Top

മറഡോണയുടെ മരണം ; എട്ട് മെഡിക്കല്‍ സ്റ്റാഫുകള്‍ വിചാരണ നേരിടണം

23 Jun 2022 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറഡോണയുടെ മരണം ; എട്ട് മെഡിക്കല്‍ സ്റ്റാഫുകള്‍ വിചാരണ നേരിടണം
X

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്. മറഡോണയുടെ പരിചാരകരായ എട്ട് പേരാണ് കോടതിയില്‍ വിചാരണ നേരിടേണ്ടത്. വിചാണയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. തലച്ചോറിലെ ശസത്രക്രിയക്ക് ശേഷം വിശ്രമിച്ചിരുന്ന മറഡോണയോട് പരിചാരകര്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പരിചാരകരുടെ നിരുത്തരവാദിത്തം മറഡോണയെ മരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പ്രോസിക്യൂട്ടറുടെ വാദം.

ന്യൂറോ സര്‍ജനും കുടുംബ ഡോക്ടര്‍മാരുമായ ലിയോപോള്‍ഡോ ലുക്ക്, സൈക്കാട്രിസ്റ്റ് അഗസ്റ്റിന കൊസച്ചോവ്, സൈക്കോളിജിസ്റ്റ് കാര്‍ലോസ് ഡയസ്, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍, നാന്‍സി ഫോര്‍ലിനി, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ എന്നിവരാണ് വിചാരണ നേരിടേണ്ടി വരുക. എട്ട് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ് ഇവരുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ വിചാരണ നേരിടുക.

മറഡോണയെ കൃത്യമായ സമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 12 മണിക്കൂറോളം മറഡോണ വേദനയുടെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നു. അരമണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് എത്തിയതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2020 നവംബര്‍ 25-നാണ് മറഡോണ മരണപ്പെട്ടത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ചക്കു ശേഷമാണ് മറഡോണ മരിച്ചത്.

story highlights : Eight Medical Staff To Be Tried For Maradona Death

Next Story