മസഡോണിയ ഇന്‍ജുറി ടൈമില്‍ 92-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ഇറ്റലിയെ കെട്ടുകെട്ടിച്ചത്.
അലക്സാണ്ടര്‍ ട്രൈകോവ്സ്കിയാണ് അവരുടെ വിജയഗോള്‍ നേടിയത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും യോഗ്യത നേടാന്‍ കഴിയാതെ ഇറ്റലി പുറത്തായി. റോബര്‍ട്ടോ മാന്‍സിനിയുടെ കീഴില്‍ മിന്നുന്ന ഫോമില്‍ കളിച്ച് യൂറോ കപ്പ് നേടിയ ഇറ്റലിക്ക് യോഗ്യതാ റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങളില്‍ വഴങ്ങിയ സമനിലയാണ് തിരിച്ചടിയായത്.
ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ അവര്‍ പ്ലേ ഓഫിലേക്കു വീഴുകയായിരുന്നു. പ്ലേ ഓഫ് ആദ്യ മത്സരത്തില്‍ നോര്‍ത്ത് മസെഡോണിയയെ എതിരാളികളായി ലഭിച്ചപ്പോഴും ആരാധകര്‍ക്ക് ആശങ്കകളില്ലായിരുന്നു. ഏവരും പോര്‍ചുഗലുമായി ഏറ്റുമുട്ടേണ്ടി വരുന്നതിനേക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. ലോകകപ്പിന് യോഗ്യത നേടാന്‍ ഇറ്റലിയെ തോല്പിക്കണമെന്ന കടുത്ത കടമ്പയായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും ഉണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഏവരെയും അമ്പരപ്പിച്ച് മസെഡോണിയക്കാരുടെ മുന്നില്‍ കീഴടങ്ങി അസൂറിപ്പട ലോകകപ്പ് കാണാതെ പുറത്തായിരിക്കുകയാണ്. ഇറ്റലിയുടെ തോല്‍വിയില്‍ സോഷ്യല്‍ മീഡിയ വ്യത്യസ്തമായാണ് പ്രതികരിച്ചത്. ഇറ്റാലിയന്‍ ഫുട്ബോളിന്റെ അപ്രവചനാതീത സ്വഭാവത്തെ ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഇറ്റലിയുടെ തോല്‍വിയെ പരിഹസിക്കുകയും അതില്‍ ആഹ്ളാദിക്കുകയും ചെയ്യുന്നുണ്ട്.
പോര്‍ചുഗലിന്റെ ഇംഗ്ലണ്ടിന്റെയും ആരാധകരാണ് അവര്‍. സ്വന്തം മണ്ണില്‍ നടന്ന യൂറോ കപ്പ് ഫൈനലില്‍ തങ്ങളെ തോല്പിച്ച് കിരീടം നേടിയ ഇറ്റലിയുടെ തോല്‍വി ഇംഗ്ലീഷ് ആരാധകര്‍ കൊണ്ടാടുകയാണ്. യൂറോ കപ്പ് നേടിയ ശേഷം 'ഇറ്റ്സ് കമിങ് ഹോം' എന്നു പറഞ്ഞു ഇംഗ്ലീഷുകാരെ കളിയാക്കിയ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് ഇംഗ്ലീഷ് ആരാധകര്‍. 'ഇറ്റ്സ് കമിങ് ഹോം' എന്ന ഹാഷ്ടാഗില് ഇറ്റലിയെ പരിഹസിച്ചു നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അതേസമയം പോര്‍ചുഗല്‍ നടത്തിയ 'കൂടോത്രം' ആണ് ഇറ്റലിയെ പുകച്ച് പുറത്തു ചാടിച്ചതെന്നു പരിഹസിക്കുന്നവരുമുണ്ട്.