ആ തോല്‍വി ഒരു പ്രശ്നമല്ല; ഏറെ കിരീടങ്ങള്‍ നേടിത്തന്ന ദെഷാംപ്സിനെ നിലനിര്‍ത്താന്‍ ഫ്രെഞ്ച് തീരുമാനം
ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് ശേഷം ദെഷാംപ്സ് പരിശീലക സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2026 വരെ പരിശീലകനായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു
7 Jan 2023 2:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാരിസ്: ഫ്രെഞ്ച് ദേശിയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് 2026 ലോകകപ്പ് വരെ ടീമിനൊപ്പം തുടരും. ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് ശേഷം ദെഷാംപ്സ് പരിശീലക സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2026 വരെ പരിശീലകനായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഫ്രെഞ്ച് ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. 'ഫ്രെഞ്ച് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ദിദിയര്‍ ദെഷാംപ്സ് 2026 വരെ ടീമിനൊപ്പം തുടരുമെന്ന് ഫ്രെഞ്ച് ഫുട്ബോള്‍ ഫെഡറേഷനും പ്രസിഡന്റായ നോയല്‍ ലെ ഗ്രേറ്റും സന്തോഷപൂര്‍വം അറിയിക്കുന്നു' എന്നാണ് ഫ്രെഞ്ച് ഫുട്ബോള്‍ അസോസിയേഷന് ട്വിറ്ററില്‍ കുറിച്ചത്. ഫ്രെഞ്ച് ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായ ഗൈ സ്റ്റെഫാന്‍, ഗോള്‍ കീപ്പിംഗ് കോച്ച് ഫ്രാങ്ക് റാവോട്ട്, ഫിസിക്കല്‍ ട്രെയിനര്‍ സിറില്‍ മൊയിന്‍ എന്നിവരുടെ കരാറും ദെഷാംപ്സിനൊപ്പം നീട്ടിയിട്ടുണ്ട്.
La Fédération Française de Football et Noël Le Graët, son président, sont heureux d'annoncer la prolongation de 𝗗𝗶𝗱𝗶𝗲𝗿 𝗗𝗲𝘀𝗰𝗵𝗮𝗺𝗽𝘀 à la tête de l'Équipe de France jusqu'au mois de juin 𝟮𝟬𝟮𝟲 ✍️
— Equipe de France ⭐⭐ (@equipedefrance) January 7, 2023
➡️ https://t.co/4CawVszXsS#FiersdetreBleus pic.twitter.com/W2YV4bOVf3
ലോറന്റ് ബ്ലാങ്കിന്റെ പകരക്കാരനായി 2012ലാണ് ദിദിയര്‍ ദെഷാംപ്സ് ഫ്രെഞ്ച് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ദെഷാംപ്സിന്റെ കീഴില്‍ 139 മത്സരങ്ങളാണ് ഫ്രഞ്ചുപട പൂര്‍ത്തിയാക്കിയത്. അതില്‍ 89 ജയങ്ങളും 22 പരാജയങ്ങളും 28 സമനിലകളും നേടി. ഫ്രാന്‍സ് 2016 യൂറോ കപ്പ് റണ്ണറപ്പുകളായതും 2018ല്‍ ലോകകപ്പ് നേടിയതും ദെഷാംപ്സിന്റെ കീഴിലാണ്. കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടാനും ഖത്തര്‍ ലോകകപ്പില്‍ റണ്ണറപ്പുകളാകാനും ഫ്രാന്‍സിന് സാധിച്ചു. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് 2026ലെ ലോകകപ്പ് നടക്കുന്നത്.
STORY HIGHLIGHTS: Didier Deschamps to remain France coach till 2026