Top

മെസിയെ കഴുത്തിനു പിടിച്ചു നിര്‍ത്തി, സെല്‍ഫിയെടുത്തു; ജീവിതം ധന്യമായെന്ന് ഇക്വഡോര്‍ ആരാധകന്‍

ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തിന്റെ അവസാന റൗണ്ടില്‍ ഇക്വഡോറിനെതിരായ മത്സരത്തിനു ശേഷമാണ് സംഭവം.

1 April 2022 12:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസിയെ കഴുത്തിനു പിടിച്ചു നിര്‍ത്തി, സെല്‍ഫിയെടുത്തു; ജീവിതം ധന്യമായെന്ന് ഇക്വഡോര്‍ ആരാധകന്‍
X

തങ്ങളുടെ പ്രിയ താരങ്ങളെ സമീപത്തു നിന്ന് ഒരു നോക്ക് കാണാനും അവരുടെ ഒരു ഓട്ടോഗ്രാഫ് സ്വന്തമാക്കാനും അവര്‍ക്കൊപ്പം നിന്ന് ഒരു സെല്‍ഫിയെടുക്കാനും ആരാധകര്‍ ഗ്രൗണ്ടുകളിലേക്ക് അതിക്രമിച്ചു കയറുന്നത് ഫുട്‌ബോളിലും ക്രിക്കറ്റിലുമൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ആരാധന മൂത്ത് തന്റെ ഇഷ്ടതാരത്തെ ബലമായി കഴുത്തിനുകുത്തിപ്പിടിച്ചു നിര്‍ത്തി സെല്‍ഫിയെടുത്താലോ?

അത്തരമൊരു 'സ്‌നേഹപ്രകടനത്തിനാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം വിധേയനായത്. ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തിന്റെ അവസാന റൗണ്ടില്‍ ഇക്വഡോറിനെതിരായ മത്സരത്തിനു ശേഷമാണ് സംഭവം.

മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരം അവസാനിച്ചതിനു തൊട്ടുപിന്നാലെ ഗ്യാലറിയില്‍ നിന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ഇക്വഡോര്‍ ആരാധകന്‍ ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു മെസിയുടെ സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു.

താരത്തിനു സമീപമെത്തിയ ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തും മുമ്പേ സെല്‍ഫിയെടുക്കാന്‍ മെസിയെ കഴുത്തില്‍ ബലമായി കുത്തിപ്പിടിച്ചു തന്നോടു ചേര്‍ത്തുനിര്‍ത്തുകയായിരുന്നു. ആരാധകന്റെ ഈ പെരുമാറ്റത്തില്‍ മെസി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.

ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ആരാധകനെ ബലമായി ഗ്രൗണ്ടില്‍ നിന്നു നീക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ആരാധകന്‍ മെസിക്കൊപ്പമുള്ള സെല്‍ഫിയും വീഡിയോയും ചിത്രീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇതു പുറത്തുവിടുകയും ചെയ്തു.

''ഈ ലോകത്ത് നിങ്ങള്‍ ഒരിക്കലേ ജീവിക്കൂ... എന്നെ സംബന്ധിച്ച് ആ 'ഒരിക്കല്‍' എന്നതു തന്നെ ധന്യമായി... കാരണം ഞാന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരത്തെ അടുത്തു കണ്ടു. നന്ദി മെസി... താങ്കളുടെ മികച്ച ഫുട്‌ബോള്‍ കൊണ്ട് ഈ വര്‍ഷങ്ങളത്രയും എനിക്ക് ആഹ്‌ളാദം പകര്‍ന്നതിന്. ഞാന്‍ താങ്കളെയും ഈ ഗെയിമിനെയും സ്‌നേഹിക്കുന്നു''- എന്ന കുറിപ്പോടെയായിരുന്നു ആരാധകന്‍ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ഇതു വൈറലാകുകയും ചെയ്തു.

Next Story